ബാൺസ്ലിക്കെതിരെ ഗോളിൽ ആറാടി ചെൽസി

ഇംഗ്ലീഷ് ലീഗ് കപ്പിൽ ബാൺസ്ലിക്കെതിരെ ഗോൾ വർഷത്തോടെ ചെൽസിക്ക് ഉജ്ജ്വല ജയം. ഏകപക്ഷീയമായ 6 ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ഈ ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ തുക നൽകി ചെൽസി സ്വന്തമാക്കിയ ഹാവേർട്സിന്റെ ഹാട്രിക്കാണ് ചെൽസിക്ക് ഉജ്ജ്വല വിജയം നേടിക്കൊടുത്തത് . ഹാവേർട്സിനെ കൂടാതെ ടാമി എബ്രഹാം, റോസ് ബാർക്ലി, ഒലിവിയർ ജിറൂദ് എന്നിവരാണ് ഗോളുകൾ നേടിയത്.

എന്നാൽ മത്സരത്തിൽ 6 ഗോളുകൾ ബാൺസ്ലിയുടെ വലയിൽ ചെൽസി അടിച്ചു കയറ്റിയെങ്കിലും ചെൽസിക്ക് ആദ്യ പകുതിയിൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ച ബാൺസ്ലി ചെൽസി പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടേയിരുന്നു. ചെൽസിക്ക് വേണ്ടി ഗോൾ പോസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത വില്ലി കബെയെറോയാണ് ബാൺസ്ലിക്ക് വിലങ്ങുതടിയായത്. ചെൽസിക്ക് വേണ്ടി പ്രതിരോധ താരങ്ങളായ തിയാഗോ സിൽവയും ബെൻ ചിൽവെല്ലും ഇന്നത്തെ മത്സരത്തിൽ അരങ്ങേറ്റം നടത്തുകയും ചെയ്തു.

മറ്റു മത്സരങ്ങളിൽ എവെർട്ടൻ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ഫ്‌ളീറ്റ് വുഡിനെ പരാജയപ്പെടുത്തി. വിജയികൾക്ക് വേണ്ടി ബ്രസീലിയൻ താരം റിചാലിസൺ രണ്ടു ഗോളുകൾ നേടി. ന്യൂ കാസിൽ യുനൈറ്റഡ് 7 ഗോളിന്റ്റെ വിജയമാണ് മൊറേക്യാമ്പിക്കെതിരെ സ്വന്തമാക്കിയത്.ആഴ്‌സണൽ ലെസ്റ്റർ സിറ്റിക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളിന്റെ വിജയം സ്വന്തമാക്കി