വമ്പന്മാരുടെ പോരാട്ടത്തിൽ ലിവർപൂളിന് മിന്നുന്ന ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ ഗ്ലാമർ പോരാട്ടത്തിൽ ചെൽസിക്കെതിരെ ലിവർപൂളിന് ജയം.ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ലിവർപൂളിനോട് എതിരില്ലാത്ത 2 ഗോളുകൾക്കാണ് ചെൽസി തോൽവി വഴങ്ങിയത്. രണ്ടാം പകുതിയിൽ പത്തുപേരുമായി കളിച്ച ചെൽസി ലഭിച്ച പെനാൽറ്റിയും നഷ്ടപ്പെടുത്തി. ചെൽസി ഗോൾകീപ്പർ കെപ്പയുടെ പിഴവിൽ നിന്നാണ് ലിവർപൂൾ രണ്ടാം ഗോൾ നേടിയത്. ലിവർപൂളിനായി സാദിയോ മാനെയാണ് രണ്ടു ഗോളുകളും നേടിയത്.

മത്സരത്തിൽ പൂർണ ആധിപത്യം നേടിയ ലിവര്പൂളിനെതിരെ വെല്ലുവിളി ഉയർത്താൻ ചെൽസിക്കയില്ല. സസ്പെന്ഷനിലായിരുന്ന കോവാച്ചിച് ചെൽസി നിരയിലേക്ക് മടങ്ങി വന്നപ്പോൾ ലിവർപൂൾ നിരയിൽ ഫാബിഞ്ഞോ സെന്റർ ബാക്ക് റോളിലാണ് കളിച്ചത്. ഇരു ടീമുകളും പതുക്കെ തുടങ്ങിയ ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമിനും സാധിച്ചില്ല. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ മാനെയെ ഫൗൾ ചെയ്തതിന് ഡിഫൻഡർ അന്ദ്രീയാസ് ക്രിസ്റ്റിയൻസൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ചെൽസിക്ക് വൻ തിരിച്ചടിയായി. ഡിഫെൻസിനു ശക്തി പകരാൻ രണ്ടാം പകുതിയിൽ ഹാവേർട്സിന്റെ പകരം ടിമോറിയെ ഇറക്കി ആണ് ചെൽസി ഇറങ്ങിയത്.

ലിവർപൂൾ ഹെൻഡേഴ്സനെ പിൻവലിച്ചു അരങ്ങേറ്റ താരം തിയാഗോയെയും ഇറക്കി.കളിയുടെ 50 ആം മിനുട്ടിൽ മനേയിലൂടെ ലിവർപൂൾ ലീഡ് നേടി മനോഹരമായ ചെറിയ പാസ്സുകളിലൂടെ മുന്നേറിയ ഫിർമിനോ വലതുവിങ്ങിൽ നിന്നും കൊടുത്ത ക്രോസ്സ് ഹെഡ്ഡറിലൂടെ മാനേ വലയിലാക്കി.ഏറെ വൈകാതെ 54 ആം മിനുട്ടിൽ കെപ്പയുടെ വൻ പിഴവ് മുതലാക്കി മാനെ വീണ്ടും ചെൽസി വല കുലുക്കിയതോടെ ചെൽസിയുടെ നേരിയ പ്രതീക്ഷ പോലും അസ്തമിച്ചു.

75 ആം മിനുട്ടിൽ ജർമൻ സ്‌ട്രൈക്കർ വെർണറെ വീഴ്ത്തിയതിന് ചെൽസിക്ക് പെനാൽറ്റി ലഭിച്ചു.എന്നാൽ ചെൽസി മത്സരത്തിലേക്ക് തിരിച്ചു വരുമെന്ന് തോന്നിച്ചെങ്കിലും ജോർജിഞ്ഞോയുടെ പെനാൽറ്റി അലിസൻ തടുത്തു.84 ആം മിനുട്ടിൽ ചെൽസി താരം അബ്രഹാമിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല . 2 മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു തോൽവിയുമായി ചെൽസി 10 ആം സ്ഥാനത്താണ്.2 മത്സരവും ജയിച്ച ലിവർപൂൾ മൂന്നാമതാണ്.