എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ലയിലേക്ക് തിരിച്ചെത്തിയേക്കില്ല |Emiliano Martínez

2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തുയവരിൽ മുന്നിലാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സ്ഥാനം.ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ രണ്ട് തവണ പെനാൽറ്റി ഷൂട്ടൗട്ടാണ് അർജന്റീന നേരിട്ടത്. രണ്ട് തവണയും എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായിരുന്നു. മികച്ച പ്രകടത്തിനെത്തുടർന്ന് ലോകകപ്പിലെ എമിലിയാനോ ‘ഡിബു’ മാർട്ടിനെസ് ഗോൾഡൻ ഗ്ലൗവ് സ്വന്തമാക്കുകയും ചെയ്തു.

ലോകകപ്പിലെ ഹീറോ ആയിരുന്നെങ്കിലും ലോകകപ്പിനു ശേഷം എമിലിയാനോ മാർട്ടിനസിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പക്കെതിരെ താരം നടത്തിയ കളിയാക്കലുകൾ ആണ് ഇതിനു കാരണമായത്. മത്സരത്തിനു ശേഷവും അർജന്റീനയിൽ വെച്ചു നടത്തിയ പരേഡിലും എംബാപ്പയെ താരം കളിയാക്കിയിരുന്നു. ഇതേതുടർന്ന് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് എമിലിയാനോ മാർട്ടിനസിന്റെ ക്ലബായ ആസ്റ്റൺ വില്ല പരിശീലകൻ ഉനെ എമറി താരത്തെ വിൽക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

എമിലിയാനോ മാർട്ടിനെസ് വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ ക്ലബ്ബുകൾ നോക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ലോകകപ്പ് നേടിയതിന് ശേഷമുള്ള ആഘോഷങ്ങൾക്ക് ശേഷം ജനുവരി ആദ്യം പരിശീലനത്തിലേക്ക് 30-കാരൻ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ പ്രീമിയർ ലീഗിൽ അദ്ദേഹത്തിന്റെ ഭാവി ഇല്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ് സൂചന നൽകി.

വില്ലയുമായുള്ള കരാറിൽ അർജന്റീന ഇന്റർനാഷണലിന് അഞ്ച് വർഷം ബാക്കിയുണ്ട്, എന്നാൽ ദിബുവിന് നിരവധി ഓഫറുകൾ ഉണ്ടെന്നും അദ്ദേഹത്തിന്റെ ഏജന്റ് ഗുസ്താവോ ഗോണി സൂചന നൽകി. മാർട്ടിനെസിന്റെ പ്രതിനിധി TuttoMercatoWeb-നോട് സംസാരിക്കുകയും തന്റെ ക്ലയന്റ് സീരി എയിലേക്കോ ബുണ്ടസ്ലിഗയിലേക്കോ മാറാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.“ഇന്ന് എമിലിയാനോ മാർട്ടിനസിനെപ്പോലൊരു ഗോൾകീപ്പറെ വാങ്ങാൻ കഴിയുന്ന ഏതാനും ടീമുകളുണ്ട്. സീരി എ? എന്തു കൊണ്ട് സംഭവിച്ചുകൂട? ഉയരങ്ങളാണ് ലക്‌ഷ്യം വെക്കുന്നത്, ചാമ്പ്യൻസ് ലീഗ് പോലെയുള്ള കാര്യങ്ങൾ.” താരത്തിന്റെ ഏജന്റായ ഗുസ്‌താവോ ഗോണി പറഞ്ഞു

ഇതിനിടയിൽ എമിലിയാനോ മാർട്ടിനസിനായി ബയേൺ മ്യൂണിക്ക് ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അവരുടെ പ്രധാന ഗോൾകീപ്പറായ മാനുവൽ ന്യൂയർ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. ഈ സീസണിൽ താരം കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ അതിനു പകരക്കാരനായി എമിലിയാനോ എത്താനുള്ള സാധ്യത കൂടുതലാണ്. സാങ്കേതകമികവിന്റെ കാര്യത്തിൽ ന്യൂയറോളം വരില്ലെങ്കിലും ഗോൾവലക്ക് കീഴിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്ന എമിലിയാനോ മാർട്ടിനസിന്റെ സാന്നിധ്യം ബയേൺ മ്യൂണിക്കിന് കരുത്തു തന്നെയായിരിക്കും.

Rate this post