“ലോക റെക്കോഡ് ടീം സ്‌കോറുമായി ഇംഗ്ലണ്ട്, ബാറ്റിംഗ് വെടികെട്ടുമായി ബട്ട്ലർ”

ഇംഗ്ലണ്ട് – നെതർലൻഡ്‌സ് ഏകദിന പരമ്പരയിലെ പുരോഗമിക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ ടോട്ടൽ. നെതർലൻഡ്‌സിലെ അംസ്റ്റൽവീനിൽ പുരോഗമിക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ്‌ ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 498 റൺസ് നേടി. ഇതോടെ, അന്താരാഷ്ട്ര ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്‌കോർ എന്ന സ്വന്തം പേരിലുണ്ടായിരുന്ന റെക്കോർഡ് ഇംഗ്ലണ്ട് തകർത്തു.

നേരത്തെ, 2018-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് നേടിയ 481 റൺസായിരുന്നു ഇതിന് മുമ്പത്തെ റെക്കോർഡ്. ഈ റെക്കോർഡാണ് ഇംഗ്ലണ്ട് ഇപ്പോൾ തിരുത്തി കുറിച്ചിരിക്കുന്നത്. മത്സരത്തിലേക്ക് വന്നാൽ, ജോസ് ബട്ട്‌ലർ, ഡേവിഡ് മലൻ, ഫിൽ സാൾട്ട് എന്നിവർ ഇംഗ്ലണ്ടിന് വേണ്ടി സെഞ്ച്വറി നേടിയപ്പോൾ, ലിയാം ലിവിംഗ്സ്റ്റൺ ഇംഗ്ലണ്ടിന്റെ ഏറ്റവും വേഗതയേറിയ ഏകദിന അർദ്ധ സെഞ്ച്വറി നേടി.

ഓപ്പണർ ജെയ്സൺ റോയ് (1) തുടക്കത്തിലെ നിരാശപ്പെടുത്തിയെങ്കിലും, രണ്ടാം വിക്കറ്റിൽ ഫിൽ സാൾട്ടും ഡേവിഡ് മലനും ചേർന്ന് 222 റൺസ് കെട്ടിപ്പടുത്തു. 93 പന്തിൽ 14 ഫോറും 3 സിക്സും സഹിതം ഫിൽ സാൾട്ട് 122 റൺസ് നേടിയപ്പോൾ, 109 പന്തുകൾ നേരിട്ട ഡേവിഡ് മലൻ 9 ഫോറും 3 സിക്സും സഹിതം 125 റൺസ് നേടി. തുടർന്ന്, ക്രീസിലെത്തിയ ജോസ് ബട്ട്ലർ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലണ്ട് സ്കോർബോർഡ് ശരവേഗത്തിൽ കുതിച്ചു.

70 പന്തിൽ 7 ഫോറും 14 സിക്സും സഹിതം 162 റൺസെടുത്ത ബട്ട്ലർ പുറത്താകാതെ ക്രീസിൽ തുടർന്നു. ക്യാപ്റ്റൻ ഓയിൻ മോർഗൻ (0) നഷ്ടപ്പെടുത്തിയെങ്കിലും, ആറാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റൺ 22 പന്തിൽ നിന്ന് 6 ഫോറും 6 സിക്സും സഹിതം 66 റൺസ് നേടി പുറത്താകാതെ നിന്നു.

Rate this post