❝ടോപ് ഫോർ ലക്ഷ്യം വെച്ച് ആഴ്‌സണൽ ഇന്ന് എമിറേറ്റ്സിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും❞ |Arsenal vs Manchester United

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എമിറേറ്റ്സിൽ ആഴ്സണലിനെ നേരിടും. ചെൽസിക്കെതിരായ ശക്തമായ വിജയത്തിന്റെ അകമ്പടിയോടെയാണ് ആഴ്‌സണൽ എത്തുന്നത് എന്നാൽ ലിവർപൂളിനെതിരെയുള്ള ദയനീയ തോൽവിക്ക് ശേഷമാണ് യുണൈറ്റഡ് എത്തുന്നത് .

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടർച്ചയായി മൂന്ന് തോൽവികൾക്ക് ശേഷമാണ് 4-2ന് ആഴ്‌സണൽ ജയിച്ചത്.പ്രായോഗികമായി ഒരു പ്രതിരോധവും കളിക്കാത്ത ഒരു ടോപ്‌സി ടർവി ഗെയിമായിരുന്നു ഇത്. മൈക്കൽ ആർട്ടെറ്റ തന്റെ കളിക്കാരുടെ മനോഭാവത്തെ ശരിയായി പ്രശംസിച്ചു, ആഴ്സണൽ പോയിന്റ് നിലയിൽ സ്പര്സിനോപ്പമാണ് . ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ തിരിച്ചുവരവാണ് ഗണ്ണേഴ്സിന്റെ ആത്യന്തിക ലക്ഷ്യം.

ബുക്കയോ സാക്ക, എമിൽ സ്മിത്ത് റോ, ചെൽസിക്കെതിരായ താരം എഡ്ഡി എൻകെറ്റിയ തുടങ്ങി ഏത് എതിരാളിക്കെതിരെയും പിടിച്ചുനിൽക്കാൻ കഴിവുള്ള യുവതാരങ്ങളുടെ ഒരു കൂട്ടം അവർക്കുണ്ട്. പ്രതിരോധത്തിലെ ചില പ്രശ്നങ്ങളാണ് ആഴ്സണലിന്‌ തലവേദനയാവുന്നത്.ഗണ്ണേ ഴ്‌സിന് ഹോം ഗ്രൗണ്ടിൽ ഒരു വിജയം നേടാനായാൽ നാലാം സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ അവർ എതിരാളികളെ ഫലത്തിൽ പുറത്താക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഇത് മികച്ച സമയമല്ല. നോർവിചിനെതിരെ മികച്ച വിജയം നേടിയ യുണൈറ്റഡിന് ലിവർപൂളിനെതിരെയുള്ള തോൽവി വലിയ തിരിച്ചടിയയായി മാറി. ടോപ് ഫോറിൽ സ്ഥാനം നേടാനാണമെങ്കിൽ യുണൈറ്റഡിന് ഇന്നത്തെ മത്സരത്തിൽ ഒരു വിജയം അനിവാര്യമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ കണ്ടെത്തുന്നുണ്ടെങ്കിലും പിന്തുണ നല്കാൻ സഹ താരങ്ങൾക്ക് സാധിക്കുന്നില്ല. പഴുതുകളുള്ള പ്രതിരോധമാണ് യുണൈറ്റഡിന്റെ ഏറ്റവും വലിയ പ്രശ്‍നം .ഹാരി മാഗ്വറിന് മികച്ച സീസണില്ലെങ്കിലും ഇംഗ്ലീഷ് താരത്തിൽ നിന്നും യുണൈറ്റഡ് കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ ആ ഡിപ്പാർട്ട്‌മെന്റിൽ യുണൈറ്റഡിന്റെ പ്രകടനം എങ്ങനെയായിരിക്കും എന്നതായിരിക്കും എല്ലാവരും നോക്കുന്നത്.

ആഴ്സണലിനെ സംബന്ധിച്ചിടത്തോളം അവരുടെ യുവ ആക്രമണകാരികളിലും പ്രത്യേകിച്ച് ബുക്കയോ സാക്കയിലും വളരെയധികം പ്രതീക്ഷയുണ്ട്. 31 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി മികച്ച തിരിച്ചുവരവാണ് ഇംഗ്ലീഷ് താരം നടത്തിയത്.വലത് വശത്ത് കളിക്കുന്ന സാക്ക ഫുൾബാക്കിന് സ്ഥിരമായ ഭീഷണിയാണ്.മാത്രമല്ല ചെൽസിക്കെതിരെ മാർക്കോസ് അലോൻസോയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം തന്റെ പെനാൽറ്റി ഗോളാക്കി മാറ്റുകയും ചെയ്തു.സാക്കക്ക് പന്തുമായി വേഗത്തിൽ ഓടാൻ കഴിയും അവനെ തടയാൻ പ്രയാസമാണ്. മറുവശത്ത് നന്നായി കളിക്കുന്ന ഒരു തകർപ്പൻ പ്രതിരോധക്കാരനാണ് അലക്സ് ടെല്ലസ്. സാക്കയെ തടയണമെങ്കിൽ അയാൾ നിരന്തരം പിന്നോട്ടിറങ്ങുകയും ജാഗ്രത പാലിക്കുകയും വേണം. അതുപോലെ ഹാരി മഗ്വെയറും സ്ഥാനത്ത് നിന്ന് വലിച്ചിഴക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണം.

യുണൈറ്റഡിന്റെ പ്രതീക്ഷകൾ എല്ലാം റൊണാൾഡോയിലാണ്.വർഷങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ ഫ്രീ കിക്ക് ഉൾപ്പെടെ നോർവിച്ചിനെതിരെ ഒരു ഹാട്രിക്ക് നേടുകയും ചെയ്തു.ആ മൂന്ന് ഗോളുകൾ അദ്ദേഹത്തെ സീസണിൽ ഗോളുകളുടെ എണ്ണം 21 ൽ എത്തിച്ചു.മാത്രമല്ല ആഴ്‌സണലിന്റെ ബാക്ക്‌ലൈൻ മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത് അത് റൊണാൾഡോ മുതലെടുക്കുകയും ചെയ്യും.നാലാം സ്ഥാനത്തുള്ള ടോട്ടൻഹാമിനും അഞ്ചാം സ്ഥാനത്തുള്ള ആഴ്സണലിനും 32 മത്സരങ്ങളിൽ നിന്നും 57 പോയിന്റും ആറാം സ്ഥാനത്തുള്ള യുണൈറ്റഡിന് 33 മത്സരങ്ങളിൽ നിന്നും 54 പോയിന്റുമാണുള്ളത്.