സലയും ,നൂനസും ഗോൾ കണ്ടെത്തിയിട്ടും ജയിക്കാനാവാതെ ലിവർപൂൾ |Liverpool

ക്രാവൻ കോട്ടേജിൽ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ലിവർപൂളിനെ ഫുൾഹാം സമനിലയിൽ തളച്ചു. ഇരു ടീമുകളും രണ്ടു ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. രണ്ടു തവണ പുറകിൽ നിന്ന ശേഷമാണ് ലിവർപൂൾ സമനില പിടിച്ചത്.

ലിവർപൂളിനായി പുതിയ സൈനിങ്‌ ഡാർവിൻ നൂനസ് ,സല എന്നിവരാണ് ഗോളുകൾ നേടിയത്. ഫുൾഹാമിനായി മിട്രോവിച് ഇരട്ട ഗോളുമായി തിളങ്ങി.ആദ്യ പകുതിയിൽ ലിവർപൂൾ ആധിപത്യം പുലർത്തി. എന്നാൽ ആദ്യം ഗോൾ നേടിയത് ഫുൾഹാം ആയിരുന്നു. 32 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്നും ഉയർന്നു വന്ന മനോഹരമായ ക്രോസ് ഗോൾ കീപ്പർ അലിസൺ ബെക്കറിനെ മറികടന്ന് ഹെഡ്ഡറിലൂടെ അലക്‌സാണ്ടർ മിട്രോവിച്ച് ഗോളാക്കി മാറ്റി.മിട്രോവിചിനൊപ്പം പന്തിനായി ചാടിയ അലക്സാണ്ടർ അർനോൾഡിന് ഗോൾ നോക്കി നിൽക്കാനെ ആയുള്ളൂ.

ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡിൽ കളിയവസാനിപ്പിച്ച ഫുൾഹാമിന്‌ മറുപടി നല്കാൻ രണ്ടാം പകുതിയിൽ ഉറുഗ്വേൻ സ്‌ട്രൈക്കർ ഡാർവിൻ ന്യൂനസ് വരേണ്ടിവന്നു. 64 ആം മിനുട്ടിൽ മുഹമ്മദ് സാലയിൽ നിന്നും ലഭിച്ച മികച്ചൊരു പാസ് ഒരു ഫ്ലിക്കിലൂടെ ഗോളാക്കി മാറ്റി. എന്നാൽ 72 ആം മിനുട്ടിൽ ഫുൾഹാം ഒരു പെനാൽറ്റി നേടുകയും അലക്‌സാണ്ടർ മിട്രോവിച്ച് അത് വലയിലാക്കുകയും ചെയ്തു. അതോടെ വീണ്ടും ലിവർപൂൾ ഒരു ഗോളിന് പുറകിലായി.

ഇത്തവണ ലിവർപൂളിന്റെ രക്ഷയ്ക്ക് എത്തിയത് സലാ ആയിരുന്നു. 80ആം മിനുട്ടിൽ നൂനസിന്റെ പാസിൽ നിന്നുമാന് ഈജിപ്ഷ്യൻ ഗോൾ കണ്ടെത്തിയത്. ഇഞ്ച്വറി ടൈമിൽ ഹെൻഡേഴ്സന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയില്ലായിരുന്നു എങ്കിൽ ലിവർപൂളിന് വിജയം സ്വന്തമാക്കാമായിരുന്നു.