പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ബ്രസീൽ ക്യാപ്റ്റൻ ജാവോ മിറാൻഡ |Joao Miranda

മുൻ ബ്രസീൽ ക്യാപ്റ്റൻ മിറാൻഡ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2009 ഫിഫ കോൺഫെഡറേഷൻ കപ്പും 2019 കോപ്പ അമേരിക്കയും നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്ന മിറാൻഡ 2019 ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിചിരുന്നു.അത്‌ലറ്റിക്കോ മാഡ്രിഡ്, ഇന്റർ മിലാൻ തുടങ്ങിയ ക്ലബ്ബുകളിൽ കളിച്ചിട്ടുള്ള മിറാൻഡ ഇപ്പോൾ 38-ാം വയസ്സിൽ ബ്രസീലിയൻ ക്ലബ് സാവോപോളോയിൽ നിന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

2004-ൽ ബ്രസീലിയൻ ക്ലബ് കോറിറ്റിബയിൽ നിന്ന് തന്റെ സീനിയർ കരിയർ ആരംഭിച്ച മിറാൻഡ, ഫ്രഞ്ച് ക്ലബ് സോചൗക്‌സിനും ബ്രസീലിയൻ ക്ലബ് സാവോ പോളോയ്‌ക്കും കളിച്ചതിന് ശേഷം 2011-ൽ സ്പാനിഷ് വമ്പൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേർന്നു. അത്‌ലറ്റിക്കോ മാഡ്രിഡിലൂടെ ലാലിഗയിലെ മികച്ച ഡിഫൻഡർമാരിൽ ഒരാളായി വളർന്ന മിറാൻഡ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2014-ൽ ആ സീസണിലെ ലാ ലിഗയിലെ ഏറ്റവും മികച്ച പ്രതിരോധക്കാരനായി മിറാൻഡ നാമനിർദ്ദേശം ചെയ്യപ്പെട്ടു.17 വർഷത്തിന് ശേഷം അത്‌ലറ്റിക്കോ മാഡ്രിഡിനെ ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.അത്‌ലറ്റിക്കോ മാഡ്രിഡിനായി നാല് സീസണുകളിലായി 178 മത്സരങ്ങൾ കളിച്ച മിറാൻഡ 13 ഗോളുകൾ നേടി. പിന്നീട് 2015ൽ മിറാൻഡ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനിലെത്തി. നാല് സീസണുകളിലായി ഇന്റർ മിലാന് വേണ്ടി മിറാൻഡ 121 മത്സരങ്ങൾ കളിച്ചു. മിറാൻഡ പിന്നീട് 2019 ൽ യൂറോപ്യൻ ക്ലബ് ഫുട്ബോളിനോട് വിടപറയുകയും ചൈനീസ് ക്ലബ് ജിയാങ്സു സുനിംഗുമായി ഒപ്പുവെക്കുകയും ചെയ്തു. 2021-ൽ അദ്ദേഹം തന്റെ പഴയ ക്ലബ്ബായ സാവോപോളോയിലേക്ക് മടങ്ങി.

2009 മുതൽ 2019 വരെ ബ്രസീൽ ദേശീയ ടീമിനായി കളിച്ച മിറാൻഡ 58 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. സൗദി അറേബ്യയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിൽ നടന്ന 2018 സൂപ്പർക്ലാസിക്കോ ഡി ലാസ് അമേരിക്കസിൽ, ബ്രസീൽ അർജന്റീനയെ 1-0ന് പരാജയപ്പെടുത്തിയപ്പോൾ മിറാൻഡ ബ്രസീലിനായി മാച്ച് വിന്നിംഗ് ഗോൾ നേടി. എന്തായാലും ബ്രസീലുകാരുടെ പ്രിയപ്പെട്ട ഒരു ഇതിഹാസ താരം ഇപ്പോൾ പ്രൊഫഷണൽ ഫുട്ബോളിനോട് വിട പറഞ്ഞിരിക്കുകയാണ്.

5/5 - (1 vote)