മൂന്നാം ജയവുമായി എവർട്ടൺ മുന്നേറുന്നു

എവർട്ടണും ആഞ്ചലോട്ടിയും രണ്ടും കൽപ്പിച്ചു തന്നെയാണ് ഈ സീസണിൽ ഇറങ്ങിയത്.റോഡ്രിഗസിനെയും ,അലനെയും പോലെയുള്ള വിലപിടിപ്പുള്ള താരങ്ങളെ ടീമിലെത്തിച്ച് ശക്തിപെടുത്തിയതിന്റെ ഫലവും കണ്ടുതുടങ്ങി. പ്രീമിയർ ലീഗിലെ തുടർച്ചയായ മൂന്നാം വിജയമാണ് ഇന്ന് നേടിയത്. കഴിഞ്ഞ കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ ആത്‌മവിശ്വാസത്തിൽ ഇറങ്ങിയ ക്രിസ്റ്റൽ പാലസിനെ നേരിട്ട എവർട്ടൺ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.

ലീഗിൽ ആദ്യ മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പറിനെയും രണ്ടാം മത്സരത്തിൽ വെസ്റ്റ് ബ്രോമിനെയും എവർട്ടൺ തോൽപ്പിച്ചിരുന്നു.ഇന്ന് മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ എവർട്ടൺ ലീഡ് എടുത്തു. മികച്ച ഫോമിൽ ഉള്ള കാല്വെർട് ലൂവിൻ ആണ് എവർട്ടന് ലീഡ് നൽകിയത്. ലൂവിന്റെ ലീഗിലെ ഈ സീസണിലെ അഞ്ചാം ഗോളായിരുന്നു ഇത്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ. എന്നാൽ 26ആം മിനുട്ടിൽ പാലസ് സമനില നേടി.

ചിക് കൊയാട്ടെയുടെ വക ആയിരുന്നു സമനില ഗോൾ. 40ആം മിനുട്ടിൽ ഒരു പെനാൾട്ടി ആണ് എവർട്ടണെ വീണ്ടും ലീഡിലെത്തിച്ചത്. ഹാൻഡ് ബോളിന് ലഭിച്ച പെനാൾട്ടി ബ്രസീൽ ഇന്റർനാഷണൽ റിച്ചാർലിസൺ ആണ് വലയിൽ എത്തിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയന്റുമായി എവർട്ടൺ ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ഇപ്പോൾ.