❝ 🏆⚽ ലോകകപ്പിൽ 🇸🇦 സൗദിയുടെ പുതിയ
ആശയം പഠനത്തിനൊരുങ്ങി ഫിഫ ❞

ലോകകപ്പിൽ നിർണായക മാറ്റങ്ങൾ കൊണ്ട് വരാനൊരുങ്ങി ഫിഫ. ലോകകപ്പ് ഓരോ നാല് വർഷവും കൂടുമ്പോൾ നടത്തുന്നതിന് പകരം രണ്ട് വർഷം കൂടുമ്പോൾ നടത്താനുള്ള സാധ്യത തെളിയുന്നു. ഇക്കാര്യത്തിൽ സാധ്യതാപഠനം നടത്താനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. പുരുഷ,വനിതാ ലോകകപ്പുകളെ കാര്യത്തിലാണ് ഈ പഠനം. വെള്ളിയാഴ്ച നടന്ന ഫിഫയുടെ വാർഷിക കോൺ​ഗ്രസിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താമെന്ന നിർദേശം മുന്നോട്ടുവച്ചത് സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷനാണ്.

ഈ പ്രപ്പോസലിനെ വളരെ വിശദമായതും വ്യക്തതയുള്ളുമായാണ് ഫിഫ പ്രസി‍ഡന്റ് ജിയാനി ഇൻഫാന്റീനോ വിശേഷിപ്പിച്ചത്. തുടർന്നാണ് ഇതിൽ സാധ്യതാ പഠനം നടത്താമെന്ന് തീരുമാനിച്ചത്. ഭൂരിപക്ഷം അം​ഗങ്ങളും ഈ തീരുമാനത്തെ അം​ഗീകരിച്ചപ്പോൾ വളരെ കുറച്ചുപേർ മാത്രമാണ് എതിർത്തത്.സാധ്യതാ പഠനം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിനൊരു കാലാവധി ഇതുവരെ നിശ്ചയിച്ചിട്ടില്ല.


അതിനാൽ തന്നെ മാറ്റങ്ങൾ അം​ഗീകരിക്കപ്പെട്ടാൽ തന്നെ അത് ഉടനെയൊന്നും നടപ്പാക്കാൻ സാധ്യതയില്ല. തുറന്നമനസോടെയാണ് ഈ പഠൻത്തെ സമീപിക്കുകയെന്നും, എന്നാൽ തിടുക്കപ്പെട്ട തീരുമാനങ്ങളൊന്നും എടുക്കില്ലെന്നും ഇൻഫാന്റീനോ തന്നെ പറഞ്ഞതിായി ​ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.

വരുന്ന ലോകകപ്പുകളിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാനും ഫിഫ പദ്ധതിയിടുന്നുണ്ട്.2026 മുതൽ പുരുഷ വിഭാഗത്തിൽ 32 ന് പകരം 48 ടീമുകളും വനിതാ വിഭാഗത്തിൽ 2023 മുതൽ 24 ൽ നിന്നും 32 ആയി ഉയരും.