യൂറോപ്പാ ലീഗിലെ ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളിൽ വൻ ടീമുകളായ എ.സി.മിലാൻ, ആഴ്സനൽ തുടങ്ങിയവർ മിന്നുന്ന ജയം നേടി. കരുത്തരായ ടോട്ടനവും നാപ്പോളിയും സമനിലകൊണ്ട് തൃപ്തിപ്പെട്ടപ്പോൾ ലെസ്റ്റർ സിറ്റി അപ്രതീക്ഷിത തോൽവി വഴങ്ങി.

സ്കോട്ടിഷ് സൂപ്പർ ക്ലബ് കെൽറ്റിക്കിനെതിരെ ത്രസിപ്പിക്കുന്ന തിരിച്ചുവരവിലൂടെയാണ് മിലാൻ ജയം നേടിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു മിലാൻ ജയിച്ചത്. മത്സരത്തിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ടോം റോജിക്കും, ഒഡ്സോനെ എഡ്വാർഡും നേടിയ ഗോളുകളിൽ കെൽറ്റിക്ക് മുന്നിലെത്തി. തുടർന്ന് ഹക്കാൻ ചാലനോലു, സാമു കാസ്റ്റലെയോ, ജെൻസ് ഹാഗ്, ബ്രാഹിം ഡയസ് എന്നിവർ നേടിയ ഗോളുകളിൽ മിലാൻ ജയം പിടിച്ചുവാങ്ങുകയായിരുന്നു.

ഓസ്ട്രിയൻ ക്ലബ് റാപിഡ് വെയിനെതിരെയാണ് ആഴ്സനലിന്റെ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്സനൽ വിജയം നേടിയത്. ഗണ്ണേഴ്സിനായി അലെസാന്ദ്രെ ലക്കാസെറ്റ്, പാബ്ലോ മാരി, എഡ്ഡി എൻകെതിയ, എമിൽ സ്മിത് റോ എന്നിരാണ് വലകുലുക്കിയത്. റോമ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യങ് ബോയ്സിനെ വീഴ്ത്തി.ടോട്ടനത്തെ സമനിലയിൽ തളച്ചത് ഓസ്ട്രിയൻ ക്ലബായ ലാസ്കാണ്. ഇരുടീമും മൂന്ന് ഗോൾ വീതം നേടി.

നാപ്പോളിയെ പിടിച്ചുകെട്ടിയതാകട്ടെ ഡച്ച് ക്ലബ് അൽക്ക്മാറും. ലെസ്റ്റർ സിറ്റിയെ അട്ടിമറിച്ചത് യുക്രൈൻ ക്ലബ് സോറിയ ലുഹാൻസ്കാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് യുക്രൈൻ സംഘത്തിന്റെ ജയം.