❝ ഈ 🏆⚽യൂറോ കപ്പിൽ ⚽💔അവസരം
ലഭിക്കാതെ പോയ ⚽👌 പ്രമുഘരുടെ ലിസ്റ്റ് ❞

യൂറോ 2020 ൽ പങ്കെടുക്കുന്ന എല്ലാ ടീമുകളും അവരുടെ സ്ക്വാഡുകൾ പ്രഖ്യാപിചിരിക്കുകയാണ്. ദേശീയ ടീമിൽ ഇടം നേടി യൂറോ കപ്പിൽ കളിക്കുക എന്നത് ഏതൊരു താരത്തെയും സംബന്ധിച്ച് അവരുടെ വലിയ ലക്‌ഷ്യം തന്നെയാണ്. എന്നാൽ വിവിധ കാരണങ്ങളാൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പല താരങ്ങളെയും യൂറോയിൽ കാണാൻ സാധിക്കില്ല. പരിക്ക് മൂലം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, വിർജിൽ വാൻ ഡിജ്ക് എന്നിവർ പുറത്തായപ്പോൾ നോർവേ യോഗ്യത നേടാതിരുന്നതോടെ എർലിംഗ് ഹാലാൻഡ് യൂറോ നഷ്ടമായി . എന്നാൽ ടീമിൽ ഉൾപ്പെടും എന്ന് വിചാരിച്ചെങ്കിലും ഒഴിവാക്കപ്പെട്ട 5 പ്രധാന താരങ്ങൾ ആരാണെന്നു പരിശോധിക്കാം.

ജെസ്സി ലിംഗാർഡ് (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ യൂറോ ടീമിൽ നിന്നും പുറത്തായ ഇൻ ഫോം താരമാണ് ജെസ്സി ലിംഗാർഡ്. മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം അത്ര മികച്ച സീസൺ അല്ലയിരുന്നെങ്കിലും ജനുവരിയിൽ ലോണിൽ വെസ്റ്റ് ഹാമിൽ എത്തിയതോടെ മികച്ച ഫോമിലേക്കുയർന്നു . 28 കാരൻ വെസ്റ്റ് ഹാമിനെ യൂറോപ്പ ലീഗിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു. 16 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ലിംഗാർഡ് ഒമ്പത് ഗോളുകൾ നേടി നാല് അസിസ്റ്റുകൾ നൽകിയ ലിംഗാർഡ് പക്ഷെ യൂറോ ടീമിൽ ഇടം കണ്ടെത്താനായില്ല .മേസൺ മൗണ്ട്, ജാക്ക് ഗ്രീലിഷ്, ഫിൽ ഫോഡൻ എന്നി താരങ്ങളെ മറികടക്കാനായില്ല.എന്നിരുന്നാലും നിലവിലെ ഫോമിൽ യൂറോ കളിക്കേണ്ട താരം തന്നെയായിരുന്നു ലിംഗാർഡ്.

ജെറോം ബോട്ടെംഗ് (ജർമ്മനി)

കഴിഞ്ഞ വർഷം മാർച്ചിൽ ജർമ്മനി ദേശീയ ടീം കോച്ച് ജോക്വി ലോ, യൂറോ 2020 ന് തോമസ് മുള്ളർ, മാറ്റ്സ് ഹമ്മൽസ്, ജെറോം ബോട്ടെംഗ് എന്നിവരെ തിരഞ്ഞെടുക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും സ്ക്യുഡ് ലിസ്റ്റ് പുറത്തു വന്നപ്പോൾ ബോട്ടെംഗ് ഒഴിച്ചുള്ള രണ്ടു താരങ്ങളും ടീമിൽ ഇടം നേടി.2019 മുതൽ അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാത്ത ജെറോം ബോട്ടെങ്ങിനെ മാത്രം പരിശീലകൻ തിരിച്ചു വിളിച്ചില്ല. ഈ സീസണിൽ ബയേണിനായി നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ താരം ടീമിലുണ്ടാവുമെന്നു കരുതിയിരുന്നു. എന്നാൽ മാറ്റ്സ് ഹമ്മൽസ്, അന്റോണിയോ റൂഡിഗർ, നിക്ലാസ് സുലെ, മത്തിയാസ് ജിന്റർ എന്നിവരെ മറികടക്കാൻ ബോട്ടിങ്ങിനായില്ല.

