മുൻ ഓസ്‌ട്രേലിയൻ താരം ഡീൻ ജോൺസ്‌ അന്തരിച്ചു

മുന്‍ ഓസ്ട്രേലിയന്‍ താരവും പ്രമുഖ കോച്ചും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. തന്റെ 59ാം വയസ്സിലാണ് താരത്തിന്റെ നിര്യാണം. മുംബൈയില്‍ വെച്ചാണ് താരം മരണപ്പെടുന്നത്. ഹൃദയസ്തംഭനമാണ് കാരണം. ഐപിഎലിന്റെ ഭാഗമായി സ്റ്റാര്‍ സ്പോര്‍ട്സിന്റെ കമന്ററി പാനലിന്റെ ഭാഗമായാണ് താരം ഇന്ത്യയിലെത്തിയത്.വിരമിച്ച ശേഷവും കമന്റേറ്ററെന്ന നിലയിലും കളി വിശകലനം ചെയ്തും ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു ജോണ്‍സ്. ലോകത്തിന്റെ പല ഭാഗങ്ങളിലുമായി നിരവധി ടൂര്‍ണമെന്റുകളിലും ലീഗുകളിലും സ്ഥിരം സാന്നിധ്യമായിരുന്നു ജോണ്‍സ്.

മെല്‍ബണില്‍ ജനിച്ച അദ്ദേഹം ഓസ്‌ട്രേലിയക്കു വേണ്ടി 52 ടെസ്റ്റുകളില്‍ നിന്നും 46.55 ശരാശരിയില്‍ 3651 റണ്‍സ് നേടിയിട്ടുണ്ട്. 216 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 11 സെഞ്ച്വറികളും നേടിയിട്ടുള്ള ജോണ്‍സ് ഇതിഹാസ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ നയിച്ച ഓസീസ് ടീമിലെ പ്രധാനപ്പെട്ട താരം കൂടിയായിരുന്നു. 52 ടെസ്റ്റുകള്‍ കൂടാതെ 164 ഏകദിനങ്ങളും ജോണ്‍സ് കളിച്ചു. ഏഴു സെഞ്ച്വറികളും 46 ഫിഫ്റ്റികളുമുള്‍പ്പെടെ 6068 റണ്‍സെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.