❝ യൂറോ കപ്പ് അവസാന നാലിലേക്ക് ; യൂറോപ്പിന്റെ രാജാക്കന്മാർ ആരായിരിക്കും ?❞

24 ടീമുകളുമായി പോരാട്ടം തുടങ്ങിയ യൂറോ കപ്പ് അതിന്റെ ആവേശകരമായ ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ യൂറോപ്പ് ഭരിക്കാന്‍ ഇനി കണ്ണും നട്ട് കാത്തിരിക്കുന്നത് കരുത്തരായ നാല് ടീമുകളാണ്. കടുപ്പമേറിയ വെല്ലുവിളികള്‍ അതിജീവിച്ച് വന്ന ഈ ടീമുകളില്‍ നിന്ന് അവസാന ഘട്ടമായ ഫൈനലിലേക്ക് ആരൊക്കെയാകും മുന്നേറുക എന്നത് ആരാധകരും കാത്തിരിക്കുകയാണ്. യൂറോ കപ്പിലെ നാല് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും അവസാനിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പ് ആയിരിക്കുന്നു. ഇത്തവണത്തെ യൂറോ കപ്പിലെ ചാമ്പ്യന്‍മാര്‍ ആരെന്ന് അറിയാന്‍ ഇനി വെറും മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈ 6, 7 ദിവസങ്ങളില്‍ രാത്രി 12.30നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ജൂലൈ 7ന് നടക്കുന്ന ആദ്യ സെമിയില്‍ ഇറ്റലി സ്‌പെയ്‌നെ നേരിടും. രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന് ഡെന്മാര്‍ക്കാണ് എതിരാളികള്‍. സ്പെയിൻ നാലാം കിരീടത്തിനായും , ഇറ്റലിയും ഡെന്മാർക്കും രണ്ടാം കിരീടത്തിനും ഇംഗ്ലണ്ട് ആദ്യ കിരീടത്തിനായുമാണ് പോരാടുന്നത്.

ഈ ചാമ്പ്യൻഷിപ്പിലെ തന്നെ ഏറ്റവും സ്ഥിരതയുള്ളതും ഫോമുള്ളതുമായ ഇറ്റലിയും അവസാന മത്സരങ്ങളിൽ ഗോളടിച്ചു കൂട്ടിയും പെനാൽറ്റി ഷൂട്ട് ഔട്ടിന്റെ ഭാഗ്യ പരീക്ഷണത്തിലും സെമിയിൽ സ്ഥാനം പിടിച്ച സ്പെയിനും തമ്മിലാണ് ആദ്യ പോരാട്ടം.ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തിന്റെ വെല്ലുവിളി മറികടന്നാണ് ഇറ്റലി സെമിയിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലി ബെല്‍ജിയത്തെ തോല്‍പ്പിച്ചത്. അവസാന 32 മത്സരങ്ങളില്‍ പരാജയം അറിയാത്ത ടീമാണ് ഇറ്റലി. പ്രീ ക്വാര്‍ട്ടറില്‍ അവര്‍ ഓസ്ട്രിയയെ ആയിരുന്നു തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ തുടക്കത്തില്‍ ഗോളടിക്കാന്‍ മറന്ന സ്‌പെയ്ന്‍ പിന്നീട് ഗോളുകള്‍ അടിച്ചു കൂട്ടി. പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെ എക്‌സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തില്‍ വീഴ്ത്തിയ സ്‌പെയ്ന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അട്ടിമറി വീരന്മാരായ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്താണ് സെമി ഫൈനലില്‍ പ്രവേശിച്ചത്.


രണ്ടാം സെമിയിൽ ആദ്യ കിരീടം ലക്ഷ്യം വെച്ചിറങ്ങുന്ന ഇംഗ്ലണ്ട് തകർപ്പൻ ഫോമിൽ തന്നെയാണ്.സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കറുത്ത കുതിരകളായ ഡെന്മാർക്കാണ് അവരുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തില്‍ അത്ര മികവ് പുറത്തെടുക്കാൻ സാധിക്കാതിരുന്ന ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ കരുത്തരായ ജര്മനിയെയും ക്വാർട്ടറിൽ യുക്രൈനിനെ നാല് ഗോളിന് തകർത്താണ് സെമിയിൽ സ്ഥാനം പിടിച്ചത്.ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് സെമിയില്‍ എത്തുന്നത് എന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. സ്വന്തം നാട്ടിലാണ് സെമിയും ഫൈനലും നടക്കുന്നത് എന്നത് ഇംഗ്ലണ്ടിന് വലിയ മുന്‍തൂക്കം നല്‍കുന്നുണ്ട്.

ഇംഗ്ലണ്ടിന്റെ എതിരാളികളായ ഡെന്മാര്‍ക്ക് നാടകീയമായ യാത്രയോടെയാണ് സെമിയില്‍ എത്തിയിരിക്കുന്നത്. ടൂര്‍ണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഡെന്മാര്‍ക്ക് പിന്നീട് വന്‍ വിജയങ്ങളുമായാണ് സെമി ഫൈനലില്‍ കടന്നിരിക്കുന്നത്. 1992നു ശേഷം ആദ്യമായാണ് ഡെന്മാര്‍ക്ക് യൂറോ സെമിയില്‍ പ്രവേശനം നേടുന്നത്. 1992ല്‍ ഡെന്മാര്‍ക്ക് എല്ലാവരെയും ഞെട്ടിച്ച് യൂറോ കിരീടവും സ്വന്തമാക്കിയിരുന്നു. വെയില്‍സിനെയും ചെക്ക് റിപബ്ലിക്കിനെയും ആണ് ഡെന്മാര്‍ക്ക് ഇത്തവണ നോക്കൗട്ട് റൗണ്ടുകളില്‍ തോല്‍പ്പിച്ചത്.