❝ വെബ്ലിയിൽ ചരിത്രം പിറന്നു : ഡാനിഷ് വെല്ലുവിളി അതിജീവിച്ച് ഇംഗ്ലണ്ട് യൂറോ ഫൈനലിൽ ❞

യൂറോ കപ്പിൽ ചരിത്രം കുറിച്ച് ഇംഗ്ലീഷ് പോരാളികൾ . ഡെന്മാർക്കിനെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കി ചരിത്രത്തിലാദ്യമായി ഫൈനലിൽ ഇടം നേടിയിരിക്കുകയാണ്. വെബ്ലിയിൽ ആയിരകണക്കിന് വരുന്ന സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചായിരുന്നു ഇംഗ്ലണ്ടിന്റെ വീരോചിത പ്രകടനം ,നിശ്ചിത സമയത്ത് ഇരു ടീമുകൾ ഓരോ ഗോൾ നേടി മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് അധിക സമയത്തേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിനാണ് ഇംഗ്ലണ്ടിന്റെ ജയം. 55 വർഷത്തിന് ശേഷം ആദ്യത്തെയാണ് ഇംഗ്ലണ്ട് ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനൽ കളിക്കുന്നത്.ഞായറാഴ്ച രാത്രി വെംബ്ലിയിൽ വെച്ച് തന്നെ നടക്കുന്ന ഫൈനലിൽ ഇറ്റലിയെ ആകും ഇംഗ്ലണ്ടിന്റെ എതിരാളികൾ.

കഴിഞ്ഞ മത്സരത്തിൽ കളിച്ച സാഞ്ചോയെ മാറ്റി സാകയെ ആദ്യ ഇലവനിൽ എത്തിച്ച ഇംഗ്ലണ്ടിന് പന്ത് കയ്യിൽ വെച്ചു എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ തുടക്കത്തിൽ പ്രയാസപ്പെട്ടു. നല്ല അവസരങ്ങൾ കുറഞ്ഞ മത്സരത്തിന് ജീവൻ വെച്ചത് 30ആം മിനുട്ടിലെ ഡെന്മാർക്കിന്റെ ഒരു ഫ്രീകിക്കിലൂടെ ആണ്.ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ഗോള്‍ വഴങ്ങിയത്. തകര്‍പ്പന്‍ ഡയറക്റ്റ് ഫ്രീ കിക്കിലൂടെയാണ് ഡംസ്ഗാര്‍ഡ് ഗോള്‍ വല കുലുക്കിയത്. ഇത്തവണത്തെ യൂറോ കപ്പിലെ ആദ്യ ഡയറക്റ്റ് ഫ്രീ കിക്ക് ഗോളായിരുന്നു ഇത്.ലൂക് ഷോയുടെ ഫൗളിന് ലഭിച്ച ഫ്രീകിക്ക് എടുത്ത ഡെംസ്ഗാർഡ് 25 വാരെ അകലെ നിന്ന് ഇംഗ്ലീഷ് മതിലിനു മുകളിലൂടെ പിക്ക്ഫോർഡിനെയും വീഴ്ത്തി പന്ത് വലയിൽ എത്തിച്ചു.37-ാം മിനിട്ടില്‍ സ്റ്റെര്‍ലിംഗിന് ഓപ്പണ്‍ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഷ്‌മൈക്കേല്‍ അവിശ്വസനീയമായി തട്ടിയകറ്റി. എന്നാല്‍ തൊട്ടുപിന്നാലെ തന്നെ ഇംഗ്ലണ്ട് ഒരു ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചു. ഡെന്മാര്‍ക്ക് നായകന്‍ സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോളാണ് ഇംഗ്ലണ്ടിന് തുണയായത്. ബോക്‌സിനുള്ളില്‍ സ്റ്റെര്‍ലിംഗിന് ലഭിക്കേണ്ട പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ കെയറിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു.ഈ ടൂർണമെന്റിലെ പതിനൊന്നാണ് സെൽഫ് ഗോളായിരുന്നു ഇത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ഡോൽബർഗിന്റെ ഒരു ഗ്രൗണ്ടർ പിക്ക്ഫോർഡ് സമർത്ഥമായി സേവ് ചെയ്തു. മറുവശത്ത് ഒരു സെറ്റ് പീസിൽ നിന്ന് ഹാരി മഗ്വയറിന്റെ ഹെഡർ ഷിമൈക്കിൾ ഫുൾ ഡൈവ് സേവിലൂടെയും രക്ഷിച്ചു. രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് കളി നിയന്ത്രണം ഏറ്റെടുക്കയാണ് എന്ന് തോന്നിയതോടെ ഡെന്മാർക്ക് മൂന്ന് മാറ്റങ്ങൾ വരുത്തി ടീമിന്റെ ബാലൻസ് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു.72ആം മിനിട്ടില്‍ മേസണ്‍ മൗണ്ടെടുത്ത ഷോട്ട് പോസ്റ്റിലേക്ക് താണിറങ്ങി വന്നെങ്കിലും ഷ്‌മൈക്കേല്‍ അത് തട്ടിയകറ്റി. അവസാന നിമിഷങ്ങളില്‍ വിജയ ഗോളിനായി ഇംഗ്ലണ്ട് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഡെന്മാര്‍ക്ക് പ്രതിരോധം മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിൽ 94ആം മിനുറ്റിൽ വാൽക്കറിന്റെ പാസിൽ നിന്ന് ഹാരി കെയ്ന്റെ ഷോട്ട് സേവ് ചെയ്ത് ഷിമൈക്കിൽ കളി 1-1 എന്ന നിലയിൽ തന്നെ നിർത്തി.104ാം മിനിറ്റില്‍ ഇംഗ്ലണ്ട് ആഗ്രഹിച്ച സമയമെത്തി. സ്റ്റെര്‍ലിംഗിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. ഹാരികെയ്ന്‍ എടുത്ത പെനാല്‍റ്റി കിക്ക് ഷ്‌മൈക്കേല്‍ തടഞ്ഞിട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ ഇംഗ്ലണ്ട് നായകന്‍ പന്ത് വലയിലെത്തിച്ചു. കെയ്നിന്റെ ടൂർണമെന്റിലെ നാലാം ഗോളായിരുന്നു ഇത്. ഇതോടെ പ്രധാന ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഗാരി ലിനേക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും കെയ്‌നിനായി(10 ഗോള്‍). ഡെന്മാർക്ക് തിരിച്ചടിക്കാൻ ശ്രമിച്ചു എങ്കിലും ഇംഗ്ലീഷ് ഡിഫൻസിന് കാര്യമായി വെല്ലുവിളി ഉയർത്താൻ ഡാനിഷ് അറ്റാക്കുകൾക്ക് ആയില്ല.അവസാന വിസിൽ മുഴങ്ങുമ്പോൾ ആദ്യമായി ഇംഗ്ലീഷ് ടീം ഫൈനലിൽ എത്തിയതിന്റെ ആഘോഷത്തിലായിരുന്നു.