രണ്ടാം ഏകദിനത്തിൽ തകർപ്പൻ വിജയവുമായി ഇംഗ്ലണ്ട്

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് 24 റൺസിന്റെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 232 റൺസിന്റെ വിജയ‌ ലക്ഷ്യം ഓസ്ട്രേലിയയ്ക്ക് മുന്നിൽ വെച്ച് നീട്ടിയപ്പോൾ, 207 റൺസിൽ അവരുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. പരാജയം മുന്നിൽക്കണ്ട മത്സരത്തിൽ ബോളിംഗ് നിരയുടെ ഉജ്ജ്വല പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ജയത്തോടെ പരമ്പര 1-1ന് സമനിലയിലാക്കാൻ ഇംഗ്ലണ്ടിനായി.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡിൽ 29 റൺസെത്തിയപ്പോൾ ഓപ്പണർമാർ രണ്ട് പേരുടേയും വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്ന അവർക്ക് ഇതോടെ വലിയ സ്കോറെന്ന ലക്ഷ്യം അകലെയായി. 42 റൺസെടുത്ത് ക്യാപ്റ്റൻ ഓയിൻ മോർഗൻ ഇംഗ്ലണ്ടിന്റെ ടോപ്‌സ്കോററായപ്പോൾ, ജോ റൂട്ട 39 റൺസ് നേടി.149/8 എന്ന നിലയില്‍ ഓള്‍ഔട്ട് ഭീഷണി നേരിട്ട ഇംഗ്ലണ്ടിനെ ടോം കറനും ആദില്‍ റഷീദും കൂടി നേടിയ റണ്‍സാണ് രക്ഷിച്ചെടുത്തത്. 37 റണ്‍സ് നേടിയ ടോം കറന്‍ അവസാന ഓവറില്‍ മിച്ചല്‍ മാര്‍ഷിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ആദില്‍ റഷീദ് 35 റണ്‍സുമായി പുറത്താകാതെ നിന്നു.ഒമ്പതാം വിക്കറ്റില്‍ 76 റണ്‍സ് കൂട്ടുകെട്ടുമായി ആദില്‍ റഷീദും ടോം കറനുമാണ് ഇംഗ്ലണ്ടിനെ 200 കടത്തിയതും പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചതും.

picture Source:AFP

വിജയ ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് സ്കോർ ബോർഡിൽ 37 റൺസെത്തിയപ്പോൾ ഓപ്പണർ ഡേവിഡ് വാർണറുടേയും, മാർക്കസ് സ്റ്റോയിനിസിന്റേയും വിക്കറ്റ് നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഫിഞ്ചും, ലബുഷാനെയും ഒത്തുചേർന്നതോടെ ടീം കുതിച്ചു. 107 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും നേടിയത് ‌. പിന്നീട് തുടർച്ചയായി 3 വിക്കറ്റുകൾ കൂടി നഷ്ടമായ അവർ 147/6 എന്ന സ്കോറിലേക്ക് തകർന്നു വീണു.ഓസ്‌ട്രേലിയക്ക് വേണ്ടി ഫിഞ്ച് 73 റൺസും മർകസ് ലബഷെയിൻ 48 റൺസും അലക്സ് കാരി 36 റൺസുമെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ക്രിസ് വോക്‌സും ജോഫ്രാ ആർച്ചറും ചേർന്നാണ് ഇംഗ്ലണ്ടിന് ജയം നേടിക്കൊടുത്തത്.