“ഐപിഎൽ മത്സരത്തിനിടെ ഫുട്ബോൾ സ്കിൽ പുറത്തെടുത്ത് ധോണി” |IPL 2022

ഐപിഎൽ 2022 ലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയം സ്വന്തമാക്കി.കഴിഞ്ഞ ഐപിൽ ഫൈനലിലെ തോൽവിക്ക് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനോട് പകവീട്ടാൻ കൊൽക്കത്ത ടീമിന് സാധിച്ചപ്പോൾ പുത്തൻ നായകന്റെ കീഴിൽ ജയിക്കാനും അവർക്ക് സാധിച്ചു.. രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിൽ ഇറങ്ങിയ സിഎസ്‌കെക്ക് ഇത് ഒരു പതിയ തുടക്കമായിരുന്നു. മത്സരത്തിൽ, ടോസ് നേടിയ കെകെആർ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

തുടർന്ന് ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്കെ ഒരു ഘട്ടത്തിൽ 61/5 എന്ന നിലയിൽ ചുരുങ്ങിയപ്പോൾ, എംഎസ് ധോണിയും രവീന്ദ്ര ജഡേജയും തമ്മിലുള്ള കൂട്ടുകെട്ട് സ്‌കോർ ബോർഡിൽ സിഎസ്കെയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു.38 പന്തിൽ നിന്ന് പുറത്താകാതെ 50 റൺസ് നേടിയ എംഎസ് ധോണി സീസണിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ഫോം പുറത്തെടുത്തത് ആരാധകർക്ക് ആവേശം സമ്മാനിച്ചു. തുടർന്ന്, കെ‌കെ‌ആർ ഇന്നിംഗ്‌സിനിടെ തന്റെ സോക്കർ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് ധോണി മറ്റൊരു ശ്രദ്ധേയമായ നിമിഷം സൃഷ്ടിച്ചു.

അജിങ്ക്യ രഹാനെക്കെതിരെ ആദം മിൽനെ എറിഞ്ഞ നാലാം ഓവറിലെ അഞ്ചാം പന്തിൽ, ഓഫ് സ്റ്റമ്പിന് പുറത്ത് ഒരു ഗുഡ്-ലെംഗ്ത്ത് ഡെലിവറിക്കെതിരെ രഹാനെ സ്ലോഗ് കളിക്കാൻ ശ്രമിച്ചു. എന്നാൽ, ഷോട്ട് പിഴച്ചതോടെ ബോൾ എംഎസ് ധോണിയുടെ കാലിലേക്ക് വരികയും, ധോണി ആ ബോൾ തന്റെ കാലുകൊണ്ട് ജഗിൾ ചെയ്ത് നിയന്ത്രിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ടിവി റിപ്ലൈകളിൽ വ്യക്തമായി കാണിക്കുകയും ചെയ്തു.

നേരത്തെ, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ ധോണി (50) യുടെ പിൻബലത്തിൽ 20 ഓവറിൽ 131 റൺസ് കണ്ടെത്തിയിരുന്നു. . കെകെആറിന് വേണ്ടി ഓപ്പണർ അജിങ്ക്യ രഹാനെ 44 റൺസ് നേടി.40 വർഷവും 262 ദിവസവും പ്രായമുള്ള ധോണി ഐപിഎല്ലിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ്. 40 വർഷവും 116 ദിവസവും പ്രായമുണ്ടായിരുന്നപ്പോൾ 2013-ൽ രാഹുൽ ദ്രാവിഡ്‌ നേടിയ നേട്ടമാണ് ധോണി മറികടന്നത്.