“റിങ്കു സിങ്ങിനെ പുറത്താക്കാൻ എവിൻ ലൂയിസ് എടുത്ത മാച്ച് വിന്നിങ് ക്യാച്ച്”

ബുധനാഴ്ച്ച (മെയ്‌ 18) നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ ലഖ്നൗ സൂപ്പർ ജിയന്റ്സ് 2 റൺസ് ജയം നേടി. കൂറ്റൻ സ്കോറുകൾ കണ്ട മത്സരത്തിൽ, കെകെആർ ഇന്നിംഗ്സിന്റെ അവസാന ഓവർ ആണ് ഫലം നിശ്ചയിച്ചത്. അവസാന ബോൾ വരെ നീണ്ടുനിന്ന ത്രില്ലർ മത്സരത്തിൽ, എൽഎസ്ജി താരം എവിൻ ലെവിസിന്റെ ഒരു കിടിലൻ ക്യാച്ച് ആണ് മത്സരത്തിന്റെ ഗതി മാറ്റിയത്.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത എൽഎസ്ജി, ഓപ്പണർ ക്വിന്റൻ ഡിക്കോക്കിന്റെ (70 പന്തിൽ 140*) സെഞ്ച്വറിയുടെയും ക്യാപ്റ്റൻ കെഎൽ രാഹുലിന്റെ (51 പന്തിൽ 68*) അർധ സെഞ്ച്വറിയുടെയും പിൻബലത്തിൽ 20 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 210 റൺസ് കണ്ടെത്തി. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ കെകെആറിന് ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി.

എന്നിരുന്നാലും, നിതിഷ് റാണ (22 പന്തിൽ 42), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (29 പന്തിൽ 50), സാം ബില്ലിംഗ്സ്‌ (24 പന്തിൽ 36) എന്നിവരുടെ കരുത്തിൽ കെകെആർ മികച്ച ഇന്നിംഗ്സ് കെട്ടിപ്പടുത്തു. അവസാന ഓവറുകളിൽ റിങ്കു സിംഗ് (15 പന്തിൽ 40), സുനിൽ നരെയ്ൻ (7 പന്തിൽ 21*) എന്നിവർ കൂടി തകർത്തടിച്ചതോടെ, ഒരു നിമിഷം കെകെആർ ജയത്തിലേക്ക് നീങ്ങുന്നു എന്ന് തോന്നിപ്പിച്ചു.

എന്നാൽ, അവസാന ഓവറിൽ 2 ബോളിൽ കെകെആറിന് ജയിക്കാൻ 3 റൺസ് വേണമെന്നിരിക്കെ, മാർക്കസ് സ്റ്റോയിനിസിനെ ഉയർത്തി അടിക്കാൻ ശ്രമിച്ച റിങ്കു സിംഗിനെ ഡീപ് കവറിൽ ഒരു ഒറ്റക്കയ്യൻ ക്യാച്ചിലൂടെ എവിൻ ലെവിസ് പുറത്താക്കുകയായിരുന്നു. ഇതോടെ, എല്ലാ വിജയപ്രതീക്ഷകളും മങ്ങി കെകെആർ നിർഭാഗ്യകരമായ പരാജയം ഏറ്റുവാങ്ങി.

Rate this post