❝യൂറോപ്പിൽ വീണ്ടും ഓറഞ്ച് വസന്തം വിരിയിക്കാനായി ടോട്ടൽ ഫുട്ബോളുമായെത്തുന്ന ഡച്ച് പോരാളികൾ❞

എഴുപതുകളിൽ ലോക ഫുട്ബോളിനെ തന്നെ മാറ്റിമറിച്ച ടോട്ടൽ ഫുട്ബോളുമായാണ് ഹോളണ്ട് (നെതർലൻഡ്സ്) തങ്ങളുടെ സാനിധ്യം അറിയിച്ചത്. ഇതിഹാസ താരം ജൊഹാൻ ക്രൈഫിന്റെ നേതൃത്തിൽ 1974 ൽ ലോക കപ്പ ഫൈനലിലെത്തിയങ്കിലും കിരീടം നേടാൻ അവർക്കായില്ല എങ്കിലും ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഇടം പിടിക്കാൻ ഡച്ച് ടീമിനായി . 1978 ലും ഫൈനലിൽ സ്ഥാന പിടിച്ചെങ്കിലും പരാജയപെടാനായിരുന്നു വിധി. ഡച്ച് ക്ലബ് അയാക്സിലൂടെ പയറ്റി തെളിഞ്ഞ ടോട്ടൽ ഫുട്ബോളിലൂടെ ലോകഫുട്ബോളിന് അവിസ്മരണീയമായ മുഹൂർത്തങ്ങൾ നല്കാൻ അവർക്കായി. “ക്ലോക്ക് വർക്ക് ഓറഞ്ച്” എന്നാണ് അക്കലത്ത് ഡച്ച് ടീം അറിയപ്പെട്ടത്. ഡച്ച് ഫുട്ബോളിന്റെ ഏറ്റവും സുവർണ നേട്ടം 1988 ൽ വാൻ ബസ്റ്റൻ, റിക്കാർഡ് ,ഗുല്ലിറ്റ് ത്രിമൂർത്തികൾ നേടിക്കൊടുത്ത യൂറോകപ്പായിരുന്നു. എന്നാൽ 30 വർഷങ്ങൾ കഴിഞ്ഞിട്ടും അതിനടുത്തുളള ഒരു നേട്ടത്തിലെത്താൻ ഹോളണ്ടിനായിട്ടില്ല.

പ്രതിഭയുള്ള നിരവധി പ്രതിഭകൾ ഉണ്ടായിട്ടും കഴിഞ്ഞ ഒരു ദശകത്തിൽ 2014 ലെ ലോകകപ്പിൽ നേടിയ മൂന്നാം സ്ഥാനം മാത്രമാണ് അവർക്ക് ആശ്വാസം. 1984 നു ശേഷം ആദ്യമായി ഓറഞ്ചു പടക്ക് 2016 ലെ യൂറോകപ്പിനു യോഗ്യത നേടാനും സാധിച്ചില്ല. യുറോക്ക് യോഗ്യത നേടാനായതോടെ പരിശീലകൻ ഡാനി ബ്ലൈൻഡിനു പകരം 2018 ലോകകപ്പ് യോഗ്യതാ മത്സരത്തിനായി പുതിയ മാനേജർ ഡിക്ക് അഡ്വക്കാട്ടിനെ കൊണ്ട് വന്നെങ്കിലും 2018 ലെ റഷ്യൻ വേൾഡ് കപ്പിൽ യോഗ്യത നേടുന്നതിൽ ഡച്ച് ടീം പരാജയപെട്ടു. എന്നാൽ അതിനു ശേഷം നിലവിലെ ബാഴ്സലോണ പരിശീലകൻ റൊണാൾഡ്‌ കൂമാൻ ഡച്ച് ടീമിന്റെ പരിശീലകനായി എത്തുകയും 2018/19 യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിൽ എത്തുകയും ചെയ്തു.2020 ന്റെ അവസാനത്തിൽ ഡച്ച് എഫ്എ മുൻ ഡിഫെൻഡർ ഫ്രാങ്ക് ഡി ബോയറെ പുതിയ ഹെഡ് കോച്ചായി പ്രഖ്യാപിച്ചു.

