❝ ഇത്തവണ 🏆⚽ ഇറങ്ങുന്ന 💪🔥പ്രായം
കൂടിയ താരം, പ്രായം ⚽🧒 കുറഞ്ഞ താരം
കൂടുതൽ മത്സരങ്ങളിൽ ഇറങ്ങിയ താരം ❞

ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി യൂറോ കപ്പ് ഫുട്‌ബോളിന് വെള്ളിയാഴ്ച തുടക്കം കുറിക്കുകയാണ്. യൂറോപ്പില്‍ 24 രാജ്യങ്ങള്‍ 11 നഗരങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ഏറ്റുമുട്ടും. സൂപ്പര്‍താരങ്ങളും പുതുമുഖങ്ങളുമെല്ലാം അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ചോളം രാജ്യങ്ങള്‍ കിരീട ഫേവറിറ്റുകളാണ്. ചില കളിക്കാരുടെ അവസാനത്തെ യൂറോ കപ്പ് ആയിരിക്കും ഇത്. അതോടൊപ്പം പുതുമുഖ താരങ്ങളുടെ ഉയിര്‍പ്പും ടൂര്‍ണമെന്റില്‍ കാണാം.

ബെല്‍ജിയമാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ടീം. റാങ്കിങ്ങില്‍ മാത്രമല്ല പരിചയസമ്പത്തിലും ഏറ്റവും മുന്നിലുള്ളത് ബെല്‍ജിയാണ്. ബെല്‍ജിയത്തിന്റെ 26 അംഗ സംഘത്തിന് ആകെ 1338 കളികളുടെ പരിചയമുണ്ട്. റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കളിക്കാര്‍ക്കുള്ള പരിചയസമ്പത്ത് മറ്റൊരു ടീമിനുമില്ല. ടീമിലെ നാല് കളിക്കാര്‍ ഇതിനകം തന്നെ 100 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചു. കൂടാതെ വിങ്ങര്‍ ഡെറിസ് മെര്‍ട്ടന്‍സ് 99 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് യൂറോ ഫൈനല്‍സില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം. 21 മത്സരങ്ങള്‍ ക്രിസ്റ്റിയാനോ കളിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തിനായി 175 മത്സരങ്ങളും ക്രിസ്റ്റിയാനോ കളിച്ചു. 38 വയസുള്ള ഡച്ച് ഗോള്‍ കീപ്പര്‍ മാര്‍ട്ടെന്‍ സ്റ്റെല്‍ക്കന്‍ബര്‍ഗ് ആണ് ഇത്തവണ യൂറോയിലെ പ്രായം കൂടിയ കളിക്കാരന്‍. പോളണ്ടിന്റെ കാസ്‌പെര്‍ കൊസ്ലോവ്‌സ്‌കി പ്രായം കുറഞ്ഞ കളിക്കാരനുമാണ്. പതിനെഴു വയസാണ് കൊസ്ലോവ്‌സ്‌കിയുടെ പ്രായം.

പരിചയസമ്പത്തിന്റെ കാര്യത്തില്‍ ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്തെങ്കില്‍ സ്‌പെയന്‍ യുവ താരങ്ങളുമായാണ് കളിക്കെത്തുന്നത്. 24.5 ആണ് സ്‌പെയ്ന്‍ കളിക്കാരുടെ ശരാശരി പ്രായം. പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ഇരുപത്തിയേഴുകാരനായ ആന്‍ഡ്രൂ റോബര്‍ട്ടസണാണ്. ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലിലെത്തിയ ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകളില്‍ നിന്നും 15 വീതം കളിക്കാര്‍ യൂറോ കളിക്കാനെത്തുന്നു. ഇംഗ്ലണ്ട് ടീമിലെ 26 പേരില്‍ 23 കളിക്കാരും പ്രീമിയര്‍ ലീഗില്‍ നിന്നുമാണ്.