❝ മറഡോണയുടെ ചരിത്രത്തിൽ ഇടം പിടിച്ച ഗോളുകൾക്ക് 35 വയസ്സ് ❞

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം നടന്നിട്ട് ഇന്നേക്ക് 35 വര്ഷം തികയുകയാണ്.1986 ജൂൺ 22 ന് മെക്സിക്കോ ലോക കപ്പിൽ ആസ്ടെക് സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തിയ മത്സരത്തിലാണ് ലോകത്തെ പിടിച്ചു കുലുക്കിയ രണ്ടു ഗോൾ പിറന്നത്. രണ്ടു ഗോൾ നേടിയതാവട്ടെ ഒരു കാലത്ത് ലോക ഫുട്ബോളിനെ തന്റെ കാൽകീഴിലാക്കിയ അർജന്റീനിയൻ ഇതിഹാസം ഡീഗോ മറഡോണ. അര്ജന്റീനയെ തന്റെ വ്യക്തിഗത മികവ് കൊണ്ട് കിരീടത്തിൽ മുത്തമിടീച്ച മറഡോണ എന്തുകൊണ്ടാണ് തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കുന്നു എന്നതിനുള്ള ഉത്തരം കൂടിയയായിരുന്നു 1986 ലെ വേൾഡ് കപ്പ് കിരീടം .

ക്വാർട്ടറിൽ മറഡോണ നേടിയ രണ്ടു ഗോളുകളും ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. 3 മിനിറ്റും 49 സെക്കൻഡും വ്യത്യാസത്തിലാണ് മറഡോണയുടെ ചരിത്രത്തിൽ ഇടം പിടിച്ച രണ്ടു ഗോളുകളും പിറന്നത് .“ദൈവത്തിന്റെ കൈ” കൊണ്ടുള്ള ഗോൾ 51 ആം മിനുട്ടിലും “നൂറ്റാണ്ടിന്റെ ഗോൾ ” പിറന്നത് 55 ആം മിനുട്ടിലും.ഫുട്ബോൾ ചരിത്രത്തിലെ അവിസ്മരണീയമായ രണ്ട് ഗോളുകൾ ഒരു മത്സരത്തിൽ തന്നെ കാണാൻ ആരധകർക്കായി.അർജന്റീന ദേശീയ ടീമിന്റെയും മറഡോണയുടെയും ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ മത്സരത്തെ കുറിച്ച് ആയിരക്കണക്കിന് ലേഖനങ്ങൾ, വീഡിയോകൾ, ചിത്രങ്ങൾ, കഥകൾ, പുസ്തകങ്ങൾ പോലും ഉണ്ട്. ആ മത്സരത്തെ ബന്ധപ്പെട്ട എന്തെങ്കിലും കാണുമ്പോഴോ കേൾക്കുമ്പോഴോ ആരാധകരിൽ ഇപ്പോഴും വികാരങ്ങൾ ഉണരാറുണ്ട്.

1986 ലെ ലോകകപ്പ് എത്തുമ്പോൾ കരിയറിലെ ഏറ്റവും ഉയർന്ന തരത്തിലായിരുന്നു 25 കാരനായ നാപോളി താരമായ മറഡോണ . 1984 ൽ ബാഴ്സലോണയിൽ നിന്ന് 6.9 മില്യൺ ഡോളറിന് നാപോളിയിൽ ചേർന്നുകൊണ്ട് രണ്ടാം തവണ ലോക ട്രാൻസ്ഫർ റെക്കോർഡ് തകർത്തു. അർജന്റീനോസ് ജൂനിയേഴ്സിൽ ഗോൾ നേടുന്ന റെക്കോർഡുമായി പേര് നേടിയ മറഡോണ 1981 ൽ ബോക ജൂനിയേഴ്സിൽ ചേർന്നു, തന്റെ ഏക അർജന്റീന ലീഗ് കിരീടം നേടി. അവിടെ നിന്നും ബാഴ്‌സലോണ അദ്ദേഹത്തെ റാഞ്ചി.

എന്നാൽ ബാഴ്‌സലോണയിൽ അധിക കാലം തുടരുന്നതിനു മുൻപ് തന്നെ മറഡോണ ഇറ്റലിയിലേക്ക് മാറി. ഇറ്റലിയിൽ നാപോളിക്ക് ഒപ്പം ഇതിഹാസം തീർത്ത 1990 ലും അർജന്റീനയെ വേൾഡ് കപ്പ് ഫൈനലിലെത്തിച്ചു. ലോകത്തിനെ മുഴുവ കണ്ണീരിലാഴ്ത്തി കഴിഞ്ഞ നവംബറിൽ 60 ആം വയസ്സിൽ ഒരു പിടി നല്ല ഫുട്ബോൾ ഓർമകളുമായി ലോകത്തിനോട് അദ്ദേഹം വിട പറഞ്ഞു.