യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ റഷ്യക്കെതിരായ മത്സരത്തില്‍ ഫേവറിറ്റ്സുകളിൽ ഒന്നായ ബെല്‍ജിയത്തിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെല്‍ജിയം ജയം സ്വന്തമാക്കിയത്. റൊമേലു ലുകാകു ഇരട്ട ഗോളും തോമസ് മുനിയര്‍ ഒരു ഗോളുമാണ് ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്. പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ബെല്‍ജിയം ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്. റഷ്യയുടെ രണ്ട് വലിയ ഡിഫൻസീവ് പിഴവുകളും ബെൽജിയത്തിന്റെ ഗോളുകളായി മാറിയതും . സ്വന്തം നാട്ടിൽ മത്സരം നടന്നിട്ടും അത് മുതലെടുക്കാൻ റഷ്യക്ക്ആയില്ല.
സൈന്റ്റ് പീറ്റേഴ്സ്ബർഗിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ കണാനായത് ബെൽജിയത്തിന്റെ ആധിപത്യം ആയിരുന്നു. കളി ആരംഭിച്ച് പത്താം മിനുട്ടിൽ തന്നെ ബെൽജിയം ലീഡ് എടുത്തു. റഷ്യൻ ഡിഫൻസിലെ ഒരു വലിയ പിഴവ് ലുകാകുവിന് പന്ത് സമ്മാനിക്കുകയായിരുന്നു. ആ പന്ത് വലയിൽ എത്തിക്കാൻ ലുകാകുവിന് അധികം ചിന്തിക്കേണ്ടതു പോലും വന്നില്ല. ലുകാകുവിന്റെ ബെൽജിയത്തിനായുള്ള 61ആം ഗോളായിരുന്നു ഇത്.ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനെ കുഴഞ്ഞുവീണ ക്രിസ്റ്റ്യന്‍ എറിക്സണാണ് ലുകാകു ഗോള്‍ സമര്‍പ്പിച്ചത്. സീരി എ ഇന്റര്‍ മിലാന്റെ താരങ്ങാണ് ഇരുവരും. ഗോള്‍ നേടിയ ശേഷം ക്യാമറയുടെ മുന്നില്‍വന്ന ലുകാകു ‘ക്രിസ്… ക്രിസ്… ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു.’ എന്ന് പറയുകയായിരുന്നു.
ഹസാർഡിന്റെയും ഡിബ്രുയിന്റെയും അഭാവത്തിൽ ലുകാകു ബെൽജിയത്തിന്റെ അറ്റാക്ക് മുന്നിൽ നിന്ന് നയിക്കുന്നതാണ് ഇന്ന് കണ്ടത്. ലുകാകു സൃഷ്ടിച്ച അവസരം ലക്ഷ്യത്തിൽ എത്തിക്കാൻ ഡെൻഡോകറിന് കഴിയാതിരുന്നത് ബെൽജിയത്തിന്റെ രണ്ടാം ഗോൾ വൈകിപ്പിച്ചു. എങ്കിലും 34ആം മിനുട്ടിൽ അവരുടെ രണ്ടാം ഗോൾ എത്തി. ഇത്തവണ ഗോൾ കീപ്പറുടെ പിഴവാണ് റഷ്യക്ക് വിനയായത്. 34-ാം മിനിറ്റിലായിരുന്നു പകരക്കാനായി ഇറങ്ങിയ മുനിയറിന്റെ ഗോള്‍. പരിക്കേറ്റ തിമോത്തി കസ്റ്റാഗ്നെയ്ക്ക് പകരമാണ് മ്യൂനിര്‍ ഇറങ്ങിയത്. തൊര്‍ഗന്‍ ഹസാര്‍ഡിന്റെ ക്രോസ് റഷ്യന്‍ ഗോള്‍ കീപ്പര്‍ തട്ടിയൊഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പന്തെത്തിയത് മുനിയറിന്റെ കാലിലേക്ക്. അനായായം താരം വല കുലുക്കി.
രണ്ടാം പകുതിയിൽ റഷ്യ മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചു എങ്കിലും അവർക്ക് ഗോൾ നേടിക്കൊണ്ട് കളിയിലേക്ക് തിരികെ വരാൻ ആയില്ല. രണ്ടാം പകുതിയിൽ ബെൽജിയം അവസരങ്ങൾ സൃഷ്ടിക്കുന്നതും കുറഞ്ഞു. ഹസാർഡിനെ രണ്ടാം പകുതിയിൽ ബെൽജിയം കളത്തിൽ ഇറക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആയിരുന്നു ലുകാകുവിന്റെ രണ്ടാം ഗോൾ വന്നത്. മുനിയറിന്റെ പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് കുതിച്ചായിരുന്നു ലുകാകുവിന്റെ രണ്ടാം ഗോൾ.ഈ വിജയം ബെൽജിയത്തിന് വലിയ ആത്മവിശ്വാസം നൽകും. അടുത്ത മത്സരത്തിൽ ജൂൺ 17ന് ഡെന്മാർക്കിനെ ആകും ബെൽജിയം നേരിടുക. റഷ്യക്ക് ഫിൻലാൻഡ് ആണ് അടുത്ത എതിരാളികൾ.
യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഡെന്മാര്ക്കിനെതിരായ മത്സരത്തില്‍ ഫിന്‍ലന്‍ഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിന്‍ലന്‍ഡിന്റെ ജയം. ജോയല്‍ പൊഹന്‍പാലോയാണ് ഫിന്‍ലന്‍ഡിന്റെ ഗോള്‍ നേടിയത്. ഡെന്മാര്ക്കിന് എല്ലാംകൊണ്ടും നിരാശ മാത്രം സമ്മാനിച്ച ദിവസമായിരുന്നു ഇന്ന്. സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറിക്സണ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മത്സരമായിരുന്നിത്. 15 മിനിറ്റ് നേരത്തെ ശുശ്രൂഷ നല്കിയ ശേഷം താരത്തെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ മത്സരം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എറിക്സണിന്റെ നില മെച്ചപ്പെട്ടുവെന്ന് അറിഞ്ഞതോടെ ഇരുടീമിലേയും താരങ്ങള്‍ മത്സരം പുനഃരാരംഭിക്കാന്‍ സമ്മതം മൂളുകയായിരുന്നു.
ആദ്യ പകുതിയിലെ മൂന്ന് മിനിറ്റു രണ്ടാം പകുതിയുമാണ് കളിച്ചത്.59ആം മിനുറ്റിൽ പൊഹൻപാലോയുടെ ഹെഡർ ഫിൻലാൻഡിന് ലീഡ് നൽകി. ഉറോനന്റെ ക്രോസിൽ നിന്നായിരുന്നു ഗോൾ. ഷിമൈക്കളിന്റെ പിഴവു കൂടിയായിരുന്നു ആ ഗോൾ. ഈ ഗോളിന് മറുപടി നൽകാൻ ഡെന്മാർക്കിന് അവസരം ലഭിച്ചിരുന്നു. 74ആം മിനുട്ടിൽ പൗൾസനെ വീഴ്ത്തിയതിന് ഡെന്മാർക്കിന് കിട്ടിയ പെനാൾട്ടി ഹൊയിബർഗിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഇതിനു ശേഷം സമനില ഗോൾ കണ്ടെത്താനും ഡെന്മാർക്കിനായില്ല.