❝എല്ലാ കണ്ണുകളും കോലിയിൽ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ക്യാപ്റ്റനെ കാത്തിരിക്കുന്ന റെക്കോർഡുകൾ ❞

ഇന്ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ നോക്കികാണുന്നത്.ഇംഗ്ലണ്ടിനേക്കാള്‍ മികച്ച താരനിരയുള്ള ഇന്ത്യക്ക് അവസരത്തിനൊത്ത് ഉയരാനായാല്‍ പരമ്പര സ്വന്തമാക്കാം.2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കം നേടി തിളങ്ങിയ കോലിക്ക് ഇത്തവണയും നേട്ടം ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയാം. അഞ്ച് റെക്കോഡുകള്‍ കോലിയെ ഇംഗ്ലണ്ടില്‍ കാത്തിരിക്കുന്നുണ്ട്.

8000 ടെസ്റ്റ് റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനുള്ള സുവര്‍ണ്ണാവസരം കോലിക്ക് മുന്നിലുണ്ട്. 453 റണ്‍സാണ് ഈ നേട്ടത്തിലെത്താന്‍ കോലിക്ക് വേണ്ടത്. 92 ടെസ്റ്റില്‍ നിന്ന് 7547 റണ്‍സാണ് നിലവില്‍ കോലിയുടെ പേരിലുള്ളത്. ഇതില്‍ 27 സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയുമുണ്ട്. ടെസ്റ്റ് റണ്‍സില്‍ ജസ്റ്റിന്‍ ലാംഗര്‍ (7696),ഇയാന്‍ ബെല്‍ (7727),മൈക്കല്‍ അതര്‍ട്ടന്‍ (7728) എന്നിവരെയെല്ലാം മറികടക്കാന്‍ കോലിക്ക് അവസരമുണ്ട്.

ഇംഗ്ലണ്ടിനെതിരേ 2000 ടെസ്റ്റ് റണ്‍സെന്ന ചരിത്ര നേട്ടത്തിലെത്താനുള്ള അവസരവും കോലിക്ക് മുന്നിലുണ്ട്. ഇതിനായി 211 റണ്‍സാണ് അഞ്ച് മത്സരങ്ങളില്‍ നിന്ന് കോലിക്ക് വേണ്ടത്. രാഹുല്‍ ദ്രാവിഡിന്റെ (1950) റെക്കോഡ് മറികടക്കാനും കോലിക്ക് സാധിക്കും. ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ 2000 റണ്‍സ് നേടിയവരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സുനില്‍ ഗവാസ്‌കര്‍,അലെസ്റ്റര്‍ കുക്ക് എന്നിവരോടൊപ്പമെത്താന്‍ ഇന്ത്യന്‍ നായകന് സാധിക്കും.

ഇന്ത്യക്കായി ടെസ്റ്റില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേട്ടക്കാരുടെ ടോപ് ഫൈവിലെത്താനും കോലിക്ക് അവസരമുണ്ട്. മൂന്ന് ഫിഫ്റ്റിയാണ് ഇതിനായി കോലിക്ക് വേണ്ടത്. ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍,രാഹുല്‍ ദ്രാവിഡ്,സുനില്‍ ഗവാസ്‌കര്‍,വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ് ടോപ് ഫോറിലുള്ളത്. അഞ്ചാം സ്ഥാനത്തുള്ള വീരേന്ദര്‍ സെവാഗിനെ മറികടക്കാനുള്ള അവസരമാണ് കോലിക്ക് മുന്നിലുള്ളത്.

33കാരനായ കോലി 2019 സെപ്തംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ടില്‍ സെഞ്ച്വറി നേടിയാല്‍ സ്റ്റീവ് സ്മിത്തിന്റെ 27 ടെസ്റ്റ് സെഞ്ച്വറി റെക്കോഡിനെ മറികടക്കാം. ഹാഷിം അംല,മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരുടെ 28 സെഞ്ച്വറി നേട്ടത്തിനൊപ്പമെത്താനും അദ്ദേഹത്തിനാവും. ഒരു ഇരട്ട സെഞ്ച്വറി നേടിയാല്‍ കൂടുതല്‍ ഇരട്ട സെഞ്ച്വറിക്കാരില്‍ മഹേല ജയവര്‍ധനയെ മറികടക്കാനും ഇന്ത്യന്‍ നായകന് സാധിക്കും.

ഒരു ജയം കൂടി നേടിയാല്‍ ടെസ്റ്റ് നായകനെന്ന നിലയില്‍ കൂടുതല്‍ ജയമെന്ന റെക്കോഡില്‍ ക്ലൈവ് ലോയ്ഡിനെ മറികടക്കാന്‍ കോലിക്കാവും. കോലി 61 മത്സരത്തില്‍ നിന്ന് ഇന്ത്യക്ക് 36 ജയം സമ്മാനിച്ചപ്പോള്‍ ലോയ്ഡ് 74 മത്സരത്തില്‍ നിന്ന് 36 ജയമാണ് നേടിക്കൊടുത്തത്. 2007ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയത്. ഇത്തവണ ഇന്ത്യയെ ഇംഗ്ലണ്ടില്‍ പരമ്പര ചൂടിച്ചാല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ നായകന്മാരില്‍ ദ്രാവിഡിന്റെയും കപില്‍ ദേവിന്റെയും അജിത് വഡേക്കറിന്റെയും റെക്കോഡിനൊപ്പമെത്താന്‍ കോലിക്കാവും.

(കടപ്പാട്)