ഗോൾ വർഷവുമായി ലിവർപൂൾ , മാഞ്ചസ്റ്റർ സിറ്റി കടന്നു കൂടി

ചാമ്പ്യൻഷിപ്പ് ടീം ലിങ്കൺ സിറ്റിക്കെതിരെ മിന്നുന്ന വിജയവുമായി ലിവർപൂൾ. പ്രധാന താരങ്ങൾക്ക് ഒക്കെ വിശ്രമം നൽകിയിട്ടും ലിവർപൂളിന്റെ ഗോളടിക്ക് ഒരു കുറവുമില്ല. ലീഗ് കപ്പ് മൂന്നാം റൗണ്ടി ലിങ്കൺ സിറ്റിക്ക് എതിരെ ഇറങ്ങിയ ലിവർപൂൾ അടിച്ചത് ഏഴ് ഗോളുകളാണ്. ഒമ്പതു ഗോളുകൾ പിറന്ന മത്സരത്തിൽ 7-2ന്റെ വലിയ വിജയവും ക്ലോപ്പിന്റെ ടീം സ്വന്തമാക്കി. ഷകീരിയുടെ ഫ്രീകിക്കിൽ തുടങ്ങിയ ഗോൾ വേണ്ട ലിവർപൂൾ അവസാനം വരെ തുടർന്നു.

മിനാമിനോ, യുവതാരം കർടിസ് ജോൺസ് എന്നിവർ ഇരട്ട ഗോളുകളുമായാണ് തിളങ്ങിയത്. ഗ്രുജിക്, ഒറിഗി എന്നിവരും ഗോളുകൾ നേടി. ഇന്ന് പിറന്ന ഏഴ് ഗോളുകളിൽ നാലു പെനാൾട്ടി ബോക്ക്സിന് പുറത്തു നിന്നുള്ള ഷോട്ടുകളിൽ നിന്നായിരുന്നു. ലിവർപൂളിന്റെ പുതിയ സൈനിംഗ് ജോട ഇന്ന് ലിവർപൂളിന് വേണ്ടി അരങ്ങേറ്റം നടത്തുന്നതും കാണാൻ ആയി. മാനെ, സാല, അലിസൺ, ഫർമീനോ, എന്ന് തുടങ്ങി പ്രധാന താരങ്ങൾ ഒന്നും ഇന്ന് കളത്തിൽ ഇറങ്ങിയില്ല.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഫിൽ ഫോഡൻ നേടിയ ഗോളിൽ ബൗൺമൗത്തിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റിയുടെ വിജയം.മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ ഫോഡന്റെ പാസ് സ്വീകരിച്ച് യുവതാരം ഡെലാപ് ആണ് സിറ്റിക്ക് ലീഡ് നൽകിയത്. എന്നാൽ 22ആം മിനുട്ടിൽ സുറിഡ്ജിലൂടെ സമനില തിരിച്ചുപിടിക്കാൻ ബൗണ്മതിനായി. പിന്നീടാൺ ഫോഡൻ ഹീറോ ആയി എത്തിയത്. 75ആം മിനുട്ടിൽ ആയിരുന്നു ഫിൽ ഫോഡന്റെ വിജയ ഗോൾ വന്നത്.ചാമ്പ്യൻഷിപ്പ് ക്ലബായ ബൗണ്മതിന് എതിരായ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമായാണ് ഫോഡൻ തിളങ്ങി നിന്നു .