❝കരുത്തന്മാരുടെ പോരാട്ടത്തിൽ ഇറ്റലി ഇന്ന് ബെൽജിയത്തിനെതിരെ ; സ്വിസ് പരീക്ഷ ജയിക്കാൻ സ്പെയിൻ ❞

യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും .ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ മൂന്നു തവണ ചാമ്പ്യന്മാരായ സ്പെയിൻ സ്വിറ്റ്‌സർലണ്ടിനെ നേരിടും. രണ്ടാമത്തെ മത്സരത്തിൽ കരുത്തന്മാരുടെ പോരാട്ടത്തിൽ ഇറ്റലി ബെൽജിയത്തെ നേരിടും. ലോക ചാമ്പ്യന്മാരായ ഡിഡിയർ ഡെഷാം‌പ്സിന്റെ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അട്ടിമറിച്ചാണ് സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ സ്ഥാനം പിടിച്ചത്.പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ സ്റ്റാർ കൈലിയൻ എംബപ്പെയുടെ ശ്രമം സ്വിസ് ഗോൾകീപ്പർ യാൻ സോമ്മർ തടുത്തതോടെയാണ് സ്വിസ് വിജയം നേടിയത്. ഒരു ഘട്ടത്തിൽ 3-1 എന്ന സ്കോറിന് പിറകിൽ നിന്ന ശേഷമാണ് സ്വിറ്റ്സർലാണ്ട് തിരിച്ചടിച്ച് കളി വിജയിച്ചത്. ഇന്ന് സെമി ഫൈനലിൽ എത്താൻ ആയാൽ സ്വിറ്റ്സർലാന്റിന് ഒരു മേജർ ടൂർണമെന്റിലെ ഏറ്റവും വലിയ മുന്നേറ്റമാണ് അത് മാറും. നേരത്തെ 3 തവണ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുണ്ട് എങ്കിലും ഇതുവരെ ഒരു ടൂർണമെന്റിലും സെമിയിൽ എത്താൻ അവർക്ക് ആയിട്ടില്ല.

പ്രീ ക്വാർട്ടറിൽ കരുത്തരായ ക്രോയേഷ്യയെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തിയാണ് സ്പെയിൻ അവസാന എട്ടിൽ സ്ഥാനം പിടിച്ചത്.എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ 5-3 എന്ന സ്കോറിനായിരുന്നു സ്‌പെയിനിന്റെ വിജയം. യൂറോ കപ്പ് പതിയെ ആണ് സ്‌പെയിൻ തുടങ്ങിയത് എങ്കിലും ഇപ്പോൾ അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി 10 ഗോളുകൾ അവർ അടിച്ചു കഴിഞ്ഞു.മികച്ച ഫോമിലുള്ള സ്‌പെയിൻ തടയുക സ്വിറ്റ്സർലാന്റിന് ഒട്ടും എളുപ്പമായിരിക്കില്ല. പ്രധാന താരവും സസ്‌പെൻഷനിലായ ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയും ഇല്ലാതെ ആയിരിക്കും സ്വിസ് സ്പെയിനിനെ നേരിടുക. ഫ്രാൻസിനെതിരെ വിജയത്തിൽ നിർണായകമായ ക്യാപ്റ്റന്റെ അസാന്നിധ്യം സ്വിസ് ടീമിന് വലിയ തിരിച്ചടിയാവും.ലിവർപൂൾ താരം ഷെർദാൻ ഷാകിരി, ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് വിംഗർ സ്റ്റീവൻ സുബെർ, ബെൻഫിക്ക സ്ട്രൈക്കർ ഹാരിസ് സെഫെറോവിക് എന്നിവരുടെ ഫോമിലാണ് സ്വിസ് പ്രതീക്ഷകൾ.

ഇരു ടീമുകളും തമ്മിലുള്ള 22 ഏറ്റുമുട്ടലുകളിൽ സ്പെയിൻ വ്യക്തമായ ആധിപത്യം പുലർത്തുന്നുണ്ട്.16 മത്സരങ്ങൾ വിജയിച്ചപ്പോൾ ഒരു മത്സരത്തിൽ മാത്രമാണ് പരാജയപ്പെട്ടത്. അഞ്ചു മത്സരങ്ങൾ സമനിലയിലായി. അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 1 -1 നു സമനിലയിലായി.ഇന്ന് രാത്രി 9.30നാണ് മത്സരം. കളി തത്സമയം സോണി ചാനലുകളിൽ കാണാം.

സ്വിറ്റ്സർലൻഡ് സാധ്യത ഇലവൻ (3-4-1-2): യാൻ സോമർ, നിക്കോ എൽവെഡി, മാനുവൽ അകാൻജി, റിക്കാർഡോ റോഡ്രിഗസ്, കെവിൻ എംബാബു, റെമോ ഫ്രീലർ, ഡെനിസ് സക്കറിയ, സ്റ്റീവൻ സുബർ, ഷെർദാൻ ഷാകിരി, ഹാരിസ് സെഫെറോവിക്, ബ്രീൽ എംബോളോ.
സ്പെയിൻ സാധ്യത ഇലവൻ (4-3-3): ഉനായ് സൈമൺ, സീസർ അസ്പിലിക്കുറ്റ, എറിക് ഗാർസിയ, അയമെറിക് ലാപോർട്ട്, ജോർഡി ആൽബ, കോക്ക്, സെർജിയോ ബുസ്‌ക്വറ്റ്സ്, പെഡ്രി, ഫെറാൻ ടോറസ്, അൽവാരോ മൊറാറ്റ, പാബ്ലോ സരബിയ.


യൂറോ കപ്പിലെ ക്വാർട്ടർ പോരാട്ടങ്ങളിൽ ഏവരും ആക്ഷയോടെ ഉറ്റു നോക്കുന്നത് ഇറ്റലി ബെൽജിയം മത്സരമാണ്. യൂറോയിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ള രണ്ടു ടീമുകൾ നേർക്കുനേർ വരുമ്പോൾ തീപാറും എന്നതിൽ സംശയമില്ല. ബെൽജിയമാവട്ടെ തങ്ങളുടെ ആദ്യ യൂറോ കിരീടം ലക്‌ഷ്യം വെക്കുമ്പോൾ 1968 നു ശേഷമുള്ള ആദ്യ കിരീടമാണ് ഇറ്റലി ലക്‌ഷ്യം വെക്കുന്നത്. ഗ്രൂപ് ഘട്ടം മുതലുള്ള എല്ലാ മത്സരങ്ങളിലും സമ്പൂർണ ആധിപത്യം പുലർത്തിയാണ് ഇരു ടീമുകളും ക്വാർട്ടറിലെത്തിയത്.

പ്രമുഖ താരങ്ങളുടെ പരിക്ക് ബെൽജിയത്തിനു തിരിച്ചടിയാവുമെങ്കിലും കരുത്തരായ ഇറ്റാലിയൻ ടീമിനെതിരെ പൊരുതാൻ ഉറച്ചു തന്നെയാണ് മാർട്ടിനെസിന്റെ ബെൽജിയം വെള്ളിയാഴ്ച ഇറങ്ങുന്നത്.പ്രി ക്വാർട്ടറിൽ ശക്തരായ പോർച്ചുഗലിനെ പരാജയപ്പെടുത്തി ആണ് ബെൽജിയം ക്വാർട്ടറിൽ എത്തുന്നത്.ഇന്ന് ബെൽജിയം നിരയിൽ അവരുടെ രണ്ടു പ്രധാന താരങ്ങൾ ഉണ്ടാകില്ല. ഹസാർഡും ഡി ബ്രൂയിനും പരിക്കിന്റെ പിടിയിലാതിനാൽ ഇന്ന് ഉണ്ടാകാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഇന്ന് ബെൽജിയത്തിന്റെ അറ്റാക്കിംഗ് ചുമതല മുഴുവൻ ലുകാകുവിന്റെ ചുമതലയാകും.

ജർമനിയിലെ മ്യൂണിക്കിൽ വെള്ളിയാഴ്ച രാത്രി 12 .30 ക്കാന് ഇരു ടീമുകളും കൊമ്പുകോർക്കുന്നത് .ഇറ്റലിയും ബെൽജിയവും ഇതുവരെ തങ്ങളുടെ എല്ലാ ഗെയിമുകളും ജയിച്ചാണ് ക്വാർട്ടറിൽ എത്തിയത്. പ്രീ ക്വാർട്ടറിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ഓസ്ട്രിയയെ അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ഫെഡറിക്കോ കിയെസ, മാറ്റിയോ പെസിന എന്നിവരുടെ ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.31 മത്സരങ്ങളിൽ അപരാജിതരായി എത്തുന്ന ഇറ്റലിയെ തോല്പിക്കുക ബെൽജിയത്തിന് അത്ര എളുപ്പമാക്കില്ല. ഈ വർഷം ആകെ ഒരു ഗോൾ മാത്രമേ ഇറ്റലി വഴങ്ങിയിട്ടുമുള്ളൂ.ഇറ്റലി നിരയിൽ ഇന്ന് കിയേലിനി തിരികെ എത്തും. എന്നാൽ ഫ്ലോറൻസി ഇന്നും ഉണ്ടാകില്ല. ലോകട്ടെല്ലി ആണോ വേരാട്ടി ആണോ മധ്യനിരയിൽ ആദ്യ ഇലവനിൽ ഉണ്ടാവുക എന്നത് ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ കളിയിൽ സബ്ബായി എത്തി നല്ല പ്രകടനം കാഴ്‌ചവെച്ച കിയെസയെയും പേസിനയെയും ചിലപ്പോൾ മൻസിനി ആദ്യ ഇലവനിലേക്ക് പരിഗണിച്ചേക്കും.

അന്തരാഷ്ട്ര മത്സരങ്ങളിൽ നേർക്ക്നേർ വന്നപ്പോൾ ഇറ്റലി റെഡ് ഡെവിൾസിനെതിരെ ശക്തമായ ആധിപത്യം പുലർത്തിയിട്ടുണ്ട്. ഇരു ടീമുകളും 22 തവണ ഏറ്റുമുട്ടിയപ്പോൾ 14 വിജയങ്ങൾ ഇറ്റലിയും നാല് വിജയങ്ങൾ ബെൽജിയവും നേടി.നാല് മത്സരങ്ങൾ സമനിലയായി. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇരു ടീമുകളും അഞ്ച് തവണ ഏറ്റുമുട്ടിയിട്ടുണ്ട് ഇറ്റലി രണ്ടുതവണ വിജയിച്ചപ്പോൾ രണ്ടു മത്സരങ്ങൾ സമനിലയിലായി. ഒരു മത്സരം ബെൽജിയം സ്വന്തമാക്കി. 2016 ൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇറ്റലി വിജയിച്ചു.

ബെൽജിയം സാധ്യത ഇലവൻ (3-4-3): കോർട്ടോയിസ്; ജാൻ വെർട്ടോൻ‌ഗെൻ, ടോബി ആൽ‌ഡർ‌വെയർ‌ഡ്, തോമസ് വെർ‌മെലെൻ; തോർഗൻ ഹസാർഡ്, ആക്സൽ വിറ്റ്സെൽ, യൂറി ടൈലെമാൻസ്, തോമസ് മുനിയർ; യാനിക് കാരാസ്കോ, ഡ്രൈസ് മെർട്ടൻസ്, റൊമേലു ലുകാകു.
ഇറ്റലി സാധ്യത ഇലവൻ (4-3-3): ജിയാൻ‌ലൂയിഗി ഡോണറമ്മ; ലിയോനാർഡോ സ്പിനാസോള, ജോർജിയോ ചിയേലിനി, ലിയോനാർഡോ ബോണൂച്ചി, ജിയോവന്നി ഡി ലോറെൻസോ; ജോർ‌ജിൻ‌ഹോ, മാനുവൽ ലോക്കറ്റെല്ലി, നിക്കോളോ ബറെല്ല; ഡൊമെനിക്കോ ബെരാർഡി, ലോറെൻസോ ഇൻസൈൻ, സിറോ ഇമ്മൊബൈൽ.