❝ യൂറോ🏆🥰 കപ്പ് ഗോൾഡൻ ⚽👑ബൂട്ട്
സ്വന്തമാക്കാനായി 💪🔥 കച്ചകെട്ടി ഇറങ്ങിയവർ ❞

യൂറോ കപ്പ് ഫുട്‌ബോളിന് ഒരുദിവസം മാത്രം ശേഷിക്കെ ടീമുകളെല്ലാം അവസാനവട്ട ഒരുക്കത്തിലാണ്. മികച്ച കളിക്കാരുമായി 24 രാജ്യങ്ങള്‍ യൂറോപ്പിലെ 11 നഗരങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ പോരിനിറങ്ങും. ബെല്‍ജിയവും, ഫ്രാന്‍സും, ഇംഗ്ലണ്ടും, സ്‌പെയ്‌നും, ജര്‍മനിയും, പോര്‍ച്ചുഗലുമെല്ലാം ഒന്നിനൊന്ന് മികച്ച ടീമുകളാണ്. അതുകൊണ്ടുതന്നെ ആര്‍ക്കായിരിക്കും കിരീടമെന്നത് പ്രവചനവും അസാധ്യമാകും. മുന്‍നിര ടീമുകളുടെ സ്‌ട്രൈക്കര്‍മാരുടെ പ്രകടനം കിരീടനേട്ടത്തില്‍ നിര്‍ണായകമാകും. ഒരു യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ഫ്രഞ്ച് താരം മിഷേൽ പ്ലാറ്റിനി. 1984 ൽ അഞ്ചു മത്സരങ്ങളിൽ നിന്നും 9 ഗോളുകൾ താരം നേടി.വർഷങ്ങളായി നിരവധി ഫോർ‌വേർ‌ഡുകൾ‌ അത് തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഫോർ‌വേർ‌ഡുകൾ‌ ഉൾപ്പെടെ നിരവധി ഗോൾ സ്കോറർമാർ അണിനിരക്കുന്ന ഈ യൂറോ കപ്പിൽ ഇത് മറികടക്കാനാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.യുവേഫ യൂറോ 2020 ലെ ഗോൾഡൻ ബൂട്ടിനായി മത്സരിക്കുന്ന അഞ്ചു താരങ്ങൾ ആരാണെന്നു പരിശോധിക്കാം.

കരിം ബെന്‍സെമ

വര്‍ഷങ്ങള്‍ക്കുശേഷം ഫ്രാന്‍സ് ടീമില്‍ തിരികെയെത്തിയ കരിം ബെന്‍സിമ ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ മുൻനിരയിൽ ഉണ്ടാവുന്ന താരമാണ് . 2015നുശേഷം ആദ്യമായി ടീമിലെത്തുമ്പോള്‍ ഗോളടി മികവു തന്നെയാണ് ബെന്‍സെമയ്ക്ക് തുണയാകുന്നത്. റയല്‍ മാഡ്രിഡനായി മിന്നിക്കളിച്ച ബെന്‍സെമ ലോക ചാമ്പ്യന്മാര്‍ക്കുവേണ്ടിയും സമാന പ്രകടനം ആവര്‍ത്തിക്കുമെന്നാണ് കണക്കുകൂട്ടല്‍.ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ബെൻസെമ ഈ സീസണിൽ ഒരു പരിധി വരെ റയൽ മാഡ്രിഡിനെ ഒറ്റക്ക് തോളിലേറ്റി. ക്ലബ്ബിലെ ഫോം ദേശീയ ടീമിലും തുടർന്നാൽ ഗോൾഡൻ ബൂട്ടും 33 കാരൻ സ്വന്തമാക്കും.

റോബര്‍ട്ട് ലെവന്‍ഡോസ്‌കി

ഗോളടിയുടെ പര്യായമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ജര്‍മന്‍ ലീഗിലെ റെക്കോര്‍ഡ് ഗോള്‍വേട്ടയ്ക്കുശേഷം യൂറോയില്‍ എത്തുകയാണ്. ടീമെന്ന നിലയില്‍ പോളണ്ട് വലിയ രീതിയിലുള്ള മുന്നേറ്റം നടത്തുമെന്ന് പ്രവചിക്കാനാകില്ലെങ്കിലും ലെവന്‍ഡോസ്‌കിയുടെ ബൂട്ടുകള്‍ ഗോള്‍ കണ്ടെത്തുമെന്നുറപ്പാണ്.കഴിഞ്ഞ രണ്ട് സീസണുകളിലെ ഫോമിന്റെ കാര്യത്തിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ ലെവന്‍ഡോസ്‌കിയാണ്.55 ഗോളുകളുമായി ബയേൺ മ്യൂണിക്കിനെ 2019-20 ൽ ചരിത്രപരമായ ഒരു യൂറോപ്യൻ ട്രെബിളിലേക്ക് നയിച്ച പോളിഷ് മാൻ 2020 -21 ൽ ജെർഡ് മുള്ളറുടെ ചരിത്രപരമായ 40 ഗോൾ ബുണ്ടസ്ലിഗ റെക്കോർഡ് തകർത്തു. ഈ സീസണിൽ വെറും 29 കളികളിൽ നിന്ന് 41 ഗോളുകൾ നേടി. പോളണ്ട് യൂറോ കപ്പിൽ കൂടുതൽ ദൂരം മുന്നേറുകയാണെകിൽ ഗോൾഡൻ ബൂട്ട് ലെവന്‍ഡോസ്‌കിയിൽ ഭദ്രമായിരുക്കും.

