❝റിവേഴ്സ് സ്ലാഷ് or എഡ്ജ്?❞: വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ ടി 20 യിൽ ദിനേശ് കാർത്തിക്കിന്റെ വിചിത്രമായ ഷോട്ട്

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് പുറത്തെടുത്തത്. ഏറ്റവും ഒടുവിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽ മോശം ഫോമിൽ ആയിരുന്ന കാർത്തിക്കിനെ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ ഉൾപ്പെടുത്തിയതിനെ പലരും വിമർശിച്ചിരുന്നു. എന്നാൽ, വിമർശകരുടെ വായ അടപ്പിക്കുന്ന പ്രകടനമാണ് കാർത്തിക് വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ പുറത്തെടുത്തത്.

7-ാമനായി ക്രീസിലെത്തിയ ദിനേശ് കാർത്തിക്, 19 ബോളുകളിൽ നിന്ന് 4 ഫോറും 2 സിക്സും സഹിതം 215.79 സ്ട്രൈക്ക് റേറ്റിൽ 41* റൺസ് നേടി പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ ഇന്ത്യൻ ടോട്ടൽ അതിവേഗം ചലിപ്പിച്ചത് കാർത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ്. ഇന്നിംഗ്സിന്റെ അവസാന രണ്ട് ഓവറിൽ 2 വീതം സിക്സുകളും ഫോറുകളുമാണ് കാർത്തിക് പറത്തിയത്.

ഇന്നിംഗ്സിന്റെ അവസാന ഓവറിൽ, വിൻഡീസ് പേസർ ഒബദ് മക്കോയിക്കെതിരെ കാർത്തിക് കളിച്ച ഒരു ഷോട്ട് ക്രിക്കറ്റ്‌ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഓവറിലെ നാലാം ബോൾ എറിയാൻ മക്കോയ് ഫോളോ അപ്പ് നടത്തുന്നതിനിടെ, വലങ്കയ്യൻ ബാറ്ററായ കാർത്തിക് ഒരു റിവേഴ്‌സ് സ്വീപ് അടിക്കാനായി ഇടങ്കയ്യനായി സ്വിച്ച് ചെയ്തു. എന്നാൽ, ബാറ്ററുടെ നീക്കം മനസ്സിലാക്കിയ മക്കോയ് തന്റെ ബോളിന്റെ ലക്ഷ്യം മാറ്റി.

കാർത്തിക്കിനെതിരെ ലെഗ് സൈഡിൽ നിന്ന് വൈഡ് ആയിയാണ് മക്കോയ് ബോൾ എറിഞ്ഞത്. എന്നാൽ, അവസരത്തിനൊത്ത് തന്റെ മൈൻഡും തീരുമാനവും മാറ്റിയ കാർത്തിക്, ആ ബോൾ ഇടങ്കയ്യനായി നിന്നുകൊണ്ട് തന്റെ ബാറ്റിൽ എഡ്ജ് ചെയ്ത് ഫൈൻ ലെഗ്ഗിലൂടെ ബൗണ്ടറി കണ്ടെത്തി. കാർത്തിക്കിന്റെ ഷോട്ട് കണ്ട് കമെന്ററി ബോക്സും, കാണികളുമെല്ലാം അമ്പരന്നു.