
❝ഐസിസി അമ്പയറില്‍ നിന്ന് ചെരിപ്പ് കടയുടമയിലേക്ക്; ആസാദ് റൗഫിന്റെ ജീവിതം❞
2000 മുതൽ 2013 വരെ 170 അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള അമ്പയർ ആണ് പാകിസ്ഥാന്റെ ആസാദ് റൗഫ്. ഇതിൽ 49 ടെസ്റ്റുകളും 98 ഏകദിനങ്ങളും 23 ടി20കളും ഉൾപ്പെടുന്നു. ഐസിസി അമ്പയർമാരുടെ എലൈറ്റ് പാനലിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാൽ, വർഷങ്ങൾ പിന്നിട്ട് ഇന്ന് 2022-ൽ എത്തിനിൽക്കുമ്പോൾ, അതേ ആസാദ് റൗഫ് ഇപ്പോൾ ലാഹോറിലെ ലാൻഡ ബസാറിൽ ഒരു ഷോപ്പ് നടത്തുകയാണ്.
താൻ ഒരു കാര്യം ഉപേക്ഷിച്ചാൽ അത് പൂർണമായി ഉപേക്ഷിക്കുകയാണ് പതിവ്, അതുകൊണ്ട് തന്നെ ഇപ്പോൾ ക്രിക്കറ്റിനോട് ഒരു താൽപര്യവും ഇല്ല എന്നും ആസാദ് റൗഫ് പറഞ്ഞു. “എന്റെ ജീവിതത്തിലെ ഒരു നല്ല കാലം മുഴുവൻ ഞാൻ നിരവധി ഗെയിമുകളിൽ അമ്പയർ ചെയ്‌തിട്ടുണ്ട്. ഇനി എനിക്കതിൽ താൽപര്യമില്ല. 2013 മുതൽ ഞാൻ ഗെയിമുമായി ബന്ധപ്പെട്ടിട്ടില്ല, കാരണം ഞാൻ എന്തെങ്കിലും ഉപേക്ഷിച്ചാൽ ഞാൻ അത് പൂർണ്ണമായും ഉപേക്ഷിക്കും,” ഒരു പാക് വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ ആസാദ് റൗഫ് പറഞ്ഞു.

അന്താരാഷ്ട്ര മത്സരങ്ങൾക്ക് പുറമേ ഐപിഎൽ ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളിലും ആസാദ് റൗഫ് അമ്പയർ ആയിട്ടുണ്ട്. എന്നാൽ, ഐപിഎൽ 2013-ലെ ഒത്തുകളി വിവാദത്തിൽ പെട്ട് വാതുവെപ്പുകാരിൽ നിന്ന് വിലകൂടിയ സമ്മാനങ്ങൾ വാങ്ങിയെന്നാരോപിച്ച് ആസാദ് റൗഫിനെ അച്ചടക്ക സമിതി അഞ്ച് വർഷത്തേക്ക് വിലക്കിയിരുന്നു. “എനിക്ക് ഈ വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല, ആരോപണങ്ങൾ ബിസിസിഐയുടെ ഭാഗത്ത് നിന്ന് വന്നതാണ്, അവർ തന്നെ സ്വയം തീരുമാനമെടുക്കുകയും ചെയ്തു,” ആസാദ് റൗഫ് പറഞ്ഞു.

2012-ൽ, മുംബൈ ആസ്ഥാനമായുള്ള ഒരു മോഡലിൽ നിന്നുള്ള ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പേരിലും ആസാദ് റൗഫ് വാർത്തകളിൽ ഇടം നേടിയിരുന്നു. പാകിസ്ഥാൻ അമ്പയറുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെട്ട യുവതി, വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി ആസാദ് റൗഫ് പിന്നീട് അതിൽ നിന്ന് പിന്മാറി എന്ന് പരാതിപ്പെടുകയായിരുന്നു. പത്തുവർഷം മുമ്പ് ആരോപണം നിഷേധിച്ച റൗഫ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ നിലപാടിൽ ഉറച്ചുനിന്നു. “പെൺകുട്ടിയുടെ ആരോപണത്തിന് ശേഷവും ഞാൻ അടുത്ത സീസണിൽ ഐപിഎല്ലിൽ അമ്പയർ ആയിരുന്നു,” റൗഫ് പ്രതികരിച്ചു.