മാഞ്ചസ്റ്റർ സിറ്റിയെ പിടിച്ചു കെട്ടി ലീഡ്സ് യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ലീഡ്സും തമ്മിൽ സമനിലയിൽ അവസാനിച്ചു എങ്കിലും ഫുട്ബോൾ ആരാധകർക്ക് അവർ അടുത്തു കണ്ട മികച്ച മത്സരങ്ങളിൽ ഒന്നായിരിക്കും. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് സമനില നേടാൻ ലീഡ്സ് യുണൈറ്റഡിനായി . ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളാണ് നേടിയത്.

കഴിഞ്ഞ മത്സരത്തിൽ ലെസ്റ്റർ സിറ്റിയോട് ഏട്ടാ അഞ്ചു ഗോൾ തോൽ‌വിയിൽ നിന്നും മുക്തി നേടാൻ ഇറങ്ങിയ സിറ്റിയെ ലീഡ്സ് വരിഞ്ഞു മുറുക്കി . മത്സരത്തിന്റെ 17ആം മിനുട്ടിൽ സ്റ്റെർലിംഗിന്റെ ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തത്. ആ ഗോളിന് ശേഷം ഒന്ന് പതറിയെങ്കിലും ലീഡ്സ് ശക്തമായി തിരിച്ചുവന്നു. ആദ്യ പകുതിയുടെ അവസാനം മുതൽ കളിയുടെ നിയന്ത്രണം ബിയെൽസയുടെ ടീം ഏറ്റെടുത്തു. രണ്ടാം പകുതിയിൽ തുടർച്ചയായി സിറ്റി പ്രതിരോധത്തെ പരീക്ഷിച്ച ലീഡ്സ് അറ്റാക്ക് 59ആം മിനുട്ടിൽ സമനില നേടി.

സബ്ബായി എത്തിയ റോഡ്രിഗോയിലൂടെ ആയിരുന്നു ഗോൾ. സ്പെയിനിൽ നിന്ന് ലീഡ്സിൽ എത്തിയ ശേഷമുള്ള റോഡ്രിഗോയുടെ ആദ്യ ഗോളായിരുന്നു ഇത്. അതിനു ശേഷം ഒരുപാട് അവസരങ്ങൾ ലീഡ്സ് സൃഷ്ടിച്ചു എങ്കിലും ഗോൾകീപ്പർ എഡേഴ്സന്റെ മികവ് സിറ്റിയെ രക്ഷിച്ചു. മൂന്നു കളികളിൽ നിന്നും നാലു പോയിന്റുമായി 11 ആം സ്ഥലത്താണ് മാഞ്ചസ്റ്റർ സിറ്റി.