“ധോണിക്കെതിരെ കടുത്ത ആരോപണവുമായി ജഡേജ, ധോണി ഇപ്പോഴും സിഎസ്കെ ക്യാപ്റ്റൻസി ചുമതല നോക്കുന്നത് ശരിയല്ല” | IPL 2022

ഐ‌പി‌എൽ 2022 ൽ ഇതിനോടകം കളിച്ച രണ്ട് മത്സരങ്ങളിലും നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് തോറ്റതിന് പിന്നാലെ, മുൻ സിഎസ്കെ നായകൻ എംഎസ് ധോണിയെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് മുൻ ഇന്ത്യൻ ബാറ്റർ അജയ് ജഡേജ രംഗത്തെത്തി.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ സിഎസ്കെ തോറ്റതിന് പിന്നാലെയാണ് രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റൻസി അധികാരത്തിൽ ധോണി ഇടപെടുന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാണിച്ച് അജയ് ജഡേജ രംഗത്തെത്തിയത്. കളിയിലെ നേതൃത്വപരമായ തീരുമാനങ്ങൾ നിയുക്ത നായകൻ രവീന്ദ്ര ജഡേജയ്ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നാണ് മുൻ ഇന്ത്യൻ താരത്തിന്റെ അഭിപ്രായം.

2008ലെ ഐപിഎൽ ഉദ്ഘാടന പതിപ്പ് മുതൽ സിഎസ്‌കെയുടെ ക്യാപ്റ്റനായിരുന്ന ധോണി, ഐപിഎൽ 2022 ആരംഭിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് ആ റോളിൽ നിന്ന് പടിയിറങ്ങിയത്. തുടർന്ന്, സിഎസ്കെ നായക പദവി ജഡേജയ്ക്ക് കൈമാറി. 33-കാരൻ ഈ റോളിൽ പുതിയതായതുകൊണ്ട് തന്നെ, ഇന്ത്യൻ ഓൾറൗണ്ടറുടെ ക്യാപ്റ്റൻസി എങ്ങനെയാവും എന്ന ആകാംക്ഷയിലായിരുന്നു ആരാധകരും ക്രിക്കറ്റ്‌ ലോകവും.

എന്നാൽ, സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരത്തിന്റെ ക്യാപ്റ്റൻസി ഫലവത്തായിരുന്നില്ല.ഇതോടെ, ജഡേജയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്നു. എന്നാൽ, ജഡേജയിൽ നിന്ന് ധോണി നായകന്റെ ചുമതല ഏറ്റെടുത്തു എന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് അജയ് ജഡേജ. “അത് തെറ്റാണ്, അതിൽ യാതൊരു സംശയവുമില്ല. നോക്കൂ, ധോണിക്ക് എന്നെക്കാൾ വലിയ ആരാധകനില്ല, എന്നാൽ അത് അദ്ദേഹത്തിന്റെ സ്വഭാവമാണ്,” ജഡേജ ക്രിക്ക്ബസിൽ പറഞ്ഞു.

“ഗ്രൂപ്പിലെ അവസാന മത്സരമായിരുന്നു ഇതെങ്കിൽ, സാഹചര്യം കണക്കിലെടുത്ത് ധോണി നായകന്റെ ചുമതലകൾ ഏറ്റെടുത്തിരുന്നെങ്കിൽ എനിക്ക് അത്ഭുതപ്പെടാനൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ലീഗിലെ രണ്ടാമത്തെ മത്സരം മാത്രമാണിത്. ഞാൻ ഇത് പറയുന്നത് രവീന്ദ്ര ജഡേജ ആയതുകൊണ്ടല്ല. അത് ഏതൊരാളായാലും ധോണിയുടെ പ്രവർത്തി അയാളുടെ ആത്മശ്വാസം കെടുത്തും. ധോണി വളരെ വലിയ കളിക്കാരനാണ്, എന്നാൽ ഇന്ന് ഞാൻ കണ്ടത് എനിക്ക് ഇഷ്ടപ്പെട്ടില്ല,” അജയ് ജഡേജ പറഞ്ഞു.