
സഞ്ജുവിന് കൂടുതൽ റൺ നേടാനുള്ള മാർഗം ഉപദേശിച്ച് മുൻ ഇന്ത്യൻ താരം
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഈ ഐപിഎൽ സീസൺ അദ്ദേഹത്തിന് വ്യക്തിപരമായി വളരെയധികം പ്രാധാന്യം ഏറിയതാണ്. സീസണിൽ മികച്ച വ്യക്തിഗത പ്രകടനം നടത്താൻ സാധിച്ചാൽ മാത്രമേ, വിക്കറ്റ് കീപ്പർ – ബാറ്റർ ആയ സഞ്ജുവിന് ദേശീയ ടീമിൽ തന്നെ സ്ഥാനം ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ. ഏകദിന ലോകകപ്പ് ഉൾപ്പെടെ ഈ വർഷം വരാനിരിക്കെ, സഞ്ജുവിന് മികച്ച ബാറ്റിംഗ് പ്രകടനം നടത്തേണ്ടതിന്റെ ആവശ്യം അനിവാര്യമാണ്.
സീസണിൽ രണ്ട് അർദ്ധ സെഞ്ച്വറി പ്രകടനം ഉൾപ്പെടെ ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു നടത്തിവരുന്നത്. കളിച്ച 7 മത്സരങ്ങളിൽ, മൂന്നെണ്ണത്തിൽ മികച്ച പ്രകടനം നടത്താൻ സഞ്ജുവിന് സാധിച്ചിരുന്നു. അതേസമയം, രണ്ട് മത്സരങ്ങളിൽ റൺ ഒന്നും എടുക്കാതെ പൂജ്യത്തിന് പുറത്തായ സഞ്ജു, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ യഥാക്രമം 2, 22 എന്നിങ്ങനെയാണ് സ്കോർ ചെയ്തിരിക്കുന്നത്. സ്ഥിരതയില്ലാത്ത ബാറ്റർ എന്ന സ്ഥിരം വിമർശനമാണ് ഇപ്പോഴും വിമർശകർ സഞ്ജുവിനെതിരെ ഉയർത്തുന്നത്.

എന്നാൽ, സഞ്ജുവിന് കൂടുതൽ റൺ സ്കോർ ചെയ്യാനുള്ള ഒരു മാർഗ്ഗം ഉപദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജു ബാറ്റ് ചെയ്യുമ്പോൾ ഗ്രൗണ്ട് മതിയാകാതെ വരുന്നു എന്ന് നേരത്തെ പറഞ്ഞ വ്യക്തിയാണ് ആകാശ് ചോപ്ര. കഴിഞ്ഞ മത്സരങ്ങളിലെ സഞ്ജുവിന്റെ മോശം ബാറ്റിംഗ് പ്രകടനമാണ്, അദ്ദേഹത്തിന് ഒരു ഉപദേശം നൽകാൻ ആകാശ് ചോപ്രയെ പ്രചോദിപ്പിച്ചിരിക്കുന്നത്. സഞ്ജുവിന്റെ ബാറ്റിംഗ് ഓർഡറിൽ വരുത്തേണ്ട ഒരു മാറ്റമാണ് മുൻ ഇന്ത്യൻ താരം നിർദ്ദേശിച്ചിരിക്കുന്നത്.
“ദേവ്ദത് പടിക്കൽ ആണ് കഴിഞ്ഞ മത്സരങ്ങളിൽ മൂന്നാമനായി ഇറങ്ങിയത്. വ്യക്തിഗത നിലയിൽ അദ്ദേഹത്തിന് ഇത് കൂടുതൽ റൺ നേടാനുള്ള അവസരം സൃഷ്ടിക്കും. എന്നാൽ അത് ടീമിന് ഗുണം ചെയ്യും എന്ന് ഞാൻ കരുതുന്നില്ല. സഞ്ജു മൂന്നാമനായി ക്രീസിൽ എത്തുന്നതായിരിക്കും ടീമിന് കൂടുതൽ ഗുണം ചെയ്യുക എന്നാണ് ഞാൻ കരുതുന്നത്. സഞ്ജുവിന് അവസരത്തിനൊത്ത് കളിക്കാൻ സാധിക്കും,” ആകാശ് ചോപ്ര പറഞ്ഞു.