
❛❛2006ൽ 31* To 2022ൽ 55 വരെ❜❜ : ഇന്ത്യയുടെ പ്രായം തളർത്താത്ത ഫിനിഷർ ഡി കെ
വെറ്ററൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക് ഒരിക്കൽ കൂടി തന്റെ ഫിനിഷിംഗ് മികവ് പ്രകടിപ്പിച്ച് ഇന്ത്യയെ രാജ്‌കോട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 82 റൺസിന്റെ വൻ വിജയം കരസ്ഥമാക്കുന്നതിന് സഹായിച്ചിരിക്കുകയാണ്, ഇന്നലത്തെ വിജയത്തോടെ അഞ്ചു മത്സരമുള്ള പരമ്പര സമനിലയാവുകയും ചെയ്തു.
ഇന്ത്യ 20 ഓവറിൽ 169/6 എന്ന സ്‌കോറിലെത്തിയപ്പോൾ 37 കാരനായ കാർത്തിക് തന്റെ കന്നി ടി20 ഐ അർദ്ധ സെഞ്ച്വറി നേടി.ഒമ്പത് ഫോറും രണ്ട് സിക്‌സും പറത്തിയ കാർത്തിക് കാണികൾക്ക് മികച്ചൊരു ബാറ്റിംഗ് വിരുന്നു നൽകി.26 പന്തിൽ നിന്നായിരുന്നു അർധസെഞ്ചുറി തികച്ചത് . 2006ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജോഹന്നാസ്ബർഗിൽ നടന്ന തങ്ങളുടെ കന്നി ടി20 മത്സരത്തിൽ പങ്കെടുത്ത കാർത്തിക് ഇന്ത്യക്ക് ഏറ്റവും കൂടുതൽ കാലം ടി20 കളിച്ച താരമാണ്.വളരെ അധികം നാളുകൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിയിലേക്ക് ഈ ടി :20 പരമ്പരയോടെ എത്തിയ കാർത്തിക്ക് തന്റെ ബാറ്റിങ് മികവ് എന്തെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

അവസാന ഓവറുകളിൽ സൗത്താഫ്രിക്കൻ ബൗളിംഗ് നിരയെ കുഴപ്പിച്ച താരം വരാനിരിക്കുന്ന ലോകകപ്പിൽ തന്റെ സ്ഥാനം ആവശ്യമെന്ന് തെളിയിച്ചു. കാർത്തിക് കളിയിലെ ഏറ്റവും ചെറിയ ഫോർമാറ്റിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ ബാറ്ററായി. 2018 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 36 വയസ്സുള്ളപ്പോൾ തന്റെ രണ്ടാം ടി20 അർദ്ധ സെഞ്ച്വറി നേടിയ എംഎസ് ധോണിയെ അദ്ദേഹം മറികടന്നു.ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായിരുന്നിട്ടും ഇന്ത്യക്കായി 98 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണിയുടെ പേരില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണുള്ളത്.

2006 ൽ ഇന്ത്യയുടെ ആദ്യ ടി20 മത്സരത്തിൽ വീരേന്ദർ സെവാഗ് ആയിരുന്നു ടീമിനെ നയിച്ചിരുന്നത്.സച്ചിൻ ടെണ്ടുൽക്കർ കളിച്ച ഏക ടി20 അന്താരാഷ്ട്ര മത്സരവും ഇതായിരുന്നു.സ് ച്ചിൻ, എം എസ് ധോണി, സഹീർ ഖാൻ, ഹർഭജൻ സിംഗ്, ക്യാപ്റ്റൻ എന്നിവരുൾപ്പെടെ ട്വന്റി 20 ഫോർമാറ്റിലെ മുഴുവൻ ഇന്ത്യൻ ടീമിനും അരങ്ങേറ്റം കൂടിയായിരുന്നു ആ മത്സരം.ടി20യിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് കാർത്തിക്. 2006 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ടി20 മത്സരത്തിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത കാർത്തിക് 28 പന്തിൽ 31 റൺസ് നേടി, ഇന്ത്യ ആറ് വിക്കറ്റിന് മത്സരം വിജയിച്ചു.