❝ എൽ ക്ലാസിക്കോ 🦁👑 ആൺപിള്ളേർ എടുത്തു,
സിറ്റി 💔👊 വീണു, വിജയവുമായി ✌️😍 ലിവർപൂളും
ചെൽസിയും ❞

റയലിന്റെ മൈതാനത്ത് നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ആതിഥേയർ ബാഴ്സലോണയെ വീഴ്ത്തിയത്. ജയത്തോടെ റയൽ മഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി.ഇത് തുടർച്ചയായ മൂന്നാം എൽ ക്ലാസിക്കോ മത്സരത്തിലാണ് റയൽ മാഡ്രിഡ് ബാഴ്സലോണയെ തോൽപ്പിക്കുന്നത്.2021ൽ ലാലിഗയിൽ പരാജയം അറിയാത്ത ബാഴ്സലോണയെ തുടക്കത്തിൽ തന്നെ വിറപ്പിക്കാൻ റയൽ മാഡ്രിഡിനായി. 13ആം മിനുട്ടിൽ തന്നെ ബെൻസീമയിലൂടെ റയൽ ലീഡ് എടുത്തു. ലൂകസ് വാസ്കസ് വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ബാക്ക് ഫ്ലിക്കിലൂടെ ബെൻസീമ വലയിൽ കയറ്റുക ആയിരുന്നു.

ആദ്യ പകുതിയിൽ തന്നെ റയൽ മാഡ്രിഡ് രണ്ടാം ഗോളും നേടി. വിനീഷ്യസ് നേടിതന്ന ഫ്രീകിക്ക് എടുത്ത ടോണി ക്രൂസ് പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. ക്രൂസെടുത്ത ഫ്രീക്കിക്ക് ബാഴ്സ താരം സെർജിന്യോ ഡെസ്റ്റിന്റെ ദേഹത്ത് തട്ടി വലയിലേക്ക്. പന്ത് ഹെഡ് ചെയ്തകറ്റാനുള്ള ജോർഡി ആൽബയുടെ ശ്രമം പാളിയതോടെ റയലിന്റെ ലീഡുയർന്നു.ഇതിനുപിന്നാലേ ഉ​ഗ്രനൊരു കൗണ്ടററ്റാക്കിലൂടെ റയൽ വീണ്ടും ബാഴ്സ ബോക്സിലെത്തിയതാണ്. എന്നാൽ ഫെഡെറിക്കോ വാൾവെർ​ദെയുടെ ഷോട്ട് പോസ്റ്റിലിടിച്ചുമടങ്ങി. ആദ്യ പകുതി അവസാനിക്കും മുമ്പ് മെസിയുടെ കിടിലൻ കോർണർ കിക്ക് റയലിന്റെ പോസ്റ്റിലിടിച്ചും മടങ്ങി.ആദ്യ പകുതിയിലെ തകർപ്പൻ ലീഡിന്റെ ആവേശത്തിലായിരുന്നു റയൽ രണ്ടാം പകുതിയിലിറങ്ങിയത്. അന്റോയിൻ ​ഗ്രീസ്മെനെ ഇറക്കി ആക്രമണം ശക്തമാക്കുകയാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കോമാൻ നടത്തിയത്.

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം ബാഴ്സലോണയെ കളിയിലേക്ക് തിരികെകൊണ്ടു വന്നു. 65ആം മിനുട്ടിൽ മിങുവേസ ആണ് ബാഴ്സലോണക്ക് പ്രതീക്ഷ നൽകിയ ഗോൾ നേടിയത്.രണ്ടാം പകുതിയിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് റയലായിരുന്നു. പക്ഷെ കൂടുതൽ ഗോൾ നേടി കളിയുടെ വിധി പെട്ടെന്ന് നിർണയിക്കാൻ റയലിനായില്ല. 89ആം മിനുട്ടിൽ കസമീറോ ചുവപ്പ് കണ്ടത് റയലിനെ സമ്മർദ്ദത്തിലാക്കി‌. ഇഞ്ച്വറി ടൈമിൽ ബാഴ്സയുടെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. അവസാനം സിദാന്റെ ടീം വിജയം സ്വന്തമാക്കി.

അവാസനനിമിഷം ലയണൽ മെസി എടുത്ത ഫ്രീക്കിക്കും ലക്ഷ്യം കാണാതെ വന്നതോടെ സീസണിലെ രണ്ടാം എൽ ക്ലാസിക്കോയിലും റയലിന് ജയം.ഈ പരാജയം ഒന്നാമത് എത്താനുള്ള ബാഴ്സലോണ മോഹത്തിനു തിരിച്ചടിയാണ്. ഇന്ന് വിജയിച്ച റയൽ മാഡ്രിഡ് 66 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡിന് ഒപ്പം ഒന്നാമത് നിൽക്കുകയാ‌ണ്. 65 പോയിന്റുമായി ബാഴ്സലോണ രണ്ടാമത് ആണ്.

പ്രീമിയർ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ബ്രോമിനോട് തോറ്റതിന്റെ കലിപ്പ് ക്രിസ്റ്റൽ പാലസിനോട് തീർത്ത് ചെൽസി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസി ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ ടോപ് ഫോറിലേക്ക് തിരിച്ചെത്താനും ചെൽസിക്കായി. ചെൽസിയുടെ സമ്പൂർണ്ണ ആധിപത്യം കണ്ട ആദ്യ പകുതിയിൽ 3 ഗോളുകളാണ് ചെൽസി അടിച്ചു കൂട്ടിയത്. ഹാവേർട്സിലൂടെ ആദ്യ ഗോൾ കണ്ടെത്തിയ ചെൽസി പുലിസിച്ചിലൂടെ രണ്ടാമത്തെ ഗോൾ നേടുകയായിരുന്നു.

തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ മൗണ്ടിന്റെ ക്രോസിൽ നിന്ന് സൂമ ഹെഡറിലൂടെ ചെൽസിയുടെ മൂന്നാമത്തെ ഗോളും നേടി. എന്നാൽ രണ്ടാം പകുതിയിൽ ബെന്റകെ ഒരു ഗോൾ മടക്കി ക്രിസ്റ്റൽ പാലസിന് പ്രതീക്ഷ നൽകിയെങ്കിലും അധികം വൈകാതെ മത്സരത്തിൽ തന്റെ രണ്ടാമത്തെ ഗോൾ നേടി പുലിസിച്ച് ചെൽസിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ അപരാചിത കുതിപ്പിന് അന്ത്യം കുറിച്ച ലീഡ്സ് യുണൈറ്റഡ്‌ . ഹോം ഗ്രൗണ്ടായ ഇത്തിഹാദിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. പത്തു പേരുമായി ചുരുങ്ങിയ ലീഡ്സ് ഇഞ്ചുറി ടൈമിൽ സ്റ്റുവർട്ട് ഡാളസ് നേടിയ ഗോളിനാണ് വിജയം പിടിച്ചെടുത്തത്. രണ്ടാം പകുതിയിൽ മുഴുവൻ പത്തു പേരുമായി കളിച്ചാണ് ലീഡ്സ് വിജയം നേടിയത്. ഒന്നാം പകുതിയുടെ അധിക സമയത്ത് ഗബ്രിയേൽ ജീസസിനെ ഫൗൾ ചെയ്തതിനു ലിയാം കൂപ്പറാണ് ചുവപ്പു കാർഡ് കണ്ട് പുറത്തായത്.

മികച്ച ഫോമിൽ ഉള്ള സിറ്റിയുടെ അറ്റാക്കുകൾ സമർത്ഥമായി തടഞ്ഞ ലീഡ്സ് 43ആം മിനുട്ടിൽ ലീഡ് നേടി . ബാംഫോർഡിന്റെ അസിസ്റ്റിൽ നിന്ന് ഡല്ലാസ് ആണ് മനോഹരമായ ഫിനിഷിലൂടെ ഗോൾ നേടിയത്.ഗോൾ നേടിയതിനു പിന്നാലെ തന്നെ ലീഡ്സ് യുണൈറ്റഡ് ചുവപ്പ് കാർഡ് കണ്ടു. ഒരു ഹൈ ഫൂട്ട് ചാലഞ്ചിന് കൂപ്പർ ആണ് ചുവപ്പ് കണ്ടത്. ഇതോടെ ലീഡ്സ് സമ്മർദ്ദത്തിലായി. രണ്ടാം പകുതിയിൽ കളിയിലേക്ക് തിരിച്ചുവരാൻ ആഞ്ഞു ശ്രമിച്ച സിറ്റി 75ആം മിനുട്ടിൽ സമനില നേടി.ടോറസിന്റെ വക ആയിരുന്നു സമനില ഗോൾ.ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷത്തിൽ ഡലാസ് ആണ് വിജയ ഗോളും നേടിയത്. കിരീടം ഏതാണ്ട് അടുത്തുള്ള സിറ്റിക്ക് ഈ പരാജയം വലിയ ക്ഷീണം നൽകില്ല. എങ്കിലും അവർ കിരീടം ഉയർത്തുന്നത് വൈകും. ഇപ്പോഴും രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 14 പോയിന്റിന്റെ ലീഡ് സിറ്റിക്ക് ഉണ്ട്.

മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ അവസാന മിനുട്ടിൽ ഗോളിൽ ആസ്റ്റൺ വിലയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. ആൻഫീൽഡിൽ തുടർച്ചയായ ആര് തോല്വികള്ക്ക് ശേഷമായിരുന്നു ലിവർപൂളിന്റെ ജയം. ട്രെൻ‌റ്റ് അലക്സാണ്ടർ-അർനോൾഡ് ആണ് റെഡ്‌സിന്റെ വിജയ ഗോൾ നേടിയത്. ആദ്യ പകുതിക്ക് തോട്ടമുൻപ് തന്നെ ഒല്ലി വാറ്റ്കിൻസ് ആസ്റ്റൺ വില്ലയെ മുന്നിലെത്തിച്ചു.താമസിയാതെ റോബർട്ടോ ഫിർമിനോ ലിവർപൂളിന്റെ മുന്നിലെത്തിച്ചെങ്കിലും വാറിൽ ഗോൾ അനുവദിച്ചില്ല. ഗോൾ നേടുമ്പോൾ ഡിയോഗോ ജോട്ട ഓഫ്‌സൈഡ് ആണെന്ന് വാർ കണ്ടെത്തി. 57 ആം മിനുട്ടിൽ സലാ ലിവർപൂളിലെ ഒപ്പമെത്തിച്ചു. കാളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച അവസാന നിമിഷം അലക്സാണ്ടർ-അർനോൾഡ് മികച്ചൊരു ഷോട്ടിലൂടെ കീപ്പർ മാർട്ടിനെസിനെ മറികടന്നു വലയിലാക്കി.

ബുണ്ടസ് ലീഗയിൽ പൊരുതി ജയിച്ച് ബൊറുസിയ ഡോർട്ട്മുണ്ട്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്റ്റട്ട്ഗാർട്ടിനെ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. സ്റ്റട്ട്ഗാർട്ടിന് വേണ്ടി സാസ കലസിക് 17ആം മിനുട്ടിൽ ഗോളടിച്ചാണ് കളിയാരംഭിച്ചത്‌. ആദ്യ പകുതിയിൽ ലീഡ് നിലനിർത്താൻ സ്റ്റട്ട്ഗാർട്ടിനായി. എന്നാം 47ആം മിനുട്ടിൽ ജൂഡ് ബെല്ലിംഗ്ഹാം ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി 23ആം മത്സരത്തിൽ ആദ്യ ഗോളടിച്ചു.

വൈകാതെ തന്നെ മാർക്കോ റിയൂസിന്റെ ഗോളിലൂടെ ലീഡ് നേടി. എന്നാൽ ജയം സ്വയമുറപ്പിച്ച ഡോർട്ട്മുണ്ടിന് 78ആം മിനുട്ടിൽ ദിദാവിയിലൂടെ സ്റ്റട്ട്ഗാർട്ട് തിരിച്ചടിച്ചു. എന്നാൽ ബൊറുസിയ ഡോർട്ട്മുണ്ട് അക്കാദമി താരം അൻസ്ഗർ നാഫിലൂടെ ഡോർട്ട്മുണ്ട് ജയം സ്വന്തമാക്കി. മാർക്കോ റിയൂസ് ഗോൾ വരൾച്ച അവസാനിപ്പിച്ചെങ്കിലും ഇന്ന് എർലിംഗ് ഹാളണ്ടിന് സ്കോർ ചെയ്യാനായില്ല. 46 പോയന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ബൊറുസിയ ഡോർട്ട്മുണ്ട്. സ്റ്റട്ട്ഗാർട്ട് 39 പോയന്റുമായി 9ആം സ്ഥാനത്താണുള്ളത്.

ജർമൻ ബുണ്ടസ് ലീഗിൽ കിരീടത്തിലേക്ക് കുതിക്കുയയായിരുന്ന ബയേൺ മ്യൂണിക്കിനെ യൂണിയൻ ബെർലിൻ സമനിലയിൽ പിടിച്ചു. ഇരു ടീമുകളും ഓരോ ഗോളുകൾ നേടി.68-ാം മിനിറ്റിൽ കൗമാരക്കാരനായ ജമാൽ മുസിയാല നേടിയ ഗോളിൽ ബയേൺ മുന്നിലെത്തി എന്നാൽ 6 ആം മിനുട്ടിൽ മാർക്കസ് ഇംഗ്വാർട്ട്സണിലൂടെ ബെർലിൻ സമനില പിടിച്ചു.പരിക്ക് അല്ലെങ്കിൽ അസുഖം മൂലം റോബർട്ട് ലെവാൻഡോവ്സ്കി ഉൾപ്പെടെയുള്ള ഒമ്പത് താരങ്ങൾ ഇല്ലാതെയാണ് ബയേൺ ഇറങ്ങിയത്.