ഹാരി കെയ്ന്‍

ഇംഗ്ലണ്ടിന്റെ ഗോള്‍വേട്ടക്കാരന്‍ ഹാരി കെയ്ന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോററായാണ് യൂറോയില്‍ കളിക്കിറങ്ങുന്നത്. ഗോളിടിക്കുന്നതിനൊപ്പം അവസരങ്ങളുമൊരുക്കുന്ന ഹാരി കെയ്‌നിന്റെ കളി ഇംഗ്ലണ്ടിന്റെ കിരീട സാധ്യത വര്‍ധിപ്പിക്കുന്നു. പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട്, പ്ലേമേക്കർ അവാർഡുകൾ നേടിയ 27 ഗോളുകൾ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നു പോകുന്നത്. കരിയറിൽ കിരീടം നേടിയിട്ടില്ലെങ്കിലും, ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി കെയ്ൻ തന്റെ പദവി നിലനിർത്തുന്നു.2018 ഫിഫ ലോകകപ്പിൽ കെയ്ൻ ഗോൾഡൻ ബൂട്ട് നേടിയ കെയ്ൻ യൂറോ കപ്പിൽ അത് ആവർത്തിക്കാൻ തന്നെയാണ് ഇറങ്ങുന്നത്.

റൊമേലു ലുക്കാക്കു

ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബെല്‍ജിയത്തിന്റെ പ്രധാന സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവാണ്. ഇന്റര്‍മിലാനുവേണ്ടി സീസണില്‍ 30 ഗോളുകള്‍ നേടിയ ലുക്കാക്കുവിന്റെ ഫോമില്‍ ബെല്‍ജിയം പ്രതീക്ഷയര്‍പ്പിക്കുന്നു. രാജ്യത്തിനായി 93 മത്സരങ്ങളില്‍ നിന്നും 60 ഗോളുകള്‍ നേടിയിട്ടുണ്ട്. ഈ സീസണിൽ യുവന്റസിനെ മറികടന്ന് ഇന്റർ മിലാനെ സിരി എ ചാമ്പ്യന്മാരാക്കുന്നതിൽ തരാം മുഖ്യ പങ്കു വഹിക്കുകയും ചെയ്തു. തന്റെ കരിയറിൽ ഏറ്റവും മികച്ച ഫോമിലൂടെ കടന്നു പോകുന്ന 28 കാരന്റെ ഗോളടി മികവ് യൂറോ കപ്പിലും ആവർത്തിക്കുകയാണെങ്കിൽ കിരീടം ആദ്യമായി ബെൽജിയൻ മണ്ണിലെത്തും.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

പ്രായം മുപ്പത്തിയാറ് ആയെങ്കിലും ഗോളടിമികവില്‍ ലോകത്ത് ഒന്നാം നിരയിലുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലാണ് പോര്‍ച്ചുഗലിന്റെ പ്രതീക്ഷ. യൂറോയിലെ നിലവില്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനായി 109 അന്താരാഷ്ട്ര ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ ആരാധകര്‍ക്ക് വിരുന്നൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ സീസണില്‍ ഇറ്റാലിയൻ സിരി എയിലെ ടോപ് സ്കോററായ റൊണാൾഡോ യുവന്റസിന് വേണ്ടി എല്ലാ മത്സരങ്ങളിലുമായി 36 ഗോളുകൾ നേടി.യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ എക്കാലത്തെയും മികച്ച സ്കോറർ ആകുന്നതിൽ നിന്ന് ഒരു ഗോൾ മാത്രം അകലെയാണ് റൊണാൾഡോ. പോർച്ചുഗലിനൊപ്പം ആദ്യ അന്താരാഷ്ട്ര കിരീടം ഉയർത്തിയ ആദ്യ ക്യാപ്റ്റനായി മാറിയ റൊണാൾഡോ യൂറോ 2020 ൽ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും പോർച്ചുഗീസ് ക്യാപ്റ്റനാണ്.