❝ ഗ്രൂപ്പ് ചാമ്പ്യന്മാരായി 🏴󠁧󠁢󠁥󠁮󠁧󠁿👑 ഇംഗ്ലണ്ട് ;
⚽🔥മോഡ്രിച്ചിന്റെ തോളിലേറി 🇭🇷🐎 ക്രോയേഷ്യ,
തോറ്റിട്ടും പ്രീ ക്വാർട്ടർ ഉറപ്പാക്കി ചെക്ക് റിപബ്ലിക്ക് ❞

യൂറോ കപ്പില്‍ ഗൂപ്പ് ഡിയില്‍ നിന്ന് ഇംഗ്ലണ്ടും ക്രൊയേഷ്യയും പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചെക് റിപ്പബ്ലിക്കിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് മുന്നേറിയത്. റഹീം സ്റ്റര്‍ലിംഗാണ് ഇംഗ്ലണ്ടിന്റെ ഏകഗോള്‍ നേടിയത്. സ്‌കോട്‌ലന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് ക്രൊയേഷ്യ അവസാന പതിനാറില്‍ ഇടം പിടിച്ചത്. ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ലൂകാ മോഡ്രിച്ച്, ഇവാന്‍ പെരിസിച്ച്, നിക്കോള വ്‌ളാസിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ നേടിയത്. കല്ലം മക്‌ഗ്രെഗോറിന്റെ വകയായിരുന്നു സ്‌കോട്‌ലന്‍ഡിന്റെ ഏക ഗോള്‍.

ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യയും സ്കോട്ലൻഡും തമ്മിൽ നടന്നത് ഒരു ജീവ ന്മരണ പോരാട്ടമായിരുന്നു. ഗ്രൂപ്പിൽ കേവലം ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും നിന്ന് കൊണ്ട് കളി ആരംഭിച്ച ഇരു ടീമുകൾക്കും വിജയം നിർബന്ധമായിരുന്നു. വിജയിക്കുന്ന ടീം പ്രീക്വാർട്ടർ ഉറപ്പിക്കും എന്ന് ഉറപ്പായിരുന്നു. മത്സരം അതുകൊണ്ട് തന്നെ ആവേശകരമായി. ആദ്യ പകുതിയിൽ 17ാം മിനിറ്റിൽ നിക്കോള വ്ലാസിച്ച് നേടിയ ഗോളിൽ ക്രൊയേഷ്യയാണ് ലീഡ് എടുത്തത്. ബോക്സിൽ വെച്ച് പെരിസിച്ചിൽ നിന്നും ലഭിച്ച പന്തിലാണ് വ്ലാസിച്ച് ഗോൾ നേടിയത്. കളിയിലേക്ക് തിരികെ വരാൻ ആത്മാർത്ഥമായി പരിശ്രമിച്ച സ്കോട്ലൻഡ് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായി സമനില പിടിച്ചു.

സ്കോട്ലൻഡിന്റെ ഒരു മുന്നേറ്റം തടയാൻ ശ്രമിക്കുന്നതിനിടെ ക്രൊയേഷ്യ ക്ലിയർ ചെയ്ത പന്ത് പിടിച്ചെടുത്ത മക്ഗ്രഗോർ ബോക്സിന് പുറത്ത് നിന്ന് എടുത്ത ഷോട്ട് ക്രൊയേഷ്യൻ പ്രതിരോധ നിരയേയും അവരുടെ ഗോളിയേയും മറികടന്ന് വലയിൽ കയറി. 1966ന് ശേഷം യൂറോയിൽ സ്കോട്‌ലൻഡിൻ്റെ ആദ്യ ഗോൾ ആയിരുന്നു അവർ മക്ഗ്രഗോറിലൂടെ നേടിയത്.രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ചായിരുന്നു ക്രൊയേഷ്യ. 62-ാം മിനിറ്റില്‍ വിസ്മയിപ്പിക്കുന്ന ഗോളിലൂടെ മോഡ്രിച്ച് ലീഡുയര്‍ത്തി. ബോക്‌സിന് പുറത്തുവച്ച് മാതിയോ കോവാസിച്ച് നല്‍കിയ പന്ത് പുറങ്കാലുകൊണ്ട് മോഡ്രിച്ച് സ്‌കോട്‌ലന്‍ഡ് വലയിലേക്ക് അടിച്ചുകയറ്റി. 77-ാം മിനിറ്റില്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ അവസാന ആണിയും അടിച്ചു. മോഡ്രിച്ചിന്റെ കോര്‍ണറില്‍ തലവച്ചാണ് പെരിസിച്ച് ഗോള്‍ മൂന്നാക്കിയത്.


ചെക്ക് റിപ്പബ്ലക്കിനെതിരെ വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിലേക്ക് കടന്നത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. റഹീം സ്റ്റെർലിങ് ആയിരുന്നു ഗോൾ നേടിയത്.കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും നാല് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. പരുക്ക് മാറിയെത്തിയ മഗ്വയറിനൊപ്പം ഗ്രീലിഷ്, സാക, കൈൽ വാക്കർ എന്നിവരും ആദ്യ ഇലവനിൽ ഇടം നേടി.സാക്കയുടെ മികച്ച മുന്നേറ്റം നൽകിയ അവസരത്തിൽ നിന്നു മികച്ച ക്രോസ് നൽകിയ ജാക്ക് ഗ്രീലിഷ് സ്റ്റെർലിങിനു ആയി അവസരം തുറന്നു. ഹെഡറിലൂടെ പന്ത് വലയിലെത്തിച്ച സ്റ്റെർലിങ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.

25ാം മിനിറ്റിൽ ഇംഗ്ലീഷ് നായകൻ ഹാരി കെയ്നിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോൾകീപ്പർ വാസ്ലിക് തട്ടിയകറ്റി. 27ാം മിനിറ്റിൽ ചെക്കിന്റെ ഹോൾസിന്റെ ലോങ്റേഞ്ചർ ഇംഗ്ലണ്ട് ഗോൾകീപ്പർ പിക്ക്ഫോർഡ് മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി. 34ാം മിനിറ്റിൽ ചെക്കിന്റെ സൗസെക്കിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് പോസ്റ്റിന് പുറത്തേക്ക് പറന്നു. പിന്നീട് അവസരങ്ങൾ പിറന്നെങ്കിലും ഗോൾ അകന്നു നിന്നു. വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലെത്തി.

7 പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ഡിയിൽ ഒന്നാമത് ഫിനിഷ് ചെയ്തു. ചെക്ക് റിപബ്ലിക്കിനും മൂന്നാമതുള്ള ക്രൊയേഷ്യക്കും 4 പോയിന്റ് വീതമാണ് അവസാന റൗണ്ട് കഴിഞ്ഞപ്പോൾ ഉള്ളത്. രണ്ട് ടീമുകളും തമ്മിൽ കളിച്ചപ്പോൾ സമനിലയിൽ ആയിരുന്നു കളി അവസാനിച്ചത്. ഗോൾ ഡിഫറൻസ് ആണെങ്കിൽ രണ്ടു ടീമുകൾക്കും തുല്യം. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ക്രൊയേഷ്യ ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. മികച്ച മൂന്നാം സ്ഥാനക്കാരായി ചെക്ക് റിപബ്ലിക്കും അടുത്ത റൗണ്ടിലേക്ക് കടക്കും.