മുൻ ബാഴ്സലോണ സൂപ്പർ താരം ഈസ്റ്റ് ബംഗാളിലേക്ക്

ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിൽ ഈസ്റ്റ് ബംഗാൾ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.കൊൽക്കത്തൻ ക്ലബ്ബിന്റെ മാർക്യൂ കളിക്കാരനായി മുൻ ബാഴ്സലോണ താരവും ഡച്ച് ദേശീയ താരം കൂടിയായ ഇബ്രാഹിം അഫെല്ലെ എത്തുമെന്നാണ് റിപോർട്ടുകൾ. പുതിയ നിക്ഷേപകരെ ലഭിച്ചതോടെ ഈ സീസണിൽ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കാനുള്ള അവസരം ഈസ്റ്റ് ബംഗാളിനെ തേടിയെത്തിയത്.അഫെല്ലെ പോലെയുള്ള വലിയ താരങ്ങളെ കൊണ്ട് വന്ന് ആദ്യ സീസണിൽ തന്നെ ബിഗ് ടീമുകൾക്ക് വെല്ലുവിളിയാവാൻ തന്നെയാണ് ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തോടൊപ്പം നീങ്ങുന്ന ഈസ്റ്റ് ബംഗാളിന്റെ ശ്രമം .യൂറോപ്യൻ, ലോക ഫുട്ബോളിൽ പ്രമുഖ താരമായിരുന്ന അഫെല്ലെ. 2010 മുതൽ 2015 വരെ എഫ്‌സി ബാഴ്‌സലോണയിൽ കളിച്ച അഫെല്ലെ ആക്രമണാത്മക മിഡ്ഫീൽഡറായും വിംഗറായും കളിക്കാൻ കഴിയും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ സ്റ്റോക്സ് സിറ്റി (2015 മുതൽ 2019 വരെ), ഡച്ച് ക്ലബ് പി‌എസ്‌വി ഐന്തോവൻ (2004-’10, 2019-’20) എന്നി ക്ലബ്ബുകൾക്ക് വേണ്ടി ഈ 34 കാരൻ ബൂട്ട് കെട്ടിയിട്ടുണ്ട് .

Ibrahim Afellay

നെതർലാൻഡ്‌സ് ദേശീയ ടീമിനൊപ്പം മികച്ച കരിയറും അഫെല്ലെ നേടിയിട്ടുണ്ട്. 2008 ലും 2012 ലും രണ്ട് യൂറോ ചാമ്പ്യൻഷിപ്പുകളിൽ കളിച്ച അഫെല്ലെ 2010 ലോകകപ്പിൽ ഫൈനലിലെത്തിയ ടീമിന്റെ ഭാഗമായിരുന്നു. നെതർലാൻഡ്‌സ് ദേശീയ ടീമിന് വേണ്ടി 53 മത്സരങ്ങളിൽ ജേഴ്‌സിയണിഞ്ഞിട്ടുണ്ട് . അടുത്തിടെ ഒരു അഭിമുഖത്തിൽ, നെതർലാൻഡിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകാൻ ഒരുങ്ങുകയാണെന്ന് അഫെല്ലെ പറഞ്ഞു. അഫെല്ലെ ഈസ്റ്റ് ബംഗാളിൽ ചേരാൻ ഒരുങ്ങുകയാണെന്ന് കമന്റേറ്റർ സോഹൻ പോദ്ദറും ട്വീറ്റ് ചെയ്തു.