❝ആവേശം💪🔥നിറഞ്ഞു തുളുമ്പിയ യൂറോപ്യൻ ക്ലബ്⚽🏆ഫുട്‍ബോൾ വാരാന്ത്യം❞ ഒരു തിരിഞ്ഞു✍️🤩നോട്ടം…

സംഭവബഹുലമായ ഒരാഴ്ചയായിരുന്നു യൂറോപ്യൻ ഫുട്ബോളിൽ കടന്നു പോയത്. ബിഗ് ഫൈവ് ലീഗുകളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒഴിച്ചുള്ള ടോപ് സ്പോട്ടിലുള്ള ടീമുകൾക്കെല്ലാം നിരാശ നൽകുന്ന ഫലമായിരുന്നു പുറത്തു വന്നത്. ജർമൻ ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക്ക് തോൽവി അറിഞ്ഞപ്പോൾ, സ്പാനിഷ് ല ലീഗയിൽ അത്ലറ്റികോ മാഡ്രിഡ് ലെവന്റായോട് കീഴടങ്ങി.ഇറ്റാലിയൻ സിരി എ യിൽ മിലാൻ ഡെർബി വിജയിച്ച ഇന്റർ മിലാൻ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി.ഫ്രഞ്ച് ലീഗിൽ തോൽവി നേരിട്ട പിഎസ്ജി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

പ്രീമിയർ ലീഗിൽ തുടർച്ചയായ ജയങ്ങൾ സ്വന്തമാക്കിയ സിറ്റി എതിരാളികളില്ലാതെ മുന്നേറുകയാണ്.ആഴ്സനലിനോട് വിജയിച്ച മാഞ്ചസ്റ്റർ സിറ്റി ലീഗിലെ തുടർച്ചയായ 18 ആം വിജയത്തോടെ കിരീടത്തിലേക്ക് കുതിക്കുകയാണ്.25 മത്സരങ്ങളിൽ നിന്നും 59 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ 10 പോയിന്റ് ലീഡുമായാണ് സിറ്റി കിരീടത്തിലേക്ക് മുന്നേറുന്നത്.ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി ലെസ്റ്ററും ,ടോട്ടൻഹാമിനെ പരാജയപ്പെടുത്തി വെസ്റ്റ് ഹാമും ചെൽസിയെയും ലിവർപൂളിനേയും പിന്തള്ളി ആദ്യ നാലിൽ എത്തിയതാണ് ഈ ആഴ്ചയിലെ സവിശേഷത.കരുത്തരായ ടോട്ടൻഹാം ഒന്പതാം സ്ഥാനത്തും ,ആഴ്‌സണൽ പത്താമതുമാണ്. ഫുൾഹാം,വെസ്റ്റ് ബ്രോം ,ഷെഫീൽഡ് ടീമുകൾ റെലിഗെഷൻ സോണിലാണുള്ളത്. 17 ഗോളുമായി ലിവർപൂൾ താരം സലാം ടോപ് സ്കോറർമാരിൽ മുന്നിൽ നിൽക്കുന്നു. യുണൈറ്റഡിന്റെ ബ്രൂണോ ഫെർണാണ്ടസ് 15 ഗോളുമായി രണ്ടാം സ്ഥാനത്താണ്.

സ്പാനിഷ് ലാ ലീഗയിൽ വൻ ലീഡുമായി കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു സിമിയോണിയുടെ അത്ലറ്റികോ മാഡ്രിഡിന് കാലിടറി. അവസാന രണ്ടു മത്സരങ്ങളിൽ ഒരു സമനിലയും തോൽവിയും നേരിട്ട അത്ലറ്റികോ രണ്ടാമതുള്ള റയൽ മാഡ്രിഡിന് കൂടുതൽ അടുക്കാനുള്ള അവസരം കൊടുത്തു. 23 മത്സരങ്ങളിൽ നിന്നും 55 പോയിന്റുമായി അത്ലറ്റികോ ഒന്നാമത് നിൽക്കുമ്പോൾ 24 മത്സരങ്ങളിൽ നിന്നും തുടർച്ചയായ നാലു മത്സരങ്ങൾ വിജയിച്ച റയൽ മാഡ്രിഡ് 52 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. സമനില വഴങ്ങിയ ബാഴ്സ 23 മത്സരങ്ങളിൽ നിന്നും 47 പോയിന്റുമായി നാലാം സ്ഥാനത്തായി. ലീഗിൽ തുടർച്ചയായി 6 മത്സരങ്ങൾ വിജയിച്ച് 23 മത്സരങ്ങളിൽ നിന്നും 48 പോയിന്റുമായി സെവിയ്യ ബാഴ്‌സയെ മറികടന്നു മൂന്നാം സ്ഥാനത്തേക്കുയർന്നു . .16 ഗോളുകളുമായി ബാഴ്സലോണയുടെ മെസ്സിയും ,അത്ലറ്റികോ മാഡ്രിഡിന്റെ സുവാരസും മുന്നിട് നിൽക്കുന്നു. 14 ഗോളുമായി വിയ്യാറയൽ താരം മൊറേന മൂന്നാം സ്ഥാനത്താണ്.

