ലോകകപ്പിലെ നിരാശാജനകമായ പ്രകടനം , ബ്രസീൽ ദേശീയ ടീമിൽ നിന്നും വിട്ടു നിൽക്കാൻ നെയ്മർ |Neymar

ഖത്തർ ലോകകപ്പിൽ നിന്നും ബ്രസീൽ പുറത്തു പോയതിനു പിന്നാലെ ദേശീയ ടീമിൽ നിന്നും മാറി നിൽക്കാൻ നെയ്‌മർ ഒരുങ്ങുന്നു. താരം ബ്രസീൽ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുമോയെന്ന സംശയം ആരാധകർക്ക് ഉണ്ടായിരുന്നെങ്കിലും നിലവിൽ അതിനുള്ള പദ്ധതിയില്ലെന്നാണ് ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നത്. അതിനു പകരം പുതിയ പദ്ധതികളാണ് നെയ്‌മറുടെ മനസിലുള്ളതെന്ന് താരത്തിന്റെ തീരുമാനത്തിൽ നിന്നും വ്യക്തമാണ്.

ഏറ്റവും ശക്തമായ സ്ക്വാഡുകളിൽ ഒന്നുമായി ലോകകപ്പിനായി എത്തിയ ബ്രസീൽ ക്വാർട്ടർ ഫൈനലിലാണ് തോൽവി വഴങ്ങിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയോടായിരുന്നു ബ്രസീലിന്റെ തോൽവി. ഇതിനു ശേഷം മനസു തകർന്ന നെയ്‌മർ അതെല്ലാം ആരാധകരുമായി പങ്കു വെച്ചിരുന്നു. ഇതോടെയാണ് താരം റിട്ടയർ ചെയ്യുമോയെന്ന സംശയം ഉയർന്നതെങ്കിലും അതിനുള്ള സാധ്യതയില്ലെന്ന് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കുറച്ചു കാലത്തേക്ക് ബ്രസീൽ ദേശീയ ടീമിൽ നിന്നും മാറി നിന്ന് ക്ലബ് ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന പദ്ധതിയാണ് നെയ്മർക്കുള്ളത്. ഈ സീസണിൽ പിഎസ്‌ജിക്കായി ഏറ്റവും മികച്ച ഫോമിൽ കളിച്ചിരുന്നത് താരമായിരുന്നു. അതെ ഫോം തുടർന്ന് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ഇപ്പോഴത്തെ നിരാശ മറക്കുക എന്നതാവും താരത്തിന്റെ ഉദ്ദേശം. പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടാൻ നെയ്മർക്ക് കഴിഞ്ഞിട്ടില്ല.

ബ്രസീൽ തോറ്റതോടെ പരിശീലകസ്ഥാനത്തു നിന്നും ടിറ്റെ ഒഴിഞ്ഞിരുന്നു. പുതിയ പരിശീലകനെ തേടിക്കൊണ്ടിരിക്കുന്ന ബ്രസീൽ പരിഗണിക്കുന്നത് നിലവിൽ റയൽ മാഡ്രിഡ് കോച്ചായ കാർലോ ആൻസലോട്ടിയെയാണ്. ഈ സീസൺ അവസാനിച്ചതിനു ശേഷം ജൂണിൽ അദ്ദേഹം ബ്രസീലിന്റെ ഓഫർ പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങിനെയെങ്കിൽ അപ്പോഴാവും നെയ്‌മർ ബ്രസീൽ ടീമിലേക്ക് തിരിച്ചു വരുന്നത്.

Rate this post