നാലു ഗോളുമായി സോൺ, ടോട്ടൻഹാമിന്‌ തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ടോട്ടൻഹാമിന്‌ തകർപ്പൻ ജയം.സൗതാംപ്ടനെതിരെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു സ്പർസിന്റെ വിജയം. നാലു ഗോളുകൾ നേടിയ സൗത്ത് കൊറിയൻ ഫോർവേഡ് സോൺ ഹ്യൂങ്-മിയും നാലു ഗോളുകൾക്ക് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്ത ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്‌നിന്റെയും മികച്ച പ്രകടനമാണ് ടോട്ടൻഹാമിന്‌ പ്രീമിയർ ലീഗിലെ ആദ്യ വിജയം നേടിക്കൊടുത്തത്. സൗതാംപ്ടന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ച സ്പർസ് 5-2ന്റെ വിജയമാണ് സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ സ്‌ട്രൈക്കർ ഇംഗ്സിന്റെ സ്ട്രൈക്കിലൂടെ ആയിരുന്നു സൗത്താംപ്ടൺ ലീഡ് എടുത്തത്. പക്ഷെ ആ ഗോളൊടെ സ്പർസിന്റെ അറ്റാക്ക് ഉണർന്നു. പിന്നീട് കെയ്നും സോണും കൂടെ സൗതാപ്ടണെ തകർക്കുന്ന കാഴ്ചയാണ് കണ്ടത് . ആദ്യ പകുതിക്ക് തൊട്ടു മുമ്പ് കെയ്നിന്റെ പാസിൽ നിന്ന് സോൺ സ്പർസിന്റെ ആദ്യ ഗോൾ നേടി സമനില നൽകി. പിന്നീട് 47, 64, 73 മിനുട്ടുകളിൽ കെയ്ൻ പാസ് നൽകി സോൺ ഗോളടിച്ചു. 73 മിനുട്ട് കഴിഞ്ഞപ്പോൾ സ്പർസ് 4-1ന് മുന്നിൽ. കെയ്നിന് നാല് അസിസ്റ്റ്, സോണിന് നാല് ഗോളുകൾ.

പ്രീമിയർ ലീഗിൽ ആദ്യമായാണ് ഒരു കളിക്കാരൻ നാലു ഗോളുകൾ നേടുന്നതും മറ്റൊരു താരം നാലു ഗോളുകൾക്ക് അസ്സിസ്റ് കൊടുക്കുന്നതും .ഇതോടെ തന്നെ തകർന്ന സൗതാംപ്ടന്റെ വലയിൽ 82ആം മിനുട്ടിൽ കെയ്നിന്റെ വക അഞ്ചാം ഗോളും വന്നു. 90ആം മിനുട്ടിൽ ഇംഗ്സിന്റെ പെനാൾട്ടി സൗതാംപ്ടന് അവരുടെ രണ്ടാം ഗോൾ നൽകി എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആകുമായിരുന്നില്ല.