പഴയ പ്രതാപം തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് ഹോളണ്ട് . വരുന്ന യൂറോ കപ്പ് തന്നെയാണ് അതിനുള്ള മികച്ച അവസരവും . പ്രതിഭയുള്ള മികച്ചൊരു യുവ നിരയും , പരിചയസമ്പന്നരായ താരങ്ങളും ചേർന്നൊരു നിറയെയാണ് ഡി ബോയെർ യൂറോ കപ്പിനായി ഒരുക്കിയെടുത്തത്. കഴിഞ്ഞ ദിവസമാണ് 26 അംഗ ടീമിനെ ഹോളണ്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച പ്രൊവിഷനൽ സ്ക്വാഡിൽ നിന്ന് 8 പേരെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപനം. ആസ്റ്റൺ വില്ല താരം എൽ ഗാസി, സ്പർസ് താരം ബെർഗ്വൈൻ എന്നിവരാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രമുഖർ. ലിവർപൂൾ താരം വൈനാൾഡം ആകും ഹോളണ്ടിനെ യൂറോ കപ്പിൽ നയിക്കുക. ഹോളണ്ടിന്റെ ക്യാപ്റ്റൻ ആയിരുന്ന വാൻ ഡൈക് പരിക്ക് കാരണം യൂറോ കപ്പിൽ പങ്കെടുക്കില്ല എന്ന് പറഞ്ഞിരുന്നു. അതാണ് ക്യാപ്റ്റൻസി വൈനാൾഡത്തിലേക്ക് എത്താൻ കാരണം.

ഗോൾകീപ്പർമാർ: ജാസ്പർ സില്ലെസെൻ (വലൻസിയ), ടിം ക്രുൾ (നോർവിച്ച്), മാർട്ടൻ സ്റ്റെക്കലെൻബർഗ് (അജാക്സ്)
ഡിഫെൻഡർമാർ: പാട്രിക് വാൻ ആൻ‌ഹോൾട്ട് (ക്രിസ്റ്റൽ പാലസ്), നഥാൻ അകെ (മാഞ്ചസ്റ്റർ സിറ്റി), ഡെയ്‌ലി ബ്ലൈൻഡ് (അജാക്സ്), ഡെൻ‌സെൽ ഡംഫ്രീസ് (പി‌എസ്‌വി), മത്തിജ്സ് ഡി ലിഗ്റ്റ് (യുവന്റസ്), ജൂറിയൻ ടിമ്പർ (അജാക്സ്), ജോയൽ വെൽറ്റ്മാൻ (ബ്രൈടൺ), സ്റ്റെഫാൻ ഡി വ്രിജ് (ഇന്റർ മിലാൻ), ഓവൻ വിജൻഡാൽ (അൽക്ക്മാർ).
മിഡ്‌ഫീൽഡർമാർ: ഡോണി വാൻ ഡി ബീക്ക് (മാഞ്ചസ്റ്റർ യുണൈറ്റഡ്), റയാൻ ഗ്രേവൻബെർച്ച് (അജാക്സ്), ഫ്രെങ്കി ഡി ജോങ് (ബാഴ്‌സലോണ), ഡേവി ക്ലാസെൻ (അജാക്സ്), ട്യൂൺ കൂപ്പ്മീനേഴ്‌സ് (എസെഡ്), മാർട്ടൻ ഡി റൂൺ (അറ്റലാന്റ), ജോർജീനിയോ വിജ്നാൽഡും (ലിവർപൂൾ)
ഫോർ‌വേർ‌ഡുകൾ‌: സ്റ്റീവൻ‌ ബെർ‌ഗൂയിസ് (ഫെയ്‌നോർഡ്), കോഡി ഗക്പോ (പി‌എസ്‌വി), ലുക്ക് ഡി ജോംഗ് (സെവില്ല), ഡോണെൽ മാലെൻ (പി‌എസ്‌വി), മെം‌ഫിസ് ഡെപെയ് (ലിയോൺ), ക്വിൻ‌സി പ്രോംസ് (അജാക്സ്), വൗട്ട് വെഗോർസ്റ്റ് (വുൾഫ്സ്ബർഗ്).


അയാക്സ് ഗോൾകീപ്പർ 38 കാരനായ മാർട്ടൻ സ്റ്റെക്കെലെൻബർഗിനെ എസെഡ് അൽക്ക്മാറിന്റെ മാർക്കോ ബിസോട്ടിനെ മറികടന്നു ടീമിലെത്തിച്ചു.ഗുരുതരമായ പരിക്കിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന അജാക്സ് ഡിഫെൻഡർ ഡെയ്‌ലി ബ്ലൈൻഡിനെ ടീമിൽ ഉൾപ്പെടുത്തി. 2020-21 സീസണിന്റെ രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തെത്തുടർന്ന് കൗമാരക്കാരനായ അയാക്സ് പ്രതിരോധ താരം ടിംബറും ടീമിൽ ഇടം നേടി.ഓൾഡ് ട്രാഫോർഡിൽ ആദ്യ സീസണിൽ മോശം പ്രകടനം നേരിട്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്കിനെയും ഡച്ച് മാനേജർ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡച്ച് ടീമിലെ സൂപ്പർ താരം തന്നെയാണ് ബാഴ്സലോണയിലേക്കടക്കുന്ന ലിയോൺ ഫോർവേഡ് മെംഫിസ് ഡെപെ. യൂറോയിൽ ഡച്ച് മുന്നേറ്റത്തെ നയിക്കുന്നത് ഡെപെ തന്നെയായിരിക്കും. ഈ സീസണിൽ ലിയോനിനായി മികച്ച ഫോമിൽ കളിക്കുന്ന താരം 18 ഗോളുകളും 9 അസിസ്റ്റുകളും നേടിയിട്ടുണ്ട്.നെതർലാൻഡിനായുള്ള അവസാന അഞ്ച് മത്സരങ്ങളിൽ നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുളും സ്‌ട്രൈക്കർ നേടിയിട്ടുണ്ട്. ലുക്ക് ഡി ജോംഗ്, യുവ താരം ഡോണെൽ മാലെൻ, വൗട്ട് വെഗോർസ്റ്റ് എന്നിവരോടൊപ്പം ഡെപെയും ചേരുമ്പോൾ യൂറോപ്പിലെ ഏറ്റവും മികച്ച മുന്നേറ്റ നിരയിൽ ഡച്ച് ടീം മാറും.

ഡച്ച് മുന്നേറ്റത്തിൽ ഡെപെയുടെ പങ്കാളിയായി ഡോണെൽ മലൻ എത്തും. ഡച്ച് ടീമിലെ വരും കാല സൂപ്പർ താരമാണ് മലൻ .തന്റെ ജീവിതത്തിൽ ഏറ്റവും മികച്ച ഫോമിലൂടെയാണ് 22 കാരൻ കടന്നു പോകുന്നത്.പി‌എസ്‌വിക്കായി സീസണിൽ 17 ഗോളുകൾ മലൻ നേടിയിട്ടുണ്ട്.തന്റെ പി‌എസ്‌വി കരിയറിൽ ഓരോ രണ്ട് ഗെയിമുകളിലും ശരാശരി ഒരു ഗോൾ നേടിയ മലൻ കൂടാതെ 22 അസിസ്റ്റുകളും നല്കിയിട്ടുണ്ട്. യൂറോയിലെ ഹോളണ്ടിന്റെ വലിയ പ്രതീക്ഷ തന്നെയാണ് മലൻ. ഹോളണ്ടിനായി എട്ടു മത്സരങ്ങൾ കളിച്ച മലൻ രണ്ടു ഗോളുകളും നേടിയിട്ടുണ്ട് .

ഗ്രൂപ്പ് സിയിൽ ഉക്രെയ്ൻ, ഓസ്ട്രിയ, നവാഗതരായ നോർത്ത് മാസിഡോണിയ എന്നിവരോടൊപ്പമാണ് ഹോളണ്ടിന്റെ സ്ഥാനം .നോക്ക് ഔട്ടിലേക്ക് അനായാസം കടക്കാമെന്ന വിശ്വാസത്തിലാണ് പരിശീലകൻ ഡി ബോയർ. എല്ലാ പോസിഷനിലും മികച്ച താരങ്ങളുടെ നിരയുമായി തന്നെയാണ് ഡച്ച് ടീം യൂറോ കപ്പിനെത്തുന്നത്. ഒരു കിരീടത്തിനായുള്ള വർഷങ്ങളുടെ കാത്തിരിപ്പ് ഈ യൂറോയുടെ അവസാനിപ്പിക്കാനാണ് ഡി ബോയരുടെയും സംഘത്തിന്റെയും ശ്രമം.