വമ്പൻ തിരിച്ചു വരവിനായി ചെന്നൈ സൂപ്പർ കിങ്‌സ് ; ഐപിഎല്ലിൽ ധോണിയെ കാത്ത് 3 റെക്കോർഡുകൾ

ഐപിഎൽ 2020 അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് ചെറിയ നിരാശയുണ്ടായിരുന്നു. ധോണിയുടെ നേതൃത്വത്തിലുള്ള ടീം ആ സീസണിൽ നോക്കൌട്ട് കാണാതെയാണ് പുറത്തായത്.ആദ്യമായാണ് പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്താവുന്നത് എന്നാൽ 2021ൽ ഗംഭീര തിരിച്ചുവരവ് നടത്തി. പാതിവഴിയിൽ നിർത്തുമ്പോൾ കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണവും ടീം ജയിച്ചു. മാത്രമല്ല, പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തുമെത്തിയിരുന്നു. സീസൺ പുനരാരംഭിക്കുമ്പോൾ നായകൻ ധോണിയെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് റെക്കോർഡുകൾ അറിയാം.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ചിട്ടുള്ളത് എംഎസ് ധോണിയാണ്. 195 മത്സരങ്ങളിലാണ് അദ്ദേഹം നായകനായത്. അഞ്ച് മത്സരങ്ങൾ കൂടി ക്യാപ്റ്റനായാൽ 200 മത്സരങ്ങളെന്ന നേട്ടം ധോണിക്ക് സ്വന്തമാവും.

ഐപിഎല്ലിൽ ചെന്നൈയുടെ നായകൻ എന്നതിന് പുറമെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായിരുന്നു ധോണി. പ്രഥമ ടി20 ലോകകപ്പ് വിജയത്തിലേക്കും അദ്ദേഹം ഇന്ത്യയെ നയിച്ചു. 291 മത്സരങ്ങളിലാണ് ധോണി നിലവിൽ ആകെ നായകനായിട്ടുള്ളത്. ഇത്തവണ 9 ഐപിഎൽ മത്സരങ്ങളിൽ ക്യാപ്റ്റനായാൽ 300 മത്സരങ്ങളെന്ന നേട്ടത്തിലേക്ക് ധോണിയെത്തും.

ടി20 ക്രിക്കറ്റിൽ 7000 റൺസ് തികയ്ക്കാൻ ധോണിക്ക് ഇനി 142 റൺസ് കൂടിയാണ് വേണ്ടത്. ഇത് വരെ 338 മത്സരങ്ങളിൽ നിന്ന് 6858 റൺസാണ് ധോണി നേടിയിട്ടുള്ളത്. ടി20 ക്രിക്കറ്റിൽ റൺസിൻെറ കാര്യത്തിൽ ധോണിക്ക് മുകളിലുള്ളത് 5 ഇന്ത്യൻ ബാറ്റ്സ്മാൻമാരാണ്. 9929 റൺസുമായി വിരാട് കോലിയാണ് ഒന്നാം സ്ഥാനത്തുള്ളത്.