❝2022 ലെ ഏറ്റവും മികച്ച ഗോളോ?❞ , ബോക്സിന് പുറത്ത് നിന്ന് ദിമിത്രി പയറ്റ് നേടിയ മിന്നൽ ഗോൾ |Dimitri Payet

യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗിൽ ലാസ്‌കിനെതിരെ 2-1ന് ലീഗ് വൺ വമ്പന്മാരായ മാഴ്സെ തകർപ്പൻ ജയം നേടിയിരുന്നു.മത്സരത്തിൽ ഫ്രഞ്ച് താരം ദിമിത്രി പയറ്റ് നേടിയ ഗോളാണ് ഫുട്ബോൾ ലോകത്തെ സംസാര വിഷയം.

ഓസ്ട്രിയൻ ടീമിന്റെ ബോക്‌സിന് പുറത്ത് നിന്നും പയറ്റ് നേടിയ ഗോളിനെ മനോഹരം എന്നല്ലാതെ വിശേഷിപ്പിക്കാൻ സാധിക്കില്ല.35-കാരൻ തന്റെ കരിയറിൽ ഗംഭീരമായ ചില ഗോളുകൾ നേടിയിട്ടുണ്ട്, എന്നാൽ ഈ വർഷത്തെ പുസ്‌കാസ് ഗോളിന് ഇത് ഒരു യഥാർത്ഥ മത്സരാർത്ഥിയാണ്.2006-ൽ ആസ്റ്റൺ വില്ലയ്‌ക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി പോൾ സ്കോൾസിന്റെ അവിശ്വസനീയമായ വോളിയുടെയും 2015-ൽ ഗലാറ്റസറെയ്‌ക്കെതിരെ ആഴ്‌സണലിനായി ആരോൺ റാംസിയുടെ മിന്നുന്ന ഗോളിന്റെയും ഓർമ്മകൾ പയറ്റ് ഈ ഗോളിലൂടെ തിരികെ കൊണ്ടുവരുന്നു.

ഒന്നാംപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് മത്സരത്തിൽ മാഴ്സെ ഒരു ഗോളിന് മുന്നിട്ടു നിൽക്കുമ്പോൾ ഫ്രഞ്ച് ടീമിന് ഒരു കോർണർ ലഭിക്കുന്നു. മാഴ്സെ താരം എടുത്ത കോർണർ നേരെ ബോക്സിനു വെളിയിൽ കാത്ത് നിൽക്കുന്ന പയറ്റിന്റെ കാലുകളിലേക്കെത്തി ഒരു ഫസ്റ്റ് ടൈം വോളിയിലൂടെ മുൻ വെസ്റ്റ് ഹാം താരം അത് വലയിലാക്കി.

മുൻ വെസ്റ്റ് ഹാം യുണൈറ്റഡ് താരം അവശ്വസനീയമായ ഗോളുകൾ നേടുന്നതിൽ യൂറോപ്പിലെ ഏറ്റവും പ്രശസ്തരായ കളിക്കാരിൽ ഒരാളാണ്.2016 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഫ്രാൻസിന്റെ ഓപ്പണിംഗ് ഗെയിമിന്റെ അവസാന ഘട്ടത്തിൽ റൊമാനിയക്കെതിരെ അദ്ദേഹം ഒരു ഐക്കണിക്ക് ഗോൾ നേടി.തന്റെ ദുർബലമായ ഇടം കാലുകൊണ്ട് ബോക്സിനു പുറത്തു നിന്നാണ് പയറ്റ് ഗോൾ നേടിയത്.

വെസ്റ്റ് ഹാമിൽ ഉണ്ടായിരുന്ന സമയത്ത് നേടിയ ഗോളുകൾ കൊണ്ട് പ്രീമിയർ ലീഗിലെ ഏറ്റവും ആരാധകരുള്ള കളിക്കാരിൽ ഒരാളായി അദ്ദേഹം മാറി.ക്രിസ്റ്റൽ പാലസിനെതിരെയായിരുന്നു ഹാമേഴ്സിനായുള്ള അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ ഗോൾ പിറന്നത്.മനോഹരമായ ഒരു കർവിങ് ഫ്രീകിക്കിലൂടെയാണ് താരം പാലസ് വല ചലിപ്പിച്ചത്.മിഡിൽസ്‌ബ്രോയ്‌ക്കെതിരെ വെസ്റ്റ് ലണ്ടൻ ടീമിനായി അദ്ദേഹം വീണ്ടും അവിശ്വസനീയമായ മറ്റൊരു ഗോൾ നേടി.

ഈ സീസണിൽ ക്ലബ്ബിനായി മികച്ച ഫോമിലാണ് പയറ്റ്. മാഴ്സെക്കായി 37 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 11 അസിസ്റ്റുകളും നേടിയിട്ടുണ്ട്.ദിമിത്രി പയറ്റിന് ഫുട്ബോളിലെ ഏറ്റവും മികച്ച ഗോളുകളുടെ ഒരു നീണ്ട ലിസ്റ്റ് ഉണ്ട്, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സ്‌ട്രൈക്ക് ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും മികച്ചതാണ്!