❝ പോർച്ചുഗലിനെ 🇵🇹💔 തീർത്തു ബെൽജിയം 💪🇧🇪 പുലികൾ 🏆😍 ക്വാർട്ടറിൽ ❞

നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ യൂറോ കപ്പിന്റെ ക്വാർട്ടർ കാണാതെ പുറത്ത് .ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് റൊണാൾഡോക്കും കൂട്ടർക്കും യൂറോയിൽ നിന്നും മടക്ക ടിക്കറ്റ് നൽകിയത്. തോർഗാൻ ഹസാർഡിന്റെ മികച്ചൊരു ഗോളാണ് ബെൽജിയത്തിനു വിജയം സമ്മാനിച്ചത്. സൂപ്പർ താരം റൊണാൾഡോക്ക് പോർചുഗലിനായി കാര്യമായി ഒന്നും ചെയ്യാനായില്ല.

സ്പെയിനിലെ സെവിയ്യയിൽ നടക്കുന്ന മത്സരത്തിൽ 4 -3 -3 ശൈലിയിൽ ഇറങ്ങിയ പോർച്ചുഗലിന്റെ 3 -4 -3 ശൈലിയിലാണ് ബെൽജിയം നേരിട്ടത്. റൈറ്റ് ബാക്ക് നെൽസൺ സെമോഡക്ക് പകരമായി ഡലോട്ടും ഡാനിലോ പെരേരക്ക് പകരം ജോവ പൽ‌ഹിൻ‌ഹ പോർച്ചുഗീസ് ടീം സ്ഥാനം പിടിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബെൽജിയമാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്. എന്നാൽ മത്സരത്തിന്റെ ആദ്യ അവസരം ലഭിച്ചത് പോർചുഗലിനായിരുന്നു എന്നാൽ ഡീഗോ ജോട്ടയുടെ ഷോട്ട് ലക്‌ഷ്യം കാണാതെ പുറത്തേക്ക് പോയി. ആദ്യ ഇരുപത് മിനുട്ടിൽ ബെൽജിയമാണ് മത്സരത്തിൽ പന്ത് കൂടുതൽ കൈവശം വെച്ചത്. ബെൽജിയൻ മുന്നേറ്റ നിര നിരന്തരം പോർച്ചുഗീസ് ഡിഫെൻസിനെ പരീക്ഷിച്ചു കൊണ്ടിരുന്നു. മറുവശത്ത് റൊണാൾഡോയെ മാത്രം മുൻനിർത്തിയാണ് പോർച്ചുഗൽ മുന്നേറിയത് .

25 ആം മിനുട്ടിൽ റൊണാൾഡോയുടെ താഴ്ന്നു വന്ന ഒരു ഫ്രീകിക്ക് ഗോൾ കീപ്പർ കോർട്ടോയിസ് തട്ടിയകറ്റി. അതിനു ശേഷം പോർച്ചുഗൽ കൂടുതൽ സമയത്തെ പന്ത് കൈവശം വെച്ചു. 37 ആം മിനുട്ടിൽ ബെൽജിയൻ താരം തോമസ് മുനിയർ എടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് നിർഭാഗ്യവശാൽ ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. 42 ആം മിനുട്ടിൽ ബെൽജിയം മുന്നിലെത്തി. മുനിയർ നൽകിയ പാസിൽ നിന്നും ബോക്സിനു പുറത്തു നിന്നും തോർഗൻ ഹസാഡ് തൊടുത്ത വലം കാൽ ഷോട്ട് പോർച്ചുഗീസ് ഗോൾ കീപ്പറെ മറികടന്ന് വലയിലാക്കി സ്കോർ 1 -0 ആക്കി ഉയർത്തി. ഒന്നാം പകുതിയുടെ അവസാനത്തിൽ സമനില നേടാൻ പോർച്ചുഗൽ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.


ബെൽജിയത്തിന്റെ തിരിച്ചടിയോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. പരിക്കേറ്റ സൂപ്പർ താരം കെവിൻ ഡി ബ്രൂയിന് പകരക്കരനായി നാപോളി സ്‌ട്രൈക്കർ ഡ്രൈസ് മെർട്ടൻസ് പിച്ചിലിറങ്ങി. 55 ആം മിനുട്ടിൽ പോർച്ചുഗൽ പരിശീലകൻ രണ്ടു മാറ്റങ്ങൾ കൊണ്ട് വന്നു. പകരക്കാരനായി. ബെർണാഡോ സിൽവയ്ക്ക് പകരം ബ്രൂണോ ഫെർണാണ്ടസും, ജോവാവോ മൗട്ടീനോക്ക് പകരമായി ജോവ ഫെലിക്സ് ഇറങ്ങി. 58 ആം മിനുട്ടിൽ റൊണാൾഡോയുടെ ഒരു മുന്നേറ്റത്തിൽ നിന്നും ബോക്‌സിനുള്ളിൽ നിന്നും ലിവർപൂൾ സ്‌ട്രൈക്കർ ഡിയോഗോ ജോട്ടയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പന്ത് പുറത്തേക്ക് പോയി. കൂടുതെൽ മുന്നേറി കളിച്ച അകാലിച്ച പോർച്ചുഗൽ അവസരങ്ങൾ ഉണ്ടാക്കിയെടുത്തു.

60 ആം മിനുട്ടിൽ റെനാറ്റോ സാഞ്ചെസിന്റെ ക്രോസിൽ നിന്നും ഫെലിക്സിന്റെ ഹെഡ്ഡർ നേരെ കീപ്പറുടെ കയ്യിലേക്കായി. 62 ആം മിനുട്ടിൽ ലുകാകുവിന്റെ ഒരു ലോങ്ങ് റേഞ്ച് ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. 70 ആം മിനുട്ടിൽ നിറം മങ്ങിയ ഡിയോഗോ ജോട്ടക്ക് പകരമായി ആന്ദ്രേ സിൽവയെ പോർച്ചുഗൽ രംഗത്തിറക്കി. പുതിയ താരങ്ങളെ രംഗത്തിറക്കിയെങ്കിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ പോർചുഗലിനായില്ല. 82 ആം മിനുട്ടിൽ സമനില ഗോൾ നേടാൻ പോർച്ചുഗലിന് സുവർണാവസരം ലഭിച്ചു. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണറിൽ നിന്നും റൂബൻ ഡയസിന്റെ ഹെഡ്ഡർ ബെൽജിയൻ ഗോൾ കീപ്പർ കോർട്ടോയിസ് മനോഹരമായി തട്ടിയകറ്റി.

തൊട്ടടുത്ത മിനുട്ടിൽ ലെഫ്റ്റ് ബാക്ക് റാഫേൽ ഗുരേരയുടെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. അവസാന മിനുട്ടുകളിലേക്ക് കടന്നതോടെ പോർച്ചുഗൽ ഗോളിനായി ഇരമ്പി കളിച്ചു. എന്നാൽ ബെൽജിയൻ പ്രതിരോധം പാറ പോലെ ഉറച്ചു നിന്നതോടെ പോർച്ചുഗീസ് മുന്നേറ്റങ്ങൾ വിഫലമായി തീർന്നു.വിജയത്തോടെ ക്വാർട്ടറിൽ എത്തിയ ബെൽജിയത്തെ അവിടെ കാത്തിരിക്കുന്നത് വമ്പന്മാരായ ഇറ്റലിയാണ്.