മിലാൻ ഡെർബി ആരംഭിക്കുന്നതിനു മുൻപ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം ഒരു പോയിന്റ് മാത്രമായിരുന്നു .എന്നാൽ ഡെർബിയിൽ എ സി മിലാനെതിരെ നേടിയ തകർപ്പൻ ജയത്തോടെ ഇന്റർ നാലു പോയിന്റിന്റെ ലീഡ് നേടിയിരിക്കുകയാണ്. ലീഗിൽ 23 മത്സരങ്ങൾ അവസാനിച്ചപ്പോൾ 53 പോയിന്റുമായി ഇന്റർ ഒന്നാം സ്ഥാനത്തും അത്രയും മത്സരങ്ങളിൽ നിന്നും 49 പോയിന്റാണ് എ സി മിലാൻ നേടിയത്.അവസാന 5 ലീഗ് മത്സരങ്ങളിൽ മൂന്നിലും തോറ്റതാണ് മിലാണ് വിനയായത്.റൊണാൾഡോയുടെ ഇരട്ട ഗോളിൽ ക്രോട്ടൺ കീഴടക്കിയ യുവന്റസ് 22 മത്സരങ്ങളിൽ നിന്നും 45 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ബെനെവെന്റോയോട് സമനില വഴങ്ങിയെങ്കിലും 44 പോയിന്റുമായി റോമാ നാലാം സ്ഥാനത്തും . നാപോളിയെ പരാജയപ്പെടുത്തി അറ്റ്ലാന്റ 5 സ്ഥാനത്തുമെത്തി. 18 ഗോളുമായി റൊണാൾഡോ ടോപ് സ്കോററിൽ ഒന്നാമതും ,17 ഗോളുമായി ലുകാകു രണ്ടാമതുമാണ്.

ജർമൻ ബുണ്ടസ് ലീഗയിൽ എതിരാളികളില്ലാതെ കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു ബയേൺ മ്യൂണിക്കിന് തിരിച്ചടി.കഴിഞ്ഞ ദിവസം ഫ്രാങ്ക്ഫർട്ടിനോട് തോൽവി ഏറ്റുവാങ്ങിയ അവർക്ക് രണ്ടാം സ്ഥാനത്തുള്ള ലൈപ്സിസിഗുമായുള്ള പോയിന്റ് വ്യത്യാസം രണ്ടു പോയിന്റ് മാത്രമായി ചുരുങ്ങി.22 മത്സരങ്ങളിൽ നിന്നും 49 പോയിന്റാണ് ബയേണിനുള്ളത് , ഇന്നലെ ഹെർത്ത ബെർലിൻ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച ലൈപ്സിഗ് അത്രയും മത്സരങ്ങളിൽ നിന്നും 47 പോയിന്റ് നേടി പിന്നാലെ തന്നെയുണ്ട്.42 പോയിന്റുമായി വോൾഫ്സ്ബർഗും ,ഫ്രാങ്ക്ഫർട്ടും മൂന്നും നാലും സ്ഥാനത്തെത്തി. എന്നാൽ ശക്തരായ ഡോർട്മുണ്ട് 36 പോയിന്റുമായി ആറാം സ്ഥാനത്താണ്. 26 ഗോളുമായി ലെവെൻഡോസ്‌ഡസ്കി ടോപ് സ്കോററിൽ ഒന്നാം സ്ഥാനത്തും ,18 ഗോളുമായി ഫ്രാൻഫർട്ടിന്റെ പോർച്ചുഗീസ് സ്‌ട്രൈക്കർ ആന്ദ്രേ സിൽവ രണ്ടാമതും ,17 ഗോളുമായി ഹാലാൻഡ് മൂന്നാമതുമാണ്.

ഫ്രഞ്ച് ലീഗിൽ മോണക്കയോട് രണ്ടു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയ പിഎസ്ജി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് വീണു.26 മത്സരങ്ങളിൽ നിന്നും 58 പോയിന്റുമായി ലില്ലെയാണ് ഒന്നാം സ്ഥാനത്ത് .55 പോയിന്റുമായി ലിയോൺ രണ്ടാമതും, 54 പോയിന്റുമായി പിഎസ്ജി മൂന്നാമതുമാണ്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ പിഎസ്ജി യുടെ രണ്ടാം തോൽവി ആയിരുന്നു ഇന്നലത്തെ. 52 പോയിന്റുമായി മോണക്കായാണ് നാലാമത്. 16 ഗോളുമായി പാരീസ് താരം എംബാപ്പയാണ് ടോപ് സ്‌കോറർമാരിൽ ഒന്നാമത് , ലിയോണിന്റെ ഡച്ച് സ്‌ട്രൈക്കർ ഡിപെ 14 ഗോളുമായി രണ്ടാമതാണ്.