മറ്റൊരു മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ആർ‌ബി ലീപ്സിഗ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് വെർഡർ ബ്രെമെനെ പരാജയപ്പെടുത്തി.അലക്സാണ്ടർ സോർലോത്തി രണ്ടും ,ഡാനി ഓൾമോ, മാർസെൽ സാബിറ്റ്‌സർ എന്നിവർ ലീപ്സിഗ് ഗോൾ നേടിയപ്പോൾ മിലോട്ട് റാഷിക്ക ബ്രെമ്മന്റെ ആസ്വാസ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ നാലാം സ്ഥാനക്കാരായ ഫ്രാങ്ക്ഫർട്ട് മൂന്നിനെതിരെ നാല് ഗോളുകൾക്ക് വോൾഫ്സ് ബെർഗിനെ പരാജയപ്പെടുത്തി.ഡെയ്‌ചി കമാഡ (8 ‘) ലൂക്ക ജോവിക് (27’) ആൻഡ്രെ സിൽവ (54 ‘) എറിക് ഡർം (61 ) എന്നിവർ ഫ്രാങ്ക്ഫർട്ടിന്റെ ഗോളുകൾ നേടി.


ഇറ്റാലിയൻ സിരി എ യിൽ വിജയ വഴിയിൽ തിരിച്ചെത്തി എ സി മിലാൻ .ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരമായേ പരാജയപ്പെടുത്തി.അവസാന മുപ്പതു മിനുട്ടോളം പത്തു പേരുമായി കളിച്ചായിരുന്നു വിജയം. മികച്ച രീതിയിൽ തുടങ്ങിയ മിലാൻ റെബികിലൂടെ എട്ടാം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ഇബ്രഹിമോവിചിന്റെ അസിസ്റ്റിൽ ആയിരുന്നു ആ ഗോൾ‌. ആദ്യ പകുതിയിൽ തന്നെ കെസ്സിയിലൂടെ മിലാൻ രണ്ടാം ഗോളും നേടി.രണ്ടാം പകുതിയിൽ മത്സരത്തിന്റെ 60ആം മിനുട്ടിൽ ഇബ്രാഹിമോവിച് ചുവപ്പ് കണ്ട് പുറത്തു പോയതോടെ മിലാൻ സമ്മർദ്ദത്തിലായി.

66ആം മിനുട്ടിൽ കാഗ്ലിയോലോ പാർമയ്ക്ക് വേണ്ടി ഒരു ഗോളും നേടി. അവസാനം 90ആം മിനുട്ടിൽ ലിയോയുടെ സ്ട്രൈക്ക് മിലാന്റെ മൂന്നാം ഗോളും മൂന്ന് പോയിന്റും ഉറപ്പിച്ചു.ഈ ജയത്തോടെ 63 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് മിലാൻ. ഒന്നാമതുള്ള ഇന്ററിന് 71 പോയിന്റാണ് ഉള്ളത്. ഇന്റർ ഒരു മത്സരം കുറവാണ് കളിച്ചത്.

ഫ്രഞ്ച് ലീഗിലെ കിരീട പോരാട്ടത്തിലെ ലില്ലെയ്ക്ക് മേൽ സമ്മർദ്ദം ഉയർത്തിക്കൊണ്ട് പി എസ് ജി ഒരു വൻ വിജയം നേടി. ഇന്ന് നടന്ന എവേ മത്സരത്തിൽ സ്റ്റ്രാസ്ബർഗിനെ ആയിരുന്നു പി എസ് ജി നേരിട്ടത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. തുടക്കം മുതൽ ആക്രമിച്ചു കളിച്ച പി എസ് ജി 16ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. എമ്പപ്പെ ആയിരുന്നു സ്കോറർ.

27ആം മിനുട്ടിൽ സരാബിയയിലൂടെ രണ്ടാം ഗോളും വന്നു. 45ആം മിനുട്ടിൽ എമ്പപ്പെയുടെ അസിസ്റ്റിൽ നിന്ന് കീൻ വക മൂന്നാം ഗോളും വന്നു. 79ആം മിനുട്ടിൽ പരാദെസ് ആയിരുന്നു നാലാം ഗോൾ നേടിയത്. സഹി സ്റ്റ്രാസ്ബർഗിന്റെ ആശ്വാസ ഗോൾ നേടി. ഈ വിജയത്തോടെ 66 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് പി എസ് ജി. 69 പോയിന്റുമായി ലിലെ ഒന്നാമതും നിൽക്കുന്നു. ഇനി ലീഗിൽ ആറു മത്സരങ്ങൾ മാത്രമാണ് ഇരു ടീമുകൾക്കും ബാക്കിയുള്ളത്.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications