❝ കഴിവ് തെളിയിക്കാൻ വേണ്ട അവസരങ്ങൾ ലഭിച്ചു,ഏകദിനങ്ങളിൽ അയാൾക്കിനി അവസരം കിട്ടുമെന്ന് തോന്നുന്നില്ല ❞; സെവാഗ്

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ യുവതാരങ്ങളെല്ലാം കിട്ടിയ അവസരം മുതലാക്കി. പൃഥ്വി ഷായും ഇഷാൻ കിഷനും ദീപക് ചാഹറും രാഹുൽ ചാഹറും സഞ്ജു സാംസണുമെല്ലാം ലഭിച്ച അവസരങ്ങളിൽ മികവ് കാട്ടിയപ്പോൾ നിരാശപ്പെടുത്തിയ താരങ്ങളിൽ മുന്നിലുള്ളത് പരിചയസമ്പന്നനായ മനീഷ് പാണ്ഡെയാണ്.മൂന്ന് ഏകദിനങ്ങളിലും അവസരം ലഭിച്ച മനീഷ് പാണ്ഡെക്ക് സമ്മർദ്ദമൊന്നും ഇല്ലാതിരുന്നിട്ടും വലിയ സ്കോർ നേടാനായിരുന്നില്ല. 26, 37,11 എന്നിങ്ങനെയായിരുന്നു മൂന്ന് മത്സരങ്ങളിൽ മനീഷിന്റെ സ്കോർ. അതുകൊണ്ടുതന്നെ തൽക്കാലത്തേക്കെങ്കിലും മനീഷ് പാണ്ഡെക്ക് ഇനി ഏകദിന ടീമിൽ അവസരമുണ്ടാകില്ലെന്ന് തുറന്നു പറയുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാ​ഗ്.

താരത്തിനൊപ്പം മൂന്ന് കളിയിലും ഇറങ്ങിയ ഓൾ റൗണ്ടറായ ഹാർദിക് പാണ്ഡ്യക്കും ബാറ്റിങ്ങിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ബൗളിങ്ങിൽ ചില നിർണായക വിക്കറ്റ് താരം വീഴ്ത്തിയിരുന്നു.മൂന്ന് മത്സരങ്ങളിലും മനീഷ് പാണ്ഡെയ്ക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ഇതിൽ ഒരു ഇന്നിങ്സിൽ പോലും താരത്തിന് സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ട് പോലും മികച്ച സ്കോർ നേടാൻ താരത്തിന് കഴിഞ്ഞില്ല. മൂന്ന് മത്സരങ്ങളിൽ നിന്നും മൊത്തം 74 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇക്കാരണങ്ങൾ കൊണ്ടാണ് കുറച്ച് കാലത്തേക്കെങ്കിലും മനീഷ് പാണ്ഡെയ്ക്ക് ഇന്ത്യയുടെ ഏകദിന ടീമിൽ കളിക്കാൻ അവസരം ലഭിക്കില്ല എന്ന് സെവാഗ് പറയുന്നത്. ഓൺലൈൻ സ്പോർട്സ് വെബ്‌സൈറ്റായ ക്രിക്ബസിന് അനുവദിച്ച അഭിമുഖത്തിലാണ് സെവാഗിന്റെ പ്രതികരണം.

ശ്രീലങ്കക്കെതിരായ ശരാശരി പ്രകടനം തൽക്കാലത്തേക്ക് എങ്കിലും പാണ്ഡെക്ക് ഏകദിന ടീമിലേക്കുള്ള വഴി അടക്കുമെന്നും സെവാ​ഗ് വ്യക്തമാക്കി. ഇനി അഥവാ തിരിച്ചെത്തുകയാണെങ്കിൽ അത് ദീർഘകാലത്തേക്ക് ആയിരിക്കും. സൂര്യകുമാർ യാദവും ഇഷാൻ കിഷനുമെല്ലാം അടിച്ചു തകർത്തിടത്ത് പാണ്ഡെ നിറം മങ്ങിയെന്നും അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളിൽ പാണ്ഡെക്ക് പകരം മധ്യനിരയിൽ ഇവരെയാകും പരി​ഗണിക്കുയെന്നും സെവാ​ഗ് പറഞ്ഞു.പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറിയ ഇഷാൻ കിഷനും സൂര്യകുമാർ യാദവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടി ഇഷാൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ പരമ്പരയിലുടനീളം സ്ഥിരതയാർന്ന പ്രകടനത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്നും 124 റൺസോടെ ടൂർണമെന്റിലെ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം സൂര്യകുമാർ യാദവ് സ്വന്തമാക്കിയിരുന്നു. ഇന്ന് നടക്കാക്കുന്ന ടി 20 മത്സരത്തിൽ പണ്ടേക്ക് ഇടം ലഭച്ചില്ല. ഇനിയുള്ള പാരമ്പരകളിലും ഇന്ത്യൻ ടീമിൽ ഇടം നേടാൻ താരം വലിയ പ്രകടനങ്ങൾ പുറത്തെടുത്ത മതിയാവു.