❝ ഞങ്ങൾക്ക് പഴയ ഭുവിയെ തിരിച്ചു കിട്ടി , ഇന്ത്യൻ വിജയം ആഘോഷിച്ച് ആരാധകർ ❞

ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം വീണ്ടും ആവേശം സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിലെ ടി :20 പരമ്പരക്കും ആവേശ തുടക്കം. ആദ്യ ടി :20യിൽ ലങ്കയെ 38 റൺസിന് തോൽപ്പിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുൻപിലെത്തി. ആവേശ പോരാട്ടത്തിൽ ടീം ഇന്ത്യയുടെ ബൗളിംഗ് നിരയുടെ കരുത്തിന് മുൻപിൽ ലങ്ക പതറിയപ്പോൾ അനായാസ ജയം സ്വന്തമാക്കുവാൻ ശിഖർ ധവാനും സംഘത്തിനും കഴിഞ്ഞു. ഏകദിനത്തിന് പിന്നാലെ ടി :20 ക്രിക്കറ്റിലും ഇന്ത്യൻ ടീം ക്യാപ്റ്റനായി അരങ്ങേറിയ ധവാൻ വീണ്ടും ജയത്തോടെ മത്സരം ഗംഭീരമാക്കി നാല് വിക്കറ്റ് മത്സരത്തിൽ വീഴ്ത്തിയ പേസ് ബൗളർ ഭുവനേശ്വർ കുമാറാണ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് ആദ്യ പന്തിൽ തന്നെ തിരിച്ചടി നേരിട്ടു. അരങ്ങേറ്റ ടി :20 മത്സരം കളിച്ച പൃഥ്വി ഷാ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി കരിയറിൽ നാണക്കേടിന്റെ റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. എന്നാൽ ശേഷം വന്ന മലയാളി താരം സഞ്ജു സാംസൺ തന്നെ സ്വതസിദ്ധ ശൈലിയിൽ കളിച്ചതോടെ സ്കോർ ഉയർന്നു. സഞ്ജു (27), ശിഖർ ധവാൻ (46)എന്നിവർ അതിവേഗം വിക്കറ്റ് നഷ്ടപെടുത്തിയെങ്കിലും സൂര്യകുമാർ യാദവിന്റെ മാസ്മരിക ബാറ്റിങ് പ്രകടനം ഇന്ത്യയെ ഭേദപെട്ട ഒരു സ്കോറിലേക്ക് എത്തിച്ചു.20 ഓവറിൽ 5 വിക്കറ്റ് മാത്രം നഷ്ടത്തിൽ 164 റൺസ് നേടിയ ഇന്ത്യൻ ടീമിനായി സൂര്യകുമാർ യാദവ് 34 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പെടെ 50 റൺസ് അടിച്ചെടുത്തു. ഹാർദിക് പാണ്ട്യ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. താരം 12 പന്തുകൾ നേരിട്ടെങ്കിലും ഒരു ബൗണ്ടറി പോലും നേടുവാൻ കഴിഞ്ഞില്ല.

എന്നാൽ മറുപടി ബാറ്റിങ്ങിൽ മികച്ച ഒരു തുടക്കം ലഭിച്ചിട്ടും അത് മുതലാക്കുവാൻ ലങ്കൻ ടീമിന് സാധിച്ചില്ല.അവിഷ്ക്ക ഫെർണാണ്ടോ തുടക്ക ഓവറുകളിൽ സ്കോറിങ് ഉയർത്തിയെങ്കിലും മറ്റുള്ള ബാറ്റ്‌സ്മാന്മാരിൽ അസലങ്ക മാത്രമാണ് മികച്ച പിന്തുണ നൽകിയത്.അവസാന 5 ഓവറിൽ 6 വിക്കറ്റ് അവശേഷിക്കവേ ലങ്കൻ ടീമിന് ജയിക്കുവാനുള്ള സാധ്യത ഏറെയുണ്ടായിരുന്നുവെങ്കിലും മികച്ച ബൗളിംഗ് പ്രകടനവുമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ കളംനിറഞ്ഞതോടെ കളി ഇന്ത്യക്ക് സ്വന്തമായി.അസലങ്ക 26 പന്തിൽ 3 സിക്സും 3 ഫോറും ഉൾപ്പെടെയാണ് 44 റൺസ് നേടിയത്. താരത്തെ പുറത്താക്കി ദീപക് ചഹാർ നിർണായക വിക്കറ്റും ഒപ്പം മത്സരവും സമ്മാനിച്ചു.

അതേസമയം ഇന്നലെ തന്റെ പഴയകാല പ്രകടനം മികവ് പുറത്തെടുത്ത പേസർ ഭുവനേശ്വർ കുമാർ മത്സരത്തിലെ പ്രധാന ഹീറോയായി മാറി. താരം അവസാന ഓവറുകളിൽ മത്സരത്തെ ലങ്കൻ ടീമിൽ നിന്നും മാറ്റി. ഭുവി എറിഞ്ഞ പതിനേഴാം ഓവറും പത്തൊൻപതാം ഓവറുമാണ് മത്സരത്തിൽ വഴിത്തിരിവായി മാറിയത്. രണ്ട് ഓവറിൽ കൂടി മൂന്ന് വിക്കറ്റ് വീഴ്ത്തി ഭുവി തന്റെ ക്ലാസ്സ്‌ തെളിയിച്ചു.3.3ഓവറിൽ വെറും 22 റൺസ് വഴങ്ങിയാണ് ഭുവി 4 വിക്കറ്റ് പിഴുതത്. പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.