❝ ഡച്ച് സൂപ്പർ താരം അടുത്ത സീസണിൽ ക്യാമ്പ് നൗവിൽ പന്ത് തട്ടും❞

ലിവർപൂളിന്റെ ഡച്ച് ക്യാപ്റ്റൻ ജോർജീനിയോ വൈനാൾഡത്തെ അവസാന നിമിഷം കൈവിട്ട ബാഴ്സലോണ മറ്റൊരു ഡച്ച് സൂപ്പർ താരത്തെ സ്വന്തമാക്കി . ലിയോൺ താരം മെംഫിസ് ഡിപായ് ആണ് ബാഴ്സലോണ ടീമിലെത്തിച്ചിരിക്കുന്നത്. ഡിപ്പായിയെ താരമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ച ബാഴ്സ മൂന്ന് വർഷത്തെ കരാർ ആകും ഒപ്പുവെക്കുക.ഈ മാസം അവസാനം ലിയോണുമായുള്ള കരാർ അവസാനിച്ച ഡച്ച് താരത്തിനെ ഫ്രീ ട്രാൻസ്ഫറിലാണ് ബാഴ്സ സ്വന്തമാക്കിയത്.ബാഴ്സലോണ കഴിഞ്ഞ സീസൺ മുതൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന താരമാണ് മെംഫിസ് ഡിപായ്.

ഈ സീസണോടെ ലിയോൺ വിടും എന്നും ഡിപായ് നേരത്തെ പറഞ്ഞിരുന്നു. ഡച്ച് ദേശീയ ടീമിന്റെ ചുമതലയുള്ളപ്പോൾ ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ് കൂമാനോപ്പം പ്രവർത്തിച്ചിട്ടുള്ള ഡിപായ് അദ്ദേഹത്തിന്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ്.കൂമാന് കീഴിൽ കളിച്ച കളിച്ച 18 മത്സരങ്ങളിൽ 11 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഇപ്പോൾ ഹോളണ്ടിനൊപ്പം യൂറോ കപ്പിൽ കളിക്കുകയാണ് ഡിപായ്. സെർജിയോ അഗ്യൂറോയ്ക്കും എറിക് ഗാർസിയയ്ക്കും ശേഷം ഈ സീസണിൽ സൗജന്യ ട്രാൻസ്ഫറിൽ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് ഡിപായ്. റയൽ ബെറ്റിസിൽ നിന്ന് റൈറ്റ് ബാക്ക് എമേഴ്സണെയും ബാഴ്സ ടീമിലെത്തിച്ചിരുന്നു.

യൂറോ 2020 ൽ ഓസ്ട്രിയയ്‌ക്കെതിരെ ഹോളണ്ട് 2-0 ന് ജയിച്ച മത്സരത്തിൽ ഡിപായ് പെനാൽറ്റിയിൽ നിന്നും ഒരു ഗോൾ നേടിയിരുന്നു.ആ മത്സരം കാണാൻ ആംസ്റ്റർഡാമിൽ കാണികളിൽ ഒരാളായി കൂമാനും ഉണ്ടായിരുന്നു. 27 കാരനെ 25 മില്യൺ യൂറോ നൽകി കഴിഞ്ഞ സീസണിൽ ബാഴ്സ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നു എന്നാൽ കരാർ കഴിയുന്നത് വരെ കാത്തിരിക്കാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു. അവസാന കുറേ കാലമായി ഗംഭീര ഫോമിലാണ് ഡിപായ് കളിക്കുന്നത്. ഒരു സീസൺ മുമ്പ് ലിയോണിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ എത്തിക്കുന്നതിൽ വലിയ പങ്ക് ഡിപായ് വഹിച്ചിരുന്നു. അവസാന വർഷങ്ങളിൽ ലിയോണിന്റെ ഏറ്റവും മികച്ച താരമായിരുന്നു ഡിപായ്. കഴിഞ്ഞ സീസണിൽ ലിയോണിനായി 38 കളികളിൽ നിന്ന് 20 ഗോളുകൾ നേടിയ ഡെപെയ്, നെതർലാൻഡിനായി തന്റെ അവസാന നാല് മത്സരങ്ങളിൽ അഞ്ചു ഗോളുകളും നേടി.

ബാഴ്സയിൽ ടീമിൽ സ്ഥാനം നിലനിർത്തണമെങ്കിൽ സെർജിയോ അഗ്യൂറോ, ഗ്രീസ്മാൻ എന്നിവർക്കൊപ്പം കടുത്ത മത്സരം തന്നെ ഡച്ച് താരം നേരിടേണ്ടി വരും. മുൻ പി‌എസ്‌വി, മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ 27 കാരൻ 2017 ൽ ലിയോണിൽ എത്തിയതിനു ശേഷം ക്ലബിനായി 178 മത്സരങ്ങളിൽ നിന്ന് 76 ഗോളുകൾ നേടിയിട്ടുണ്ട്. ഹോളണ്ടിനു വേണ്ടിയും ഗംഭീര പ്രകടനമാണ് ഡിപായ് ഇപ്പോൾ നടത്തുന്നത്.