യൂറോപ്പ ലീഗിൽ ഞെട്ടിക്കുന്ന തോൽവിയുമായി ടോട്ടൻഹാം ; തകർപ്പൻ ജയത്തോടെ ആഴ്‌സണൽ

ഗംഭീര ഫോമിൽ മുന്നേറുന്ന ഇംഗ്ലീഷ് ക്ലബായ സ്പർസിന് ഒരു ഞെട്ടിക്കുന്ന തോൽവി. ബെൽജിയൻ ക്ലബായ ആന്റ്വെർപ് ആണ് സ്പർസിനെ പരാജയപ്പെടുത്തിയത്. യൂറോപ്പ ലീഗ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ആന്വെർപ് സ്പർസിനെ വീഴ്ത്തിയത്. കയ്യിലുള്ള എല്ലാ അറ്റാക്കിംഗ് താരങ്ങളെയും ഇറക്കിയിട്ടും മൗറീനോ ടീമിന് ഒരു ഗോൾ പോലും നേടാൻ ആയില്ല.

അവസാന 6 മത്സരങ്ങളിൽ 21 ഗോളുകൾ നേടിയ ടീമായിരുന്നു സ്പർസ്.ആദ്യ പകുതിയിൽ 29ആം മിനുട്ടിൽ റെഫലോവ് ആണ് സ്പർസിന്റെ വലയിലേക്ക് പന്ത് എത്തിച്ച് ജോസെയുടെ ടീമിനെ ഞെട്ടിച്ചത്. ബെയ്ല്, സോൺ, കെയ്ൻ, ലൂകാ മൗറ എന്നിവരൊക്കെ ഇറങ്ങിയിട്ടും യാതൊരു ഗുണവും ഉണ്ടായില്ല. രണ്ടാം പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും സ്പർസിനായില്ല. ഈ പരാജയത്തോടെ സ്പർസ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു.


യൂറോപ്പ ലീഗിൽ രണ്ടാം മത്സരത്തിലും മികച്ച ജയവുമായി ആഴ്സണൽ. ഐറിഷ്‌ ജേതാക്കൾ ആയ ഡുണ്ടൽക് എഫ്.സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ആഴ്സണൽ തകർത്തത്. വലിയ താരങ്ങൾക്ക് വിശ്രമം നൽകിയ ആർട്ടെറ്റ യുവ നിരയെ ആണ് കളത്തിലിറക്കിയത്. ഗോളിൽ അലക്‌സ് റുനേഴ്സനു തന്റെ ആഴ്സണൽ അരങ്ങേറ്റം ആയിരുന്നു ഇന്ന് ലഭിച്ചത്. മത്സരത്തിൽ പ്രതിരോധിച്ച് കളിച്ച ഐറിഷ്‌ ടീമിന് ആഴ്സണലിനെ നിരാശരാക്കാൻ ആയി. എന്നാൽ 42 മത്തെ മിനിറ്റിൽ യുവ മുന്നേറ്റനിര താരം എഡി നെക്തിയ ആഴ്സണലിന് ആദ്യ ഗോൾ സമ്മാനിച്ചു.
ആദ്യ ഗോൾ വീണു രണ്ടു മിനിറ്റിനുള്ളിൽ രണ്ടാം ഗോളും ആഴ്സണൽ നേടി. ഇത്തവണ വില്ലോക്ക് ആണ് ഇംഗ്ലീഷ് ടീമിനായി വല കുലുക്കിയത്.

രണ്ടാം പകുതി തുടങ്ങി 30 സെക്കന്റിനുള്ളിൽ വലത് കാലൻ അടിയിലൂടെ ഒരു അതിസുന്ദരമായ ഗോൾ കണ്ടത്തിയ നിക്കോള പെപെ ആണ് ആഴ്സണലിന്റെ മൂന്നാം ഗോൾ നേടിയത്. തുടർന്നും ആഴ്സണൽ ഗോൾ അവസരങ്ങൾ തുറന്നു എങ്കിലും ഐറിഷ്‌ ടീം പിന്നീട് ഗോൾ ഒന്നും വഴങ്ങിയില്ല. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരാൻ ആഴ്സണലിന് ആവും. ബി ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ റാപ്പിഡ് വിയന്നയെ മോൾഡ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു.