❝ അതി ജീവനത്തിന്റെ⚽💖 മറ്റൊരു
പേര് ❤️👏 ക്രിസ്റ്റ്യൻ എറിക്‌സൺ ❞

ഇഞ്ചുറി ടൈമിലെ മരണക്കളിപോലെ ആശങ്കയുടെയും പ്രാർഥനകളുടെയും നിമിഷങ്ങൾക്കൊടുവിൽ ആശുപത്രിയിൽ നിന്ന് ക്രിസ്റ്റ്യൻ എറിക്സന്റെ നിലമെച്ചപ്പെട്ടുവെന്ന ആശ്വാസവാർത്ത എത്തിയപ്പോൾ ശ്വാസംനേരെ വീണത് കായികലോകത്തിനുകൂടിയായിരുന്നു. യുറോ കപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിൽ ആദ്യ പകുതി തീരാൻ മിനിറ്റുകൾ ബാക്കിയിരിക്കെയാണ് ഡെൻമാർക്കിന്റെ പത്താം നമ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ ​ഗ്രൗണ്ട‍ിൽ കുഴഞ്ഞുവീണത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ 42 മിനിറ്റിലാണ് ആശങ്ക പരത്തിയ സംഭവം.കളിക്കിടെ ഫിൻലൻഡ് ബോക്സിനു സമീപം സഹതാരത്തിൽനിന്ന് ത്രോ സ്വീകരിച്ചതിനു തൊട്ടുപിന്നാലെയാണ് എറിക്സൻ തളർന്നുവീണത്.

ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് താരം കുഴഞ്ഞു വീണത് . സഹതാരങ്ങൾ ഉടൻതന്നെ മെഡിക്കൽ ടീമിന്റെ സഹായം തേടി.ഫിൻലൻഡിന്റെ സൈഡിലാണ് തളർന്നുവീണത്. എറിക്സൻ ചലനമില്ലാതെ കിടന്നതോടെ മൈതാനത്തുണ്ടായിരുന്ന താരങ്ങളെല്ലാം പരിഭ്രാന്തരായി. തങ്ങളുടെ എല്ലാം എല്ലാമായ എറിക്സന്റെ അപ്രതീക്ഷിത പതനത്തിൽ ആദ്യമൊന്ന് പകച്ചുപോയ സഹതാരങ്ങൾ പിന്നീട് അദ്ദേഹത്തിന് ചുറ്റും മനുഷ്യമതിലൊരുക്കി കാവൽ നിന്നു. സംഭവത്തിന്റെ ​ഗൗരവം മനസിലാക്കി എറിക്സണടുത്തേക്ക് ആദ്യം ഓടിയെത്തിയത് സമീപമുണ്ടായിരുന്ന ഫിൻലൻഡ് ടീമിന്റെ മെഡിക്കൽ സംഘമായിരുന്നു. പിന്നീട് ഡെൻമാർക്കിന്റെ മെഡിക്കൽ സംഘവുമെത്തി എറിക്സണ് കൃത്രിമ ശ്വാസവും സിപിആറും ഇലക്ട്രിക് ഷോക്കും നൽകി ജീവൻ മുറുകെ പിടിച്ചു. മെഡിക്കൽ സംഘത്തിന്റെ കൃത്യമായ ഇടപെടലും ആരാധകരുടെ പ്രാർഥനയുമാണ് ഡെൻമാർക്കിന്റെ എല്ലാം എല്ലാമായ എറിക്സണെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ആശങ്കയുടെ 45 മിനിറ്റുകൾക്കുശേഷമാണ് ആശുപത്രിയിൽ നിന്ന് ആ ആശ്വാസവാർത്തയെത്തിയത്. എറിക്സന് വൈദ്യസഹായം നൽകുമ്പോൾ ചുറ്റും മനുഷ്യമതിൽ തീർത്ത് അദ്ദേഹത്തിന്റെ സ്വകാര്യത സംരക്ഷിച്ച ഡെൻമാർക്ക് താരങ്ങളും എറിക്സണ് ​ഗ്രൗണ്ടിൽ വൈദ്യസഹായം നൽകുമ്പോൾ അത് സൂം ചെയ്ത് കാണിക്കാതിരിക്കുകയും കുഴഞ്ഞുവീഴുന്ന ദൃശ്യം റീപ്ലേ ചെയ്യാതിരിക്കുകയും ചെയ്ത മാധ്യമങ്ങളും മഹത്തായ മാതൃക കാട്ടി.എറിക്സൺ വീണ ഉടനെ സെക്കൻഡുകൾ കൊണ്ട് കളി നിർത്തിയ റഫറി ആന്റണി ടെയ്ലർ ബഹുമാനം അർഹിക്കുന്നുണ്ട്. എറിക്സണ് ചുറ്റും ഒന്നും നടന്നില്ല എന്നതു കൊണ്ട് തന്നെ പലരും അദ്ദേഹം വീണത് ശ്രദ്ധയിൽ എടുക്കാതെ കളി തുടർന്നേനെ. എന്നാൽ പെട്ടെന്ന് തന്നെ കളി നിർത്തിയ ആന്റണി ടെയ്ലർ ഉടൻ തന്നെ മെഡിക്കൽ സംഘത്തെ കളത്തിൽ എത്തിച്ചു.

ഡെന്മാർക്കിന്റെ താരങ്ങളും എറിക്സണെ സഹായിക്കാൻ വേണ്ടി പെട്ടെന്ന് തന്നെ എത്തി. സൈമൺ കാഹർ എറിക്സൺ നാവ് വിഴുങ്ങി പോയിട്ടില്ല എന്ന് ഉറപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. അദ്ദേഹം തന്നെയാണ് എറിക്സണെ ശരിയായ രീതിയിൽ കിടത്തിയതും മറ്റു താരങ്ങളെ ചുറ്റും നിർത്തി എറിക്സണ് ക്യാമറ കണ്ണുകളിൽ നിന്ന് പ്രൈവസി നൽകുകയും ചെയ്തു.എറിക്സനെ ചികിത്സിക്കുമ്പോൾ അത് മറയ്ക്കാനായി ഫിൻലാൻഡ് ആരാധകർ അവരുടെ രാജ്യത്തിന്റെ പതാകകൾ ഡെന്മാർക്ക് താരങ്ങൾക്ക് നൽകിയതും കണ്ണ് നനയിക്കുന്ന കാഴ്ചയായി. എറിക്സന്റെ പേര് രണ്ട് രാജ്യങ്ങളും കൂടെ ചാന്റ് ചെയ്യുന്നതും കാണാനായി.

അണ്ടർ 17 ടീമിനായി നടത്തിയ അത്ഭുതപ്രകടനങ്ങളുടെ മികവിൽ 2010ലെ ലോകപ്പിൽ ഡെൻമാർക്ക് കുപ്പായത്തിൽ അരങ്ങേറുമ്പോൾ 18കാരനായ എറിക്സൺ ആ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു.കരിയറിന്റെ ആരംഭകാലത്തെ ഡെൻമാർക്കിന്റെ സൂപ്പർ താരമായിരുന്ന മൈക്കൽ ലൗഡ്രൂപ്പമായി താരതമ്യം ചെയ്യപ്പെട്ട എറിക്സൺ അദ്ദേഹത്തിന്റെ പത്താം നമ്പർ ജേഴ്സിയിൽ അദ്ദേഹത്തിന്റെ യഥാർത്ഥ പിൻമുറക്കാരനുമായി. കഴിഞ്ഞ ലോകകപ്പിൽ ഡെൻമാർക്കിനെ പ്രീ ക്വാർട്ടറിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് എറിക്സണായിരുന്നു. പ്രീ ക്വാർട്ടറിൽ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യക്ക് മുന്നിൽ ഷൂട്ടൗട്ടിലാണ് ഡെൻമാർക്ക് വീണത്.

അയാക്സിലൂടെ തുടക്കമിട്ട ക്ലബ്ബ് കരിയർ 2014ലെ ലോകകപ്പിനുശേഷം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ടീമായ ടോട്ടനം ഹോട്സപറിലേക്ക് കൂടു മാറി. ടോട്ടനത്തിനായുള്ള അരേങ്ങറ്റ സീസണിൽ തന്നെ എറിക്സൺ ക്ലബ്ബിന്റെ സീസണിലെ ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.ഏഴ് വർഷം നീണ്ട ടോട്ടനം കരിയറിൽ 2016-2017 സീസണിലും എറിക്സൺ ക്ലബ്ബിന്റെ ഏറ്റവും മികച്ച കളിക്കാരനായി 2017-2018 സീസണിലെ പിഎഫ്എ ടീമിലേക്കും എറിക്സൺ തെരഞ്ഞെടുക്കപ്പെട്ടു.

2018-2019 സീസണിൽ 10 അസിസ്റ്റുകൾ നൽകിയ എറിക്സൺ ഡേവിഡ് ബെക്കാമിനുശേഷം തുടർച്ചയായി നാല് പ്രീമിയർ ലീ​ഗ് സീസണുകളിൽ 10 അസിസ്റ്റുകൾ നൽകുന്ന ആദ്യ താരമായി.
കഴിഞ്ഞ സീസണിൽ ഇന്റർമിലാനിലേക്ക് കൂടുമാറിയ എറിക്സൺ സീരിയ എയിൽ അവരെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഡെൻമാർക്കിനായി 108 മത്സരങ്ങളിൽ 36 ​ഗോളുകൾ നേടിയിട്ടുള്ള എറിക്സൺ അഞ്ച് തവണ ഡെൻമാർക്കിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

കടപ്പാട്