❝ സൂപ്പർ ലീഗിലേക്ക് 🏆 തിരഞ്ഞെടുത്ത
🦁⚽ ഇംഗ്ലീഷ് ക്ലബുകൾ 🖐🚫 പിന്മാറുന്നു ❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആറ് വമ്പന്മാർ ഉൾപ്പെടെ യൂറോപ്പിലെ 12 ക്ലബ്ബുകൾ കളിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗ് കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റയൽ മാഡ്രിഡും ബാഴ്സലോണയും യുവന്റസും മാഞ്ചസ്റ്റർ യുണൈറ്റഡും അടക്കം വമ്പൻ ക്ലബ്ബുകളെല്ലാം ഇതിന്റെ ഭാഗമാകും. എന്നാൽ പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം പ്രീമിയർ ലീഗ് ക്ലബായ ചെൽസി സൂപ്പർ ലീഗിൽ നിന്നും പിന്മാറാൻ ഒരുങ്ങുന്നു.ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം എന്നിവയാണ് ചെൽസിയെ കൂടാതെ പ്രീമിയർ ലീഗിൽ നിന്നും സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ക്ലബ്ബുകൾ.

ഞായറാഴ്ച യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചതിനുശേഷം, ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരും പണ്ഡിറ്റുകളും പങ്കെടുത്ത ക്ലബ്ബുകളെ വിമർശനങ്ങൾ കൊണ്ട് മൂടുകയാണ്.സ്ഥാപക ക്ലബ്ബുകൾക്ക് ഇ.എസ്.എല്ലിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് പരസ്യമായി പറഞ്ഞു, എന്നാൽ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും മത്സരത്തിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.


യുവേഫ ചാമ്പ്യൻസ് ലീഗ് പോലുള്ള നിലവിലെ മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരുന്നത് ക്ലബ്ബുകൾക്ക് വരുമാനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മുന്നിൽ കണ്ട് സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട പല ക്ലബ്ബുകളും വരും ദിവസങ്ങളിൽ ഇതിൽ അംഗമാവാൻ സാധ്യതയുണ്ടെന്നാണ്‌ അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ യൂറോപ്പിലെ ഏറ്റവും സാമ്പത്തിക അടിത്തറയുള്ള രണ്ടു ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റിക്കും, ചെൽസിക്കും സാമ്പത്തിക ബാധ്യതകളില്ല. ആരാധകരിൽ നിന്നും പൊതുജങ്ങളിൽ നിന്നും കനത്ത പ്രധിഷേധം ഏൽക്കേണ്ടി വന്നതാണ് ഇവർ മാറ്റിചിന്തിക്കേണ്ടി വന്നത്.

മാധ്യമങ്ങളിൽ വാർത്ത വരുന്നത് വരെ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന കാര്യം തനിക്കും തന്റെ കളിക്കാർക്കും അറിയില്ലെന്ന് പത്രസമ്മേളനത്തിൽ സംസാരിച്ച ചെൽസി മാനേജർ തോമസ് തുച്ചൽ പറഞ്ഞു. ക്ലബ് ശരിയായ തീരുമാനം എടുക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.നിലവിൽ പ്രീമിയർ ലീഗ് പട്ടികയിൽ ചെൽസി അഞ്ചാം സ്ഥാനത്താണ് . ഈ സീസണിലെ ആദ്യ നാല് സ്ഥാനങ്ങളിൽ ഇടം നേടി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുക എന്നതിലാണ് തുച്ചലിന്റെ ശ്രദ്ധ.

അടുത്തയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിൽ യൂറോപ്യൻ സൂപ്പർ ലീഗിന്റെ സ്ഥാപക ക്ലബ്ബുകളിലൊന്നായ റയൽ മാഡ്രിഡിനെ നേരിടും. അതിനിടയിൽ സൂപ്പർ ലീഗിന്റെ അടിയന്തിര പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രീമിയർ ലീഗും ഫുട്ബോൾ അസോസിയേഷനും യോഗം ചേരുകയും ചെയ്തു.