❝ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇംഗ്ലണ്ടും ചെക്കും ഇന്നിറങ്ങും ; ക്രോയേഷ്യക്ക് ജീവൻ മരണ പോരാട്ടം❞

യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇംഗ്ലണ്ടും ചെക് റിപ്പബ്ലികും ഇന്നിറങ്ങും.സമനില നേടിയാല് ഇരു ടീമുകൾക്കും നോക്കൌട്ടിലെത്താം. അതേ സമയം ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യക്ക് പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ സ്കോട്ലൻഡിനെ തോൽപ്പിച്ചേ തീരൂ.ഗ്രൂപ്പിൽ നാലു ടീമുകൾക്കും ഇപ്പോഴും പ്രീക്വാർട്ടർ പ്രതീക്ഷയുണ്ട്‌. 4 പോയിന്റുമായി ചെക്ക് റിപബ്ലിക് ഒന്നാമതും നാലു പോയിന്റ് തന്നെയുള്ള ഇംഗ്ലണ്ട് രണ്ടാമതുമാണ് ഉള്ളത്.

ക്രൊയേഷ്യയെ തോൽപ്പിച്ച് തുടങ്ങിയ ഇംഗ്ലണ്ട് പക്ഷെ ഫുട്ബോളിലെ ബദ്ധവൈരികളായ സ്കോട്ലൻഡിനോട് നിറം മങ്ങി. ​ ഇം​ഗ്ലണ്ടിന് രണ്ട് കളിയിൽ നിന്നുളളത് നാല് പോയിന്റ് ആണുള്ളത്.രണ്ടു മത്സരങ്ങളിലും അവസരങ്ങൾ സൃഷ്ടിക്കാൻ ഇംഗ്ലണ്ട് കഷ്ടപ്പെടുന്നതാണ് കണ്ടത്. സൗത്ഗേറ്റിന്റെ ടീം തിരഞ്ഞെടുപ്പും കെയ്നിനെ പോലുള്ളവരുടെ പ്രകടനങ്ങളും വലിയ വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. ഇന്ന് കാര്യമായ മാറ്റങ്ങളുമായാകും ഇംഗ്ലണ്ട് ഇറങ്ങുക.ചെക് റിപ്പബ്ലിക്കിനോട് സമനില പിടിച്ചാൽ ഗാരത് സൌത്ഗേറ്റിന് ആശ്വസിക്കാം. നോക്കൌട്ടിൽ ഇംഗ്ലണ്ട് സാന്നിധ്യം ഉറപ്പാകും. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയാകും ഇംഗ്ലണ്ടിന്റെ ലക്ഷ്യം.

ഇംഗ്ലണ്ടിനെതിരെ ഒരു സമനില നേടിയാല്‍ ചെക്കിന് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റിനൊപ്പം ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന പദവിയും സ്വന്തമാക്കാം. അവസാന മത്സരത്തില്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസം ചെക്കിനുണ്ടാകും. പരിക്ക് മാറിയ ഡിഫൻഡർ ഹാരി മഗ്വെയറിന് ഇംഗ്ലണ്ട് ടീമിലെത്തും. മൂന്ന് ഗോളുമായി കുതിക്കുന്ന പീറ്റർ ഷീക്കിന്റെ കാലുകളിലാണ് ചെക്കിന്റെ പ്രതീക്ഷ. ഇരു ടീമുകളും ഒടുവിൽ ഏറ്റുമുട്ടിയപ്പോൾ ഇംഗ്ലണ്ട് തോറ്റിരുന്നു. എന്നാൽ വെംബ്ലിയിലെ അവസാന മത്സരത്തിൽ ചെക് വലയിൽ ഇംഗ്ലണ്ട് നിറച്ചത് അഞ്ച് ഗോളുകളായിരുന്നു.വെബ്ലി സ്റ്റേഡിയത്തിലാണ് മത്സരമെന്നത് ഇംഗ്ലണ്ടിന് മേല്‍ക്കൈ നല്‍കും. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 12.30നാണ് മത്സരം നടക്കുക.

ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യക്കും യൂറോയില്‍ ഇതുവരെ ജയം നേടാനായിട്ടില്ല. സ്കോട്ട്ലന്‍ഡിനെ നല്ല മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ ടീമിന് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കാന്‍ സാധിക്കു.രണ്ട് ടീമുകള്‍ക്കും പ്രതികൂലമായി നില്‍ക്കുന്നത് സ്കോറിങ്ങിലെ പിഴവുകളാണ്. മികച്ച പ്രതിരോധം തീര്‍ക്കുന്ന സ്കോട്ട്ലന്‍ഡിനെ നേരിടുക ക്രൊയേഷ്യക്ക് എളുപ്പമാകില്ല.ഇംഗ്ലണ്ടിനെ സമനിലയിൽ പിടിച്ച സ്കോട്ലൻഡിനും ക്രൊയേഷ്യക്കെതിരെ ജയിച്ചാൽ പ്രീ ക്വാർട്ടർ സാധ്യതയുണ്ട്. ഇതുവരെ നേരിട്ട് ഏറ്റുമുട്ടിയ അഞ്ച് കളിയിലും സ്കോട്ലന്ഡിനെ തോൽപ്പിക്കാനിയിട്ടില്ലെന്ന യാഥാർത്ഥ്യം ക്രൊയേഷ്യക്ക് മുന്നിലുണ്ട്.

അതാവർത്തിച്ചാൽ മോഡ്രിച്ചും പെരിസിച്ചും ഈ യൂറോയുടെ നഷ്ടമാകും.ഗ്രൂപ്പിൽ മൂന്നാമതുള്ള ക്രൊയേഷ്യക്കും നാലാമതുള്ള സ്കോട്ലൻഡിനും ഒരു പോയിന്റ് വീതമാണ് ഉള്ളത്. ഇരു ടീമുകൾക്കും ഇന്ന് വിജയിച്ചാലെ എന്തെങ്കിലും പ്രതീക്ഷ ബാക്കിയുണ്ടാകു. മികച്ച മൂന്നാം സ്ഥാനക്കാരാവണമെങ്കിൽ വരെ ഇരു ടീമുകൾക്കും വിജയം അത്യാവശ്യമാണ്.തിങ്കളാഴ്ച രാത്രി 12.30ന് സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവില്‍ ആണ് മത്സരം. സ്വന്തം മൈതാനത്തിന്റെ ആനുകൂല്യം സ്‌കോട്ട്‌ലന്‍ഡിനുണ്ടാകും.