ഇയാഗോ അസ്പാസ് (സ്പെയിൻ)

ഇയാഗോ അസ്പാസ് സ്പെയിനിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഈ സീസണിൽ ലാ ലീഗയിൽ സെൽറ്റ വിഗോക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരം 33 ലാ ലിഗ മത്സരങ്ങളിൽ നിന്നും 14 ഗോളുകൾ 13 അസിസ്റ്റുകൾ നൽകി. സ്പാനിഷ് ടീമിലേക്ക് ഒരു വിളി പ്രതീക്ഷിച്ചിരുന്ന 33 കാരന് ഒരു പ്രധാന ടൂർണമെന്റിൽ തന്റെ ദേശീയ ടീമിനായി തിളങ്ങാനുള്ള അവസാന അവസരമായിരുന്നു ഇത്. പക്ഷേ നിർഭാഗ്യവശാൽ ആ അവസരം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു.ജെറാർഡ് മൊറീനോയെയും അൽവാരോ മൊറാറ്റയെയും സെന്റർ ഫോർവേഡുകളായി തിരഞ്ഞെടുത്തു. മൊറീനക്ക് 2020 -21 മികച്ച സീസൺ ആയിരുന്നെങ്കിലും യുവന്റസിൽ അൽവാരോ മൊറാറ്റക്ക് മികച്ചതായിരുന്നില്ല.

തിയോ ഹെർണാണ്ടസ് (ഫ്രാൻസ്)

യൂറോ കപ്പിനുള്ള ഫ്രഞ്ച് ടീമിൽ ഇടം പിടിക്കാത്ത പ്രധാന താരമാണ് തിയോ ഹെർണാണ്ടസ്.സിരി എയിലെ എസി മിലാന് വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ തിയോ ഹെർണാണ്ടസിന് ടീമിൽ ഒരു ഇടം അർഹിച്ചിരുന്നു.റയൽ മാഡ്രിഡിൽ നിന്ന് റോസോനേരിയിൽ ചേർന്നതിനുശേഷം യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഫുൾ ബാക്കുകളിലൊന്നായി താരം മാറി. ഈ സീസണിൽ മിലാൻ വേണ്ടി 45 മത്സരങ്ങളിൽ നിന്ന് എട്ട് അസിസ്റ്റുകൾ 8 ഗോളുകളും നേടി. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഫ്രഞ്ച് ടീമിലേക്ക് ആദ്യമായി ഒരു വിളി അദ്ദേഹം പ്രതീക്ഷിച്ചെങ്കിലും നിർഭാഗ്യവശാൽ ഫ്രഞ്ച് സീനിയർ ടീമിലേക്ക് അരങ്ങേറ്റം കുറിക്കാൻ താരത്തിന് കാത്തിരിക്കേണ്ടി വരും.

സെർജിയോ റാമോസ് (സ്പെയിൻ

സെർജിയോ റാമോസ് ഇല്ലാതെ ഒരു വലിയ ടൂർണമെന്റിൽ സ്പെയിൻ കളിക്കുന്നത് വളരെ വിചിത്രമായാണ് തോന്നുന്നത്.റയൽ മാഡ്രിഡ് ക്യാപ്റ്റൻ സ്പാനിഷ് ദേശീയ ടീമിനായി 180 ക്യാപ്സ് നേടിയിട്ടുണ്ടെങ്കിലും യൂറോ 2020 ലെ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഈ സീസണിൽ പരിക്കുകളുമായി മല്ലിടുന്ന 35 കാരൻ ടീമിൽ ഇടം നേടാൻ യോഗ്യനല്ലെന്ന് സ്‌പെയിനിന്റെ മാനേജർ ലൂയിസ് എൻറിക് വെളിപ്പെടുത്തി. ജനുവരിയിൽ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ റാമോസ് 2021 ൽ റയൽ മാഡ്രിഡിനായി വെറും രണ്ട് മത്സരങ്ങളിൽ മാത്രമാണ് ആദ്യ ടീമിൽ എത്തിയത് . 2004 ന് ശേഷം ഒരു പ്രധാന ടൂർണമെന്റിനായി 35 കാരനെ സ്പെയിനിന്റെ ടീമിൽ നിന്ന് ഒഴിവാക്കുന്നത് ഇതാദ്യമാണ്.