യൂറോപ്യൻ ഫുട്ബോൾ ലീഗുകൾക്ക് നാളെ തുടക്കം

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗുകളായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും,സ്പാനിഷ് ല ലീഗയിലും നാളെ പന്തുരുളും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒഴിഞ്ഞ ഗാലറിയെ സാക്ഷി നിർത്തിയും, കടുത്ത മാർഗ നിർദേശങ്ങളുടെ നിഴലിലാവും കളികൾ. പ്രീമിയർ ലീഗിലെ ആദ്യ റൗണ്ടിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെയും, സിറ്റിയുടെയും മത്സരങ്ങൾ മാറ്റിവെച്ചു. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യനംരായ ആഴ്‌സണൽ ഫുൾഹാമിനെ നേരിടും.ല ലീഗയിൽ ആദ്യ മത്സരത്തിൽ ഐബെർ സെൽറ്റ വിഗോയെ നേരിടും.

ല ലീഗയിൽ മുൻ നിര ടീമുകളായ റയൽ മാഡ്രിഡ് ,ബാഴ്‌സലോണ ,അത്ലറ്റികോ മാഡ്രിഡ് ,സെവിയ്യ എന്നി ടീമുകൾ ആദ്യ റൗണ്ടിൽ ഇറങ്ങുന്നില്ല. സൂപ്പർ താരം ലയണൽ മെസ്സിയുടെ ക്ലബ് വിടാനുള്ള തീരുമാനവും പിന്നീട് തിരിച്ചു വരവും എല്ലാം അടങ്ങുന്നതിനു മുൻപാണ് ലീഗിന് തുടക്കമാവുന്നത്. പുതിയ പരിശീലകൻ റൊണാൾഡ്‌ കൂമാനും ,മെസ്സിക്കും ഒരു പോലെ നിർണായകമാണ് ഈ സീസൺ.കഴിഞ്ഞ തവണ നഷ്ടപെട്ട കിരീടം റയലിൽ നിന്നും തിരിച്ചു പിടിക്കാനാണ് ബാഴ്സയുടെ ശ്രമം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ,മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി ,ആഴ്‌സണൽ ,ചെൽസി എന്നിവർ കിരീട പ്രതീക്ഷയുമായാണ് ഈ സീസണിൽ എത്തുന്നത്. ഫുൾഹാം ,ലീഡ്സ് യുണൈറ്റഡ്,വെസ്റ്റ് ബ്രോംവിച്ച് എന്നിവരാണ് ലീഗിലെ പുതുമുഖങ്ങൾ. ജർമൻ താരം കെയ് ഹാവെർട്സിനെ സ്വന്തമാക്കാൻ ചെൽസി 700 കോടി മുടക്കിയതാണ് ഈ സീസണിലെ ഏറ്റവും വലിയ ട്രാൻസ്ഫർ.

ഹുയേസ്ക,കാഡിസ്, എൽച്ചെ എന്നിവരാണ് സ്പാനിഷ് ലീഗിലെ പുതുമുഖ ടീമുകൾ. യുവറ്‌സിൽ നിന്നും 521 കോടിക്ക് മിറാലേം പ്യാനിച്ചിനെ ടീമിലെത്തിച്ച് ബാഴ്സലോണ പുതിയ സീസണിലെ ഏറ്റവും വലിയ ട്രാൻസഫർ നടത്തി. ഇറ്റാലിയൻ ലീഗ് സെപ്റ്റംബർ 19 നും ,ജർമൻ ബുണ്ടസ് ലീഗ സെപ്റ്റംബർ 18 നും തുടക്കം കുറിക്കും.