” എല്ലാ കണ്ണുകളും ബാലൺ ഡി ഓർ ലേക്ക് ” ,ഇത്തവണ അവാർഡ് ആരു നേടും ?

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറെ തിരഞ്ഞെടുക്കുന്ന ബാലൺ ഡി ഓർ ന്റെ വരവ് ഇത്തവണ അല്പം നേരത്തെയാണ്. അതിനാൽ തന്നെ അധികം വൈകാതെ വിജയി ആരാണെന്ന് അറിയാൻ ഫുട്‌ബോൾ പ്രേമികൾക്ക് സാധിക്കും. സാധാരണയായി ജനുവരിയിൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്ന ഫ്രാൻസ് ഫുട്‌ബോൾ ഇത്തവണ നവംബർ ലേക്ക് അവാർഡ് പ്രഖ്യാപനം മാറ്റിയിരിക്കുകയാണ്. കോവിഡ് മഹാമാരി കാരണം 2020 ബാലൻ ഡി ഓർ ഒഴിവാക്കിയതിനാൽ തന്നെ ഇത്തവണത്തെ ബാലൺ ഡി ഓർ പ്രഖ്യാപനം അല്പം ആകാംഷ നിറഞ്ഞതായിരിക്കും.

ഇതിനെല്ലാം പുറമെ ഒഴിവാക്കിയ പുരസ്‌കാര വർഷത്തിന് ബദലായി ഇത്തവണ കഴിഞ്ഞ വർഷത്തേതടക്കം രണ്ട് ബാലൺ ഡി ഓർ നൽകാൻ സാധ്യതയുണ്ടെന്ന വാർത്തയും വ്യാപിക്കുന്നുണ്ട്. എന്തായിരുന്നാലും ഏറെ വൈകാതെ തന്നെ ബാലൺ ഡി ഓർ പ്രഖ്യാപനം നമ്മൾക്ക് മുന്നിലേക്കെത്തുന്നതിനാൽ ആകാംഷ കൂടുതലായിരിക്കുകയാണ്.ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ ബഹുമതി കരസ്ഥമാക്കിയ ലയണൽ മെസ്സിക്ക് തന്നെയാണ് ഇത്തവണയും അത് നേടാൻ കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്. അങ്ങനെ വന്നാൽ തന്റെ ഏഴാം ബാലൺ ഡി ഓർ ലോകത്തിനു മുന്നിൽ സമർപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കും.

എന്നാൽ കഴിഞ്ഞ വർഷം പുരസ്‌കാരം ഒഴിവാക്കിയതിനാലും, കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും മികച്ച ഫോമിൽ തുടരുന്നതിനാലും പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലവൻഡോസ്കിക്കും സാധ്യത കല്പിക്കപ്പെടുന്നുണ്ട്. പവർ റാങ്കിങ് പ്രകാരം ഇറ്റലിയുടെ യൂറോ കപ്പടക്കം കഴിഞ്ഞ വർഷം ചെൽസിയുടെ നേട്ടങ്ങളിലെല്ലാം പങ്കു വഹിച്ച മധ്യനിരാതാരം ജോർജീന്യോയും പുരസ്‌കാരം വാങ്ങിക്കാൻ ഉള്ളവരുടെ പട്ടികയിൽ ഏറെ മുന്നിലാണ്. ഇതിനെല്ലാം പുറമെ ചെൽസിയുടെ തന്നെ എൻഗോളോ കാന്റെ, മാഞ്ചസ്റ്റർ സിറ്റി യുടെ കെവിൻ ഡി ബ്രുയ്ൻ, അഞ്ചു തവണ ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരും ബാലൺ ഡി ഓർ റാങ്കിങ്ങിൽ മുന്നിൽ ഉണ്ട്.

ബാഴ്സയുടെ സീസൺ കോപ്പഡെൽറേയിൽ മാത്രമൊതുങ്ങി മോശപ്പെട്ട ഒന്നായിരുന്നെങ്കിലും ടോപ്പ് സ്‌കോറർ അടക്കമുള്ള ബഹുമതികൾ സ്വന്തമാക്കിയ ലയണൽ മെസ്സി രാജ്യത്തിനു വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്തു. തന്റെ ചിരകാലദൗർബല്യമായിരുന്ന ഇന്റർനാഷണൽ ട്രോഫി ഉയർത്തിക്കൊണ്ടു തന്നെ ആരാധകരുടെ മനം കവർന്ന അദ്ദേഹം ഏഴാം ബാലൺ ഡി ഓർ പൊക്കിയാലും അത്ഭുതപ്പെടാനില്ല. മികച്ച താരമടക്കം ടൂർണമെന്റിലെ എല്ലാ അവാർഡുകളും കൈവെള്ളയിലാക്കിയ മെസ്സി അർജന്റീനയ്ക്ക് വേണ്ടി നേടിയ കോപ്പ കിരീടം അദ്ദേഹത്തെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെ നിർത്തുന്നു.

മികച്ച വനിതാ താരത്തിനുള്ള പുരസ്കാരവും ഇതിനോടൊപ്പം പ്രഖ്യാപിക്കപ്പെടും. കൂടാതെ മികച്ച പരിശീലകൻ , മികച്ച ഗോൾ , ഗോൾകീപ്പർ, മികച്ച യുവതാരം എന്നിവയും തിരഞ്ഞെടുക്കപ്പെടുന്ന ഇത്തവണത്തെ ബാലൺ ഡി ഓർ അവിസ്മരണീയ നിമിഷങ്ങളിൽ ഒന്നായി രേഖപ്പെടുത്തും. ഏറെ വൈകാതെ തന്നെയുള്ള ഈ പ്രഖ്യാപനത്തിനായി ഫുട്‌ബോൾ ലോകം കാത്തിരിക്കുകയാണ് , കൂടെ ആരാധകരും.

Rate this post