❝ പെനാൽറ്റി ഷൂട്ട് ഔട്ടിൽ സ്പെയിനിനെ നാട്ടിലേക്കയച്ച് അസൂറികൾ ഫൈനലിൽ ❞

സ്‌പെയ്‌നിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഇറ്റലി യൂറോ കപ്പിന്റെ ഫൈനലില്‍. നിശ്ചിത സമയത്തും അധികസമയത്തും ഇരുവരും ഓരോ ഗോള്‍ വീതം നേടി. ഫെഡറിക്കോ കിയേസയുടെ ഗോളിലൂടെ ഇറ്റലി മുന്നിലെത്തി. അല്‍വാരോ മൊറാട്ടയിലൂടെ സ്‌പെയ്ന്‍ മറുപടി നല്‍കി. എന്നാല്‍ പെനാല്‍റ്റി നഷ്ടമാക്കിയ മൊറാട്ട തന്നെ സ്‌പെയ്‌നിനെ തോല്‍വിയിലേക്ക് തള്ളിവിട്ടു. ഷൂട്ടൌട്ടില്‍ 4-2ന്‍റെ ജയമാണ് ഇറ്റലി സ്വന്തമാക്കിയത്. 2006ലെ ലോകകപ്പിനു ശേഷം ഒരു കിരീടം എന്ന ഇറ്റാലിയന്‍ സ്വപ്നം ഇതോടെ അടുത്ത് എത്തിയിരിക്കുകയാണ്. ഇംഗ്ലണ്ട്- ഡെന്‍മാര്‍ക്ക് മത്സരത്തിലെ വിജയികളെയാണ് ഇറ്റലി ഫൈനലില്‍ നേരിടുക.

ലോക റാങ്കിങ്ങില്‍ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളില്‍ ഉള്ള സ്‌പെയ്നും ഇറ്റലിയും നേര്‍ക്കുനേര്‍ വന്ന പോരാട്ടമായതിനാല്‍ ആരാധകര്‍ വളരെ ആവേശത്തോടെയാണ് ഈ മത്സരം നോക്കിക്കണ്ടത്. ഫൈനലിന് മുമ്പുളള ഫൈനല്‍ എന്നായിരുന്നു ആരാധകര്‍ ഈ മത്സരത്തെ വിശേഷിപ്പിച്ചിരുന്നത്. തുല്യ ശക്തികളായ ഇരു ടീമുകളും പതിവില്‍ നിന്ന് വിപരീതമായി ആക്ര മണ ശൈലിയിലായിരുന്നു തുടക്കം മുതലേ കളിച്ചത്. നാലാം മിനിട്ടില്‍ ഇറ്റലി താരം ബരെല്ല തകര്‍പ്പന്‍ ഗോള്‍ ശ്രമം നടത്തിയെങ്കിലും സൈഡ് റെഫറി ഓഫ് സൈഡ് വിളിച്ചു. 25ആം മിനിട്ടില്‍ സ്‌ട്രൈക്കര്‍ ഡാനി ഓല്‍മോയുടെ ഒരു ബുള്ളറ്റ് ഷോട്ട് ഇറ്റലി ഗോള്‍കീപ്പര്‍ തകര്‍പ്പന്‍ സേവിലൂടെ തടഞ്ഞിട്ടു.ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇറ്റാലിയൻ ലെഫ്റ്റ് ബാക്ക് എമേഴ്സണ് ഒരു അവസരം കിട്ടിയെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി.ആദ്യ പകുതിയില്‍ സ്‌പെയ്‌നിന് തന്നെയായിരുന്നു മുന്‍തൂക്കം. ചെറുതും വലുതുമായ അഞ്ച് ഗോള്‍ ശ്രമങ്ങല്‍ നടത്തി. മറുവശത്ത് ഇറ്റലിക്ക് തൊട്ടതെല്ലാം പിഴച്ചു. നിരന്തരം മിസ് പാസുകള്‍ നടത്തിയ ഇറ്റാലിയന്‍ താരങ്ങള്‍ക്ക് പൊസഷന്‍ നഷ്ടമാവുകയും ചെയ്തു. ഒരു ഗോള്‍ ശ്രമം മാത്രമാണ് ഇറ്റലിയുടെ ഭാഗത്തുനിന്നുണ്ടായത്.

രണ്ടാം പകുതിയിൽ കളിക്ക് വേഗത വന്നു. 52ആം മിനുട്ടിൽ ഒയെർസബാൾ വലതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ താരം ബുസ്കെറ്റ്സിന് പന്ത് കൈമാറി. പെനാൾട്ടി ബോക്സിന്റെ അതിരിൽ വെച്ച് ബുസ്കെററ്റ്സ് തൊടുത്ത് ഷോട്ട് ഗോൾ ബാറിന് തൊട്ട് മുകളിലൂടെയാണ് പുറത്ത് പോയത്.ഒരു മിനിട്ടിനുള്ളില്‍ ഇറ്റലിയുടെ ഭാഗത്തു നിന്നും പ്രത്യാക്ര മണം വന്നു. കിയേസയുടെ ഒരു ഗ്രൗണ്ടര്‍ സ്‌പെയ്ന്‍ ഗോള്‍ കീപ്പര്‍ സിമോണ്‍ കൈയ്യിലൊതുക്കി. എന്നാല്‍ 60ആം മിനിട്ടില്‍ കിയേസ തന്നെ ഇറ്റലിക്കായി ആദ്യ ഗോള്‍ നേടി.ഡോണരുമ നീട്ടിയടിച്ചു നല്‍കിയ പന്ത് സിറൊ ഇമ്മൊബീല്‍ സ്വീകരിച്ചു. സ്പാനിഷ് പ്രതിരോധ താരം ലാപോര്‍ട്ടെ വഴി മുടക്കിയെങ്കിലും പന്ത് കൃത്യമായി ഫെഡറിക്കോ കിയേസയുടെ കാലുകളിലെത്തി. താരത്തിന്റെ വലങ്കാന്‍ ഷോട്ട് പോസ്റ്റിലേക്ക താഴ്ന്നിറങ്ങി.


64-ാം മിനിട്ടില്‍ ഒയര്‍സബാലിന് തുറന്ന അവസരം ലഭിച്ചെങ്കിലും പാസിന് കൃത്യമായി തലവെയ്ക്കാന്‍ താരത്തിന് കഴിഞ്ഞില്ല. മത്സരം ശേഷിക്കാന്‍ 10 മിനിട്ട് ശേഷിക്കേ സ്‌പെയ്ന്‍ സമനില ഗോള്‍ നേടി. 80-ാം മിനിറ്റില്‍ മൊറാട്ടയിലൂടെ സ്‌പെയ്‌നിന്റെ മറുപടി ഗോള്‍. പകരക്കാരനായി ഇറങ്ങിയ താരമാണ് മൊറാട്ട. ടൂര്‍ണമെന്റിലൊന്നാകെ താരം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ മൊറാട്ട തന്നെ ടീമിന്റെ രക്ഷകനായി. ലാപോര്‍ട്ടയില്‍ നിന്ന് സ്വീകരിച്ച് പന്തുമായി മൈതാന മധ്യത്തിലൂടെ വന്ന മൊറാട്ട ഇറ്റാലിയന്‍ ബോക്‌സിന് പുറത്ത് വച്ച് ഓല്‍മോയ്ക്ക് കൈമാറി. ഓല്‍മോ വീണ്ടും മൊറാട്ടയ്ക്ക്. അടുത്ത ടച്ച് മൊറാട്ട ഗോളാക്കി മാറ്റി.പിന്നീട് നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും ഇരു ടീമിനും ഗോളൊന്നും നേടാന്‍ കഴിയാതെ വന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്കും നീങ്ങി.

ഇറ്റലിയുടെ ആദ്യ കിക്ക് എടുത്ത ലൊകടെല്ലിക്ക് പിഴച്ചു. ഉനായ് സിമൺ ഫുൾ ഡൈവിലൂടെ കിക്ക് സേവ് ചെയ്തു. സ്പെയിനിനായി ആദ്യ കിക്ക് എടുത്ത ഡാനി ഒൽമെ കിക്ക് ആകാശത്തേക്കും തൊടുത്തു. പിന്നീട് ബെലൊട്ടി, ബൊണൂചി, ബെർണഡസ്കി എന്നിവർ ഇറ്റലിക്കയും ജെറാഡ് മൊറേനോ, തിയാഗോ എന്നിവർ സ്പെയിനു വേണ്ടിയും വലയിൽ പന്തെത്തിച്ചു. പക്ഷെ നാലാം കിക്ക് എടുത്ത മൊറാട്ടയുടെ ഷോട്ട് ഡൊണ്ണരുമ്മ സേവ് ചെയ്തു. അവസാന കിക്ക് ജോര്‍ജിന്യോ ലക്ഷ്യത്തിലെത്തിച്ചതോടെ ഇറ്റലിയുടെ ജയം പൂര്‍ണമാക